കേരളം തിളയ്ക്കുന്നത് ആര്‍ക്കുവേണ്ടി ?

Wednesday 27 June 2018 1:20 am IST
പിണറായി ഉറഞ്ഞാല്‍ യുഡിഎഫിന് മിണ്ടാതിരിക്കാനാകുമോ? അവരും റെയില്‍മന്ത്രാലയത്തിന് മുന്നില്‍ പ്ലക്കാര്‍ഡും പിടിച്ചിരുന്നു. എന്തിനായിരുന്നു അത്? കഞ്ചിക്കോട് ഫാക്ടറി തന്നെ.

കീടനാശിനിയില്‍ മുങ്ങിയ പച്ചക്കറിയാണ് കേരളീയര്‍ക്കാശ്രയം. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമാണ് കേരളത്തിനുള്ള പച്ചക്കറിക്ക് വിത്തെറിയുന്നതും വിളയിക്കുന്നതും. പച്ചക്കറിയിലെങ്കിലും സ്വയംപര്യാപ്തത നേടുമെന്ന വാശി കേരളം ഭരിച്ച സര്‍ക്കാരുകള്‍ക്കെല്ലാമുണ്ടായിരുന്നു. വിത്തിടാനും വിളവെടുക്കാനും സംസ്ഥാനത്ത് വിയര്‍പ്പൊഴുക്കാന്‍ ആരും ഒരുക്കമല്ലെങ്കിലും വീണ്‍വാക്ക് ആവര്‍ത്തിക്കാന്‍ കൃഷിമന്ത്രിമാര്‍ ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. ആ ഉപ്പുവെള്ളം ശേഖരിച്ചുവച്ചിരുന്നെങ്കില്‍ ഓണത്തിനൊരുമുറം പാവയ്ക്കയെങ്കിലും വിളയിക്കാമായിരുന്നു. 

പരദേശികള്‍ വിഷാംശം നിറഞ്ഞ പച്ചക്കറി കഴിച്ചുശീലിച്ചവര്‍ ഇപ്പോള്‍ തിരിച്ചറിയുന്ന മറ്റൊരു വസ്തുതയുണ്ട്. സസ്യേതരക്കാരും അങ്ങനെ മേന്മ  നടിക്കണ്ട. പച്ചക്കറിയില്‍ മാത്രമല്ല, പച്ചമീനിലും വിഷമുണ്ടല്ലൊ. ആന്ധ്രയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും കേരളത്തിലേക്ക് റോഡ് മാര്‍ഗം നീന്തിയെത്തുന്നത് വിഷംചേര്‍ത്ത മീനാണത്രെ. മൃതദേഹം കേടാകാതെ സൂക്ഷിക്കുന്ന ഫോര്‍മലിനാണ് മീനില്‍ സ്‌പ്രേ ചെയ്യുന്നത്. ഇതിനകം ചെമ്മീനടക്കം പത്ത് ടണ്‍ ഫോര്‍മലിന്‍ പൂശിയ മീന്‍ പിടിച്ചെടുത്തു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിക്കാന്‍ ഉപയോഗിക്കുന്ന മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഫോര്‍മലിന്‍ ലായനിയിലാണ് സൂക്ഷിക്കുന്നത്. ജീവനുള്ള ശരീരത്തിനകത്ത് ഫോര്‍മലിന്‍ എത്തിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാവുക. ശ്വാസകോശരോഗം, അര്‍ബുദം, കരള്‍രോഗങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം കാരണമാകും. തലച്ചോറിനെയും നാഡീഞരമ്പുകളെയും ബാധിക്കും. നിശബ്ദ കൊലയാളിയെന്ന് ഫോര്‍മലിനെ വിശേഷിപ്പിക്കാം. ഇതിനെതിരെ കേരളത്തിലെ ഒരു കോണില്‍നിന്നും ഇളക്കം കണ്ടില്ല. 

അടുത്തിടെ മുന്നണികള്‍ രണ്ടും തിളയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തെത്തുന്നു എന്നതുതന്നെയാണ് ഈ തിരയിളക്കത്തിന് കാരണം. ഇടതുമുന്നണിയാണ് ആദ്യം ആരംഭിച്ചത്. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു! ഏത് കാര്യത്തില്‍ എന്നു കണ്ടെത്താന്‍ വര്‍ഷം രണ്ടെടുത്തു. ഒടുവില്‍ വിഷയം കിട്ടി. റെയില്‍വെ അവഗണന. പത്തുവര്‍ഷംമുമ്പ് കഞ്ചിക്കോട് കോച്ച് ഫാക്ടറി കേന്ദ്രം ഉപേക്ഷിക്കുന്നു. ആരാണിത് പറഞ്ഞത് എന്ന റെയില്‍മന്ത്രിയുടെ ചോദ്യത്തിന് ഉത്തരമില്ല. ഉപേക്ഷിക്കുന്നു, അത്രതന്നെ. ഇടതുമന്ത്രിമാര്‍ റെയില്‍ ഭവന് മുന്നില്‍ ധര്‍ണ നടത്തി. ഒകെ. സഹിക്കാം. പിറ്റേന്ന് പത്രവാര്‍ത്ത. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ കേരള മുഖ്യമന്ത്രിക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല. ഇത് ധിക്കാരം, അഹങ്കാരം അങ്ങനെ പോയി വിമര്‍ശനം. ഇതിനെക്കുറിച്ച് ചില കേന്ദ്രവിരുദ്ധ മാധ്യമങ്ങള്‍ മുഖപ്രസംഗങ്ങളും വച്ചുകാച്ചി. മുഖ്യമന്ത്രിയെ കാണാന്‍ കൂട്ടാക്കാത്ത റെയില്‍മന്ത്രി കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ കണ്ടു. കഞ്ചിക്കോട് കോച്ച് ഫാക്ടറി തന്നെയായിരുന്നു വിഷയം. കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാന്‍ ആലോചിച്ചിട്ടില്ലെന്നും ഫാക്ടറി തുടങ്ങാന്‍ താന്‍ നേരിട്ടിടപെടുമെന്നും വിഎസിന് മന്ത്രി ഉറപ്പുനല്‍കി. ഇതിന്റെ പേരില്‍ നിവേദനം സമര്‍പ്പിക്കാന്‍ വിഎസ് നേരിട്ട് വരേണ്ടിയിരുന്നില്ലെന്നു പിയൂഷ് ഗോയല്‍ വിനയപൂര്‍വം അറിയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ആന്റി ക്ലൈമാക്‌സ്.

പിണറായി വിജയന്‍ പറഞ്ഞു, താന്‍ റെയില്‍മന്ത്രിയെ കാണാന്‍ ഉദ്ദേശിച്ചില്ല, അതിനായി സമയം ചോദിച്ചില്ല. റെയില്‍വേ വികസനത്തിന് പ്രതീക്ഷിച്ച സഹകരണം കേരളം നല്‍കുന്നില്ലെന്ന മന്ത്രിയുടെ പ്രസ്താവന വിടുവായത്തമെന്ന് പറയാനും മുഖ്യമന്ത്രി മടിച്ചില്ല. ആര് പറയുന്നതാണ് വിടുവായത്തം? കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയം സംസ്ഥാനത്തിന്റെ പുതിയ റെയില്‍ പദ്ധതിക്ക് 50:50 എന്നതാണ്. പല സംസ്ഥാനങ്ങളും അതംഗീകരിച്ച് മുന്നോട്ടുപോയി. കേരളവും ആദ്യമത് സമ്മതിച്ചതാണ്. ഇപ്പോള്‍ മട്ട്മാറി.  മുഴുവന്‍ കേന്ദ്രം വഹിക്കണം. അതെങ്ങനെ ശരിയാകും എന്ന ചോദ്യത്തിന് ഉത്തരമില്ല. ഭൂമി ഏറ്റെടുത്ത് കൊടുക്കാനും തയ്യാറല്ല. ശബരിപാത മുടങ്ങിയത് ഭൂമി ഏറ്റെടുത്ത് കൊടുക്കാത്തതുകൊണ്ടാണ്. തിരുനാവായ-ഗുരുവായൂര്‍ പാത മുടങ്ങിയതും അതുകൊണ്ടാണ്. ഉള്ളതുപറഞ്ഞാല്‍ ഉറിയും ചിരിക്കും എന്നതുപോലെ ഉള്ളതുപറഞ്ഞപ്പോള്‍ പിണറായി വിജയനാണ് ഉറഞ്ഞുതുള്ളിയത്. 

പിണറായി ഉറഞ്ഞാല്‍ യുഡിഎഫിന് മിണ്ടാതിരിക്കാനാകുമോ? അവരും റെയില്‍മന്ത്രാലയത്തിന് മുന്നില്‍ പ്ലക്കാര്‍ഡും പിടിച്ചിരുന്നു. എന്തിനായിരുന്നു അത്?  കഞ്ചിക്കോട് ഫാക്ടറി തന്നെ. എ.കെ. ആന്റണി പ്ലാക്കാഡ് സമരം ഉദ്ഘാടനം ചെയ്തുപറഞ്ഞു, എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് സമരം നടത്തുമെന്ന്. നാണം എന്നൊരു പദത്തെക്കുറിച്ച് ബോധമുണ്ടെങ്കില്‍ എ.കെ. ആന്റണി ഇതുപറയുമോ? യുപിഎയുടെ പത്ത് വര്‍ഷത്തെ കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമനായിരുന്നു ആന്റണി. പിന്നെയും ഒമ്പത് പൊട്ടന്മാര്‍ മന്ത്രിസഭയിലുണ്ടായിരുന്നു. അന്ന് കഞ്ചിക്കോട് ഫാക്ടറിക്ക് ആരായിരുന്നു എതിരു നിന്നത്? കഞ്ചിക്കോടിനൊപ്പം പ്രഖ്യാപിച്ച രാഹുലിന്റെ മണ്ഡലത്തിലെ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങി. കഞ്ചിക്കോടിന്റെ കാര്യം വിസ്മരിച്ചതെന്തുകൊണ്ടാണ്? പത്ത് വര്‍ഷത്തിനിടയില്‍ ഒരു മൊട്ടുസൂചി ഫാക്ടറിയെങ്കിലും കേരളത്തിന് അനുവദിച്ചോ? റെയില്‍വേ സഹമന്ത്രിയായി ഒരു മലയാളിയും ഉണ്ടായിരുന്നല്ലൊ. സമ്മര്‍ദ്ദം ചെലുത്താന്‍ യുഡിഎഫ് ഉണ്ടായോ?  ആന്റണിയുണ്ടായോ? വി.എം. സുധീരനുണ്ടായോ? ഒന്നും നടത്താന്‍ കഴിയാത്ത ആറാട്ടുമുണ്ടന്മാര്‍ ഇപ്പോള്‍ തിളയ്ക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? എന്തിനുവേണ്ടിയാണ്?

 ഒന്നുറപ്പായി. എന്തെങ്കിലും നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനന് എന്തെങ്കിലും നടത്താനാകില്ല. നടത്തണമെങ്കില്‍ നരേന്ദ്രമോദി നയിക്കുന്ന സര്‍ക്കാരിനേ പറ്റൂ. ഇപ്പൊഴില്ലെങ്കില്‍ ഒരിക്കലുമില്ല. അതാണല്ലൊ, നിതിആയോഗിന്റെ യോഗത്തില്‍ നേരില്‍ക്കണ്ടപ്പോള്‍ നരേന്ദ്രമോദിയോട് പിണറായി വിജയന്‍ പറഞ്ഞത്, ''അങ്ങ് ഇടപെട്ട് കണ്ണൂര്‍ വിമാനത്താവളത്തെ സഹായിക്കണം. മോദി ഇടപെട്ടാലേ നടക്കൂ.'' പ്രധാനമന്ത്രി ആ ആഗ്രഹത്തെ അംഗീകരിക്കുകയും ചെയ്തു. അതിനുശേഷമാണ് പിണറായി പ്രധാനമന്ത്രിക്കെതിരെ തിളയ്ക്കാന്‍ തുടങ്ങിയത്. ഇത് ആരെ പറ്റിക്കാനാണ്? എല്ലാവരെയും എല്ലാവര്‍ക്കും അറിയാം. വെറുതെ ഊര്‍ജം കളഞ്ഞ് ക്ഷീണിക്കാതിരിക്കാനാണ് സ്വയം തീരുമാനിക്കേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.