ലൈഫ്: സ്നേഹഭവനം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Tuesday 26 June 2018 10:44 pm IST

 

കണ്ണൂര്‍: ലൈഫ് ഭവന പദ്ധതി പ്രകാരം പെരിങ്ങോം- വയക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മടക്കാംപൊയിലില്‍ നിര്‍മ്മിക്കുന്ന സ്നേഹഭവനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.നളിനി നിര്‍വഹിച്ചു. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു വീടുകളാണ് സിഡിഎസിന്റെ നേതൃത്തില്‍ പൂര്‍ണ്ണമായും സൗജന്യമായി നിര്‍മ്മിച്ച് നല്‍കുന്നത്.

മേഴ്സണ്‍ ട്രെയിനിങ്ങിന്റെ ഭാഗമായി 53 ദിവസം പരിശീലനം ലഭിക്കുന്ന വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ നാലു ലക്ഷത്തോളം രൂപ സമാഹരിച്ചാണ് കുടുംബശ്രീ രണ്ടു വീടുകള്‍ നിര്‍മ്മിക്കുന്നത്. പഞ്ചായത്ത് പരിധിയിലെ കുടുംബശ്രീ അംഗങ്ങളില്‍ നിന്നാണ് ഇതിന് തുക കണ്ടെത്തിയത്. പദ്ധതിയിലേക്ക് പ്രതീക്ഷിച്ചതിലധികം സാമ്പത്തിക സഹായം ലഭിച്ചപ്പോള്‍ രണ്ടു വീടുകള്‍ നിര്‍മ്മിക്കാന്‍ സിഡിഎസ് തയ്യാറെടുക്കുകയായിരുന്നു.

13-ാം വാര്‍ഡിലെയും 3-ാം വാര്‍ഡിലെയും ഓരോ അംഗങ്ങള്‍ക്കാണ് സിഡിഎസ് സ്നേഹഭവനം നിര്‍മ്മിച്ച് നല്‍കുന്നത്. 35 അംഗങ്ങളാണ് നിര്‍മ്മാണ പരിശീലനത്തില്‍ ഏര്‍പ്പെടുന്നത്. സ്നേഹഭവനത്തിനു പുറമെ പഞ്ചായത്ത് പരിധിയിലെ ലൈഫ് ഭവന പദ്ധതിയില്‍പ്പെടുന്ന വീടുകളുടെ നിര്‍മ്മാണവും പരിശീലനം ലഭിച്ച അംഗങ്ങള്‍ തന്നെയാണ് നടത്തുക.

ആലപ്പുഴയിലെ എക്‌സാത്ത് എന്ന കുടുംബശ്രീ മിഷന്റെ നിര്‍മ്മാണ മേഖലയിലെ അംഗീകൃത ഏജന്‍സിയുടെ സാങ്കേതിക സഹായത്തോടെയാണ് ജില്ലാമിഷന്‍ നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നത്. 

മടക്കാംപൊയിലില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രകാശന്‍ അദ്ധ്യക്ഷയായി. ജില്ലാ ലൈഫ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ മുഖ്യാതിഥിയായിരുന്നു. മേഴ്സണ്‍ ഗ്രൂപ്പിന്റെ ട്രെയിനിങ്ങ് ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് നിര്‍വഹിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.