കേരള കണ്ണീര്‍ത്തട ബില്‍

Wednesday 27 June 2018 1:24 am IST
നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തി ബഹുരാഷ്ട്രകുത്തകകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് പട്ടുപരവതാനി വിരിക്കാനാണ് ഇടതു സര്‍ക്കാര്‍ കച്ചകെട്ടിയിരിക്കുന്നത്. പാടവരമ്പില്‍ രണ്ട് വാഴ നട്ടത് വെട്ടിനിരത്തി കൃഷിഭൂമിക്കുവേണ്ടി അഭിമാനത്തോടെ നെഞ്ചുവിരിച്ചു നടന്നവര്‍ സഭയില്‍ ഉള്ളപ്പോഴാണ് വ്യാപകമായി വയലും തണ്ണീര്‍ത്തടവും നികത്താന്‍ അവസരം ഒരുങ്ങിയിരിക്കുന്നത്.

രിതസമൃദ്ധ കേരളഭൂമി എന്ന മഹത്വവും സുന്ദരവുമായ പ്രയോഗം ഇനി മുതല്‍ 'ഊഷര ദുസ്സഹ കേരളഭൂമി' എന്നായാല്‍ അത്ഭുതപ്പെടാനില്ല. കേരള നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയ 'കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണഭേദഗതി ബില്‍' അതിന്റെ ചവിട്ടുപടിയാണ്. വാസ്തവത്തില്‍ 'നെല്‍വയല്‍ കണ്ണീര്‍ത്തട' ബില്‍ ആണ് നിയമമായി മാറിയിരിക്കുന്നത്. പരിസ്ഥിതിദിനവും ഭൂസംരക്ഷണവും ഉള്‍പ്പെടെ മാനവരാശിയുടെ പ്രാണവായുവായ പല കാര്യങ്ങള്‍ക്കുമായി ആഗോളസമൂഹം പ്രതിജ്ഞാബദ്ധരായി രംഗത്തിറങ്ങുമ്പോഴാണ് ദൈവത്തിന്റെ വരദാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തെ ഊഷരമാക്കാന്‍ ജനപ്രതിനിധികള്‍ ഒറ്റക്കെട്ടാവുന്നത്. ഇത് ദുരന്തമല്ല, മഹാവിസ്‌ഫോടനത്തിന് തിരികൊളുത്തലാണ്. നെല്ലറകളുടെ വിശാലഭൂമിക പതിയെപ്പതിയെ ഒരു മണി നെല്ല് വിളയിക്കാന്‍ പറ്റാത്ത പ്രേതഭൂമിയായി മാറാന്‍ പോവുകയാണ്. ശരിക്കു പറഞ്ഞാല്‍ അടുത്ത തലമുറയെ വറചട്ടിയില്‍ ഇട്ട് പൊരിക്കാന്‍ തയ്യാറെടുക്കുകയാണ്.

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തി ബഹുരാഷ്ട്രകുത്തകകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് പട്ടുപരവതാനി വിരിക്കാനാണ് ഇടതു സര്‍ക്കാര്‍ കച്ചകെട്ടിയിരിക്കുന്നത്. പാടവരമ്പില്‍ രണ്ട് വാഴ നട്ടത് വെട്ടിനിരത്തി കൃഷിഭൂമിക്കുവേണ്ടി അഭിമാനത്തോടെ നെഞ്ചുവിരിച്ചു നടന്നവര്‍ സഭയില്‍ ഉള്ളപ്പോഴാണ് വ്യാപകമായി വയലും തണ്ണീര്‍ത്തടവും നികത്താന്‍ അവസരം ഒരുങ്ങിയിരിക്കുന്നത്. സിപിഎമ്മിന്റെ ഈദൃശ നിലപാടുകള്‍ക്കെതിരെ വര്‍ദ്ധിതവീര്യരായി രംഗത്തുണ്ടായിരുന്ന സിപിഐ മന്ത്രിമാരും വാലുംചുരുട്ടി മാളത്തിലൊളിക്കുന്ന സ്ഥിതിയും ഇതിനൊപ്പം ചേര്‍ത്തു കാണണം. റവന്യൂ മന്ത്രിക്കും കൃഷി മന്ത്രിക്കും അല്‍പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ദുരന്തപര്യവസായിയാവുന്ന ഈ നിയമത്തിന് സിപിഐ കൈയൊപ്പുചാര്‍ത്തില്ലായിരുന്നു. കേരളം വിപണി സംസ്ഥാനമാവുന്നു എന്ന വിലാപം ഉയരുമ്പോഴാണ് അത് വ്യാപകമായി ശക്തിയാര്‍ജ്ജിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നത്. ഇടനിലക്കാരും ഒത്താശക്കാരും സര്‍ക്കാരിനെ എമ്മട്ടില്‍ പാവ കളിപ്പിക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്. 

പല താല്‍പ്പര്യങ്ങളും ഒന്നിച്ചുകൂട്ടി ഭരണകക്ഷിയെ മുള്‍മുനയില്‍ നിര്‍ത്തിയാവണം ഇത്തരമൊരു നിയമനിര്‍മ്മാണത്തിന് നിര്‍ബന്ധിച്ചത്. എനിക്കുശേഷം പ്രളയം ആയാലെന്ത് എന്ന ചിന്ത അതിന് ശക്തി പകരുകയും ചെയ്തു. ദൂരക്കാഴ്ചയില്ലാത്ത നേതാക്കളുടെ കുടില സമീപനങ്ങള്‍ സംസ്ഥാനത്തെ നിത്യദുരിതത്തിലേക്കാവും നയിക്കുക എന്നതിന് തെളിവുകള്‍ തേടി പോകേണ്ടതില്ല. നമ്മുടെ മുമ്പില്‍ ഇപ്പോള്‍ തന്നെ അവ വേണ്ടുവോളമുണ്ട്. അതിനി വര്‍ദ്ധിച്ചതോതില്‍ ഉണ്ടാവുമെന്നേയുള്ളൂ. ഏതു നിയമത്തിലുമുള്ള പഴുതുകളാണ് നിയമലംഘകര്‍ ഉപയോഗിക്കുക, ഇപ്പോള്‍ പാസാക്കിയിരിക്കുന്ന തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്ലിലും അത് ധാരാളമായുണ്ട്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായേ നികത്തൂ എന്ന് മുഖ്യമന്ത്രി ചര്‍ച്ചക്കിടെ പറഞ്ഞെങ്കിലും അക്കാര്യം നിയമത്തില്‍ സൂചിപ്പിച്ചിട്ടില്ല. പൊതു ആവശ്യങ്ങള്‍ക്കായി നികത്താം എന്നാണുള്ളത്. എന്തും പൊതു ആവശ്യമാക്കി മാറ്റാനാണോ കൈയേറ്റക്കാര്‍ക്ക് ബുദ്ധിമുട്ട്? വെള്ളരിക്കാപട്ടണം എന്ന പ്രയോഗം കേരളത്തിന് അന്വര്‍ത്ഥമാണെന്ന് മനസ്സിലാവാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം? കേരളത്തോട് സ്‌നേഹമുണ്ടെങ്കില്‍, ഇവിടുത്തുകാരോട് ഇത്തിരി കടപ്പാടുണ്ടെങ്കില്‍ ഈ ക്രൂരതയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.