പയ്യന്നൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് വ്യവസായം നഷ്ടത്തില്‍ അനിശ്ചിതകാല സമരമെന്ന് ബസ്സുടമകള്‍

Tuesday 26 June 2018 10:41 pm IST

 

കണ്ണൂര്‍: ജില്ലയിലെ കെഎസ്ആര്‍ടിസിയുടെ അതിവ്യാപനം കാരണം സ്വകാര്യ ബസുകള്‍ വളരെയധികം സാമ്പത്തിക നഷ്ടം സഹിച്ചാണ് സര്‍വ്വീസ് നടത്തുന്നതെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കണ്ണൂര്‍ പഴയങ്ങാടി പയ്യന്നൂര്‍ റൂട്ടില്‍ െ്രെപവറ്റ് ബസുകളുടെ മുന്നിലും പിന്നിലുമായി കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു. ആയതിനാല്‍ മത്സര ഓട്ടത്തിനും തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റത്തിനും സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്യുന്നതായി ഭാരവാഹികള്‍ ആരോപിച്ചു. കോഴിക്കോട് ഡിപ്പോയില്‍ 14,000 രൂപയോളം കലക്ഷന്‍ ലഭിക്കുന്ന കെഎസ്ആര്‍ടിസി ബസുകളാണ് കണ്ണൂര്‍, പയ്യന്നൂര്‍ ഡിപ്പോയിലേക്ക് കൈമാറിയിരിക്കുന്നത്. ഒരു യാത്രാക്ലേശവുമില്ലാതെ രണ്ട് മിനുട്ട് കൂടുമ്പോള്‍ സര്‍വ്വീസ് നടത്തുന്ന പ്രസ്തുത റൂട്ടില്‍ എന്തിനാണ് ഇത്രയധികം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നതെന്നും ഭാരവാഹികള്‍ ചോദിച്ചു. കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നതിന്റെ ഫലമായി സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ക്ക് 8000 രൂപ വരെ നഷ്ടമാണുണ്ടാകുന്നത്. 

ഏകദേശം 5500 രൂപ ഡീസലടിക്കുവാനും തൊഴിലാളികളുടെ വേതന ഇനത്തില്‍ 2700 രൂപയും ബസ് സ്റ്റാന്റ് ഫീ 150 രൂപയും സ്റ്റാന്റ് ഏജന്റുമാര്‍ക്ക് 100 രൂപയും വാഹനം കഴുകാന്‍ 150 രൂപയും ചെലവാകും. കൂടാതെ അനുബന്ധചെലവുകളും ഭാരിച്ചതാണ്. ഇത്തരത്തില്‍ 600 രൂപ ദിനം പ്രതി നഷ്ടത്തിലാവുകയാണ്. ഈ റൂട്ടില്‍ നഷ്ടം കാരണം സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കാന്‍ ബസുടമകള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിരവധി യാത്രക്കാരെയും വിദ്യാര്‍ഥികളെയും ഇത് ബാധിക്കുമെന്നതിനാലാണ് തുടര്‍ന്ന് സര്‍വീസ് നടത്താന്‍ തീരുമാനിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രസ്തുത റൂട്ടില്‍ നിന്നും കുറച്ച് കെഎസ്ആര്‍ടിസി ബസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ കമ്മറ്റി ഭാരവാഹികളുടെ ആവശ്യം. ഇല്ലെങ്കില്‍ ഈ റൂട്ടിലെ മുഴുവന്‍ സ്വകാര്യ ബസുകളും അനിശ്ചിതകാലത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവെക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും ചെയര്‍മാന്‍ എം.വി.വത്സലന്‍, വൈസ് ചെയര്‍മാന്‍ രാജ്കുമാര്‍ കരുവാരത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.