'യോഗ' ശബ്ദം ഇല്ല തന്നെ !

Wednesday 27 June 2018 1:22 am IST

'യോഗ' എന്ന പദവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നതിനാലാണ് ഈ വിശദീകരണം. 2018 ജൂണ്‍ 24 ലെ ജന്മഭൂമിയുടെ വിചാരം പേജില്‍ വന്ന,  വിവരക്കേട് മുഖ്യമന്ത്രിക്ക് ഭൂഷണമല്ല എന്ന  ലേഖനത്തില്‍ 'യോഗ' എന്നൊരു ശബ്ദം സംസ്‌കൃത ഭാഷയിലില്ലെന്ന പരാമര്‍ശമാണ് പല സംശയങ്ങള്‍ക്കും  ചോദ്യങ്ങള്‍ക്കും ഇടയാക്കിയത്.

സംസ്‌കൃതത്തില്‍ 'യോഗഃ' എന്ന ശബ്ദം ഉണ്ട്. വ്യാകരണനിയമപ്രകാരം മറ്റ് ശബ്ദങ്ങളോടു ചേരുമ്പോള്‍ അതിന് പരിണാമമുണ്ടാകുകയും ചെയ്യും. ഉദാഹരണത്തിന് യോഗഃ + ചിത്തം = യോഗശ്ചിത്തം എന്നാകും. യോഗഃ കര്‍മസു കൗശലം (ഭഗവദ്ഗീത). അതുപോലെ മീത്തല്‍ (ം) ചേര്‍ന്ന് യോഗഃ യോഗമ് (മലയാളത്തില്‍ യോഗം) എന്നിങ്ങനെയും ഭവിക്കും. യോഗഃ + മ് = യോഗമ്. രാമഃ എന്ന സംസ്‌കൃതശബ്ദം മലയാളത്തില്‍ രാമന്‍ ആകുന്നതുപോലെ. യോഗഃ 'യോഗ' ആയിത്തീരുന്ന ഒരു വ്യാകരണപ്രക്രിയയും ഉള്ളതായി അറിയില്ല. യോഗഃ ശബ്ദത്തെ യോഗ ആക്കുന്നത് സമുദ്രം എന്നതില്‍ നിന്ന് അം കളഞ്ഞ് സമുദ്ര എന്ന് പറയുന്നതുപോലെയാണ്. അതിന് വ്യാകരണസമ്മതി ഇല്ല എന്നു തന്നെയാണ് എന്റെ അറിവ്.

സംസ്‌കൃതഭാഷയില്‍ നിന്ന് പദങ്ങള്‍ മലയാളത്തിലേക്കോ മറ്റേതെങ്കിലും ഭാഷയിലേക്കോ സ്വീകരിക്കുമ്പോള്‍ അവിടെ സംസ്‌കൃതവ്യാകരണ നിയമങ്ങള്‍ക്കു തന്നെ പ്രാധാന്യം കല്‍പ്പിക്കണമെന്ന പൂര്‍വസൂരികളുടെ നിര്‍ബന്ധം ഈ അവസരത്തില്‍ സ്മരിക്കുന്നു. വൈദികശബ്ദങ്ങള്‍ക്ക് അര്‍ഥം പറയുമ്പോള്‍ വളരെ സൂക്ഷിക്കുകയും ശ്രദ്ധിക്കുകയും വേണം. ചെറിയൊരു കൈപ്പിഴ പോലും വരുത്താതെ ഋഷിമാര്‍ അങ്ങേയറ്റം സൂക്ഷമതയോടെ കൈകാര്യം ചെയ്ത് വരുംതലമുറകള്‍ക്ക് പകര്‍ന്നതാണ്. ആ മാര്‍ഗം കഴിയുന്നത്ര പിന്തുടരാന്‍ ശ്രമിച്ചതിനാലാണ് 'യോഗ' എന്ന അര്‍ഥശൂന്യവും വികലവും അപൂര്‍ണവുമായ ശബ്ദ പ്രയോഗത്തെ വിമര്‍ശിക്കേണ്ടി വന്നതെന്നു മാത്രം.

പ്രശാന്ത് ആര്യ

സിപിഎമ്മിന്റെ ക്ഷേത്ര്രപവേശനം

ഭരണകക്ഷിയായ സിപിഎം, ക്ഷേത്രങ്ങളിലെ ജീവനക്കാരെ വച്ച് പുതിയ സംഘടന രൂപികരിക്കുന്നു. സിപിഎം നേതാവ് പി.ജയരാജന്റെ നേതൃത്വത്തിലാണ് രൂപീകരണം. ആദ്യ കണ്‍വന്‍ഷനില്‍ തന്നെ ശ്രീകൃഷ്ണജയന്തി ശോഭായാത്ര നടത്തുന്നത് വര്‍ഗ്ഗീയമാണെന്നും മതേതരം തകരുമെന്നും വാദിച്ചു. അതിനാല്‍ ക്ഷേത്രങ്ങള്‍ അതിന് വേദിയാകരുതെന്നും പറഞ്ഞു. 

കഴിഞ്ഞ വര്‍ഷത്തെ ശ്രീകൃഷ്ണജയന്തി എല്ലാവര്‍ക്കും ഓര്‍മ്മ കാണും. അതേ ദിവസം സിപിഎം 'മതേതരയാത്ര' നടത്തി പരാജയപ്പെട്ടിരുന്നു.വലിയ തിരിച്ചടിയായിരുന്നു സിപിഎംന് ഏറ്റത്. കാലാകാലങ്ങളായി നടത്തിവരുന്ന ശോഭയാത്ര വര്‍ഗ്ഗീയമാണെന്നും മതേതരത്തിനെതിരാണെന്നും  വിശ്വാസികള്‍ക്കിടയില്‍ പ്രചരിപ്പിച്ചെങ്കിലും ഭക്തജനങ്ങള്‍ ശോഭയാത്രയില്‍ പങ്കെടുത്തു.സിപിഎംന്റെ 'മതേതറയാത്ര' പൊളിയുകയും ചെയ്തു. 

ദിലീപ് കുമാര്‍ എം.എസ്.

ഉളിക്കല്‍

പിന്നാക്ക പ്രേമം വാക്കില്‍ മാത്രം പോര

പിന്നാക്ക സമുദായ സംവരണം സംബന്ധിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമിച്ച മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതെ കോള്‍ഡ് സ്റ്റോറജില്‍ വയ്ക്കുകയായിരുന്നു അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍.റിപ്പോര്‍ട്ട് നടപ്പാക്കുവാനോ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുവാനോ ആര്‍ജവം കാട്ടിയില്ല. പിന്നാക്ക സമുദായക്കാരന്‍ പോലുമായിരുന്നില്ലാത്ത, വി പി സിങ്ങിന്റെ സര്‍ക്കാരാണ് അതു നടപ്പാക്കിയത്. 

ഇന്ത്യയുടെ ചരിത്രത്തില്‍  ആദ്യമായി പിന്നാക്ക സമുദായങ്ങള്‍ക്ക്  കേന്ദ്ര സര്‍വീസില്‍ നിശ്ചിത ശതമാനം ജോലി സംവരണം ചെയ്തുകൊണ്ട് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി ഉത്തരവിട്ട വി പി സിങ്ങിനെ പിന്നാക്കവിഭാഗക്കാര്‍ ഇന്നും കാണുന്നത് അവരുടെ മിശിഹാ ആയിത്തന്നെയാണ്. പതിറ്റാണ്ടുകള്‍ പലത്തുകഴിഞ്ഞു. കേന്ദ്രസര്‍വീസുകളിലും സംസ്ഥാന സര്‍വീസുകളിലും  ജനസംഖ്യ അനുപാതത്തില്‍ 27 ശതമാനം സംവരണം നേടിയെടുക്കുവാന്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് ഇന്നും കഴിഞ്ഞിട്ടില്ല. പിന്നാക്ക സമുദായ വേദികളില്‍ സംവരണം കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് ആണയിടുന്ന രാഷ്ട്രീയ അധികാരിവര്‍ഗം  സവര്‍ണ്ണ സമുദായ വേദികളില്‍ സാമ്പത്തിക സംവരണത്തിന്റെ പ്രവാചകരാകുന്ന ഇരട്ട സമീപനമാണ് പ്രകടിപ്പിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ ജനസംഖ്യ അനുപാതികമായ സംവരണം വ്യവസ്ഥ ചെയ്യുവാന്‍ ഭരണഘടനാ ശില്പിയായ ഡോക്ടര്‍.അംബേദ്കറേ പ്രേരിപ്പിച്ച സാഹചര്യങ്ങള്‍ തന്നെയാണ് ഇന്നും രാജ്യത്തു നില നില്‍ക്കുന്നത്. നിയമ പരമായി നിശ്ചിത ശതമാനം നിയമനങ്ങള്‍ സംവരണ സമുദായങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നു ബോധ്യപ്പെടുത്തേണ്ട  നിയമനാധികാരികള്‍, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെയും ,പിന്‍വാതില്‍ വഴി നിയമനങ്ങള്‍ സ്വന്തക്കാര്‍ക്കു നല്‍കിയും, കരാര്‍ നിയമനങ്ങള്‍ നടത്തിയും, പിന്നാക്കക്കാരെ അധികാരത്തിന്റെ ഇടനാഴികളില്‍ നിന്നും അകറ്റി നിറുത്തുന്ന പ്രവണതയാണ് ഇക്കാലമത്രയും കണ്ടുവരുന്നത്.

കേന്ദ്രസര്‍ക്കാരിലും, സംസ്ഥാന സര്‍ക്കാരുകളിലും, പൊതുമേഖലയിലും, സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലും നിലവിലുള്ള സംവരണം എത്ര ശതമാനം വരുമെന്ന് പിന്നാക്ക ആഭിമുഖ്യമുള്ള  കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരുകളും പരിശോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും നല്ലൊരു ശതമാനം മന്ത്രിമാരും പിന്നാക്കവിഭാഗക്കാരായ കേന്ദ്രസര്‍ക്കാരിന് ഇന്ത്യയിലെ ബഹുലക്ഷം വരുന്ന പിന്നാക്ക ജന വിഭാഗങ്ങളോട് മുന്‍ സര്‍ക്കാരുകള്‍ കാണിച്ചിട്ടുള്ള ദ്രോഹപരമായ സമീപനത്തിന്റെ രൗദ്രമുഖം എത്രയെന്നു ഒരു അന്വേഷണത്തിന് മാത്രമേ പുറത്തുകൊണ്ടുവരുവാന്‍ കഴിയൂ. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുടെ നേതൃത്വത്തിലുള്ള

സര്‍ക്കാരിനു കഴിയണം. രാജ്യത്തെ നിയമ നിര്‍മാണ സഭകളായ ലോക്‌സഭയിലും, രാജ്യസഭയിലും, സംസ്ഥാന നിയമസഭ കളിലും, ത്രിതല പഞ്ചായത്തുകളിലും ജന സംഖ്യാനുപാതികമായി   പിന്നാക്ക വിഭാഗ ങ്ങള്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്യുവാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയണം.രാഷ്ട്രീയ കക്ഷികള്‍ക്കും അതിനു ബാധ്യതയുണ്ടാകണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു മാത്രമാണ്  ഇപ്പോള്‍ മേല്‍പറഞ്ഞ നിയമ നിര്‍മാണ സഭകളില്‍ നിയമപ്രകാരമുള്ള സംവരണ പ്രാതിനിധ്യമുള്ളത്. പാര്‌ലമെന്റിലായാലും, നിയമസഭകളിലായാലും ത്രിതല പഞ്ചായത്തുകളിലായാലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നിശ്ചിത ശതമാനം സീറ്റുകള്‍ സംവരണം ചെയ്യുന്നതായാല്‍ ,ഭരണ രംഗത്തുള്‍പ്പെടെ സാമുദായിക സന്തുലിതാവസ്ഥ എല്ലാ രംഗങ്ങളിലും നിലനിറുത്തുവാന്‍ കഴിയും.

അതോടൊപ്പം ഇന്ത്യയിലെ ക്രൂരമായ ജാതി വ്യവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ സര്‍ക്കാര്‍ ആലോചിക്കണം. സ്വജാതികളില്‍ നിന്നുള്ള വിവാഹം നിയമം മൂലം നിരോധിക്കുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി.ഇങ്ങിനെ നിയമം നടപ്പായാല്‍ അടുത്ത തലമുറയെങ്കിലും ജാതിരഹിതമാകുകയും സംവരണം ഭരണഘടനാ ഭേദഗതിയിലൂടെ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും ചെയ്യാം. 

കുടശനാട് എന്‍ മുരളി,

പന്തളം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.