പരിയാരം മെഡിക്കല്‍ കോളേജ്: സര്‍ക്കാര്‍ നിലപാട് സംശയാസ്പദം

Tuesday 26 June 2018 10:47 pm IST

 

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് അധികൃതരുടെ നിലപാടുകള്‍ സംശയാസ്പദം. സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം വന്ന് മാസങ്ങളായെങ്കിലും ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല. 

സഹകരണ മേഖലയിലുള്ള ആദ്യത്തെ മെഡിക്കല്‍ കോളേജായ പരിയാരം മെഡിക്കല്‍ കോളേജ് 1993 ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. 2018 ഏപ്രില്‍ 11 ന് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം ജനറല്‍ ഒപി സൗജന്യമാക്കിയിട്ടുണ്ടെങ്കിലും ഇത് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയെ മറിക്കടക്കാന്‍ വേണ്ടി മാത്രമാണ്. നേരത്തെ രണ്ട് തവണ പരിയാരത്ത് ആവശ്യമായ രോഗികളില്ലാത്തതിനാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കിയിരുന്നില്ല. ഒപി സൗജന്യമാക്കിയാല്‍ കൂടുതല്‍ രോഗികളെത്തുമെന്നും അടുത്ത മാസം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന നടക്കുന്ന സമയത്ത് ആവശ്യത്തിന് രോഗികളുണ്ടാകുമെന്നുമാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ ജനറല്‍ വിഭാഗത്തില്‍ ഒപി ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും സൂപര്‍ സ്‌പെഷ്യാലിറ്റിയില്‍ ഇതുവരെയും ഇളവ് നല്‍കിയിട്ടില്ല. മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയ്ക്ക് ശേഷം സൗജന്യ ഒപി സംവിധാനം നിര്‍ത്തലാക്കാനും സാധ്യതയുണ്ട്. 

സ്വകാര്യ വ്യക്തി സര്‍ക്കാരിന് നല്‍കിയ ഭൂമിയിലാണ് സഹകരണമേഖലയിലുള്ള പരിയാരം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന് നികുതി പോലും വെയ്ക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. ഇത് മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വന്തമായി ഭൂമി വേണമെന്ന നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. എന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുത്തെന്ന് വരുത്തിത്തീര്‍ക്കുന്നതിലൂടെ ഈ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. 

മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും പുതിയ എംബിബിഎസ് അഡ്മിഷന് മറ്റ് സ്വാശ്രയ കോളേജുകള്‍ ഈടാക്കുന്ന ഫീസ് തന്നെ വാങ്ങാനാണ് നീക്കം. ഫീസിന്റെ കാര്യത്തിലും രോഗികളുടെ അഡ്മിഷന്റെ കാര്യത്തിലും രണ്ട് നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് അടവു നയത്തിന്റെ ഭാഗമാണെന്നും മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിച്ചാല്‍ സര്‍ക്കാര്‍ നിലപാടു മാറ്റാന്‍ സാധ്യതയുണ്ടെന്നുമാണ് പരിയാരം മെഡിക്കല്‍ കോളേജ് പ്രക്ഷോഭ സമിതി ഭാരവാഹികള്‍ പറയുന്നത്. പരിയാരം മെഡിക്കല്‍ കോളേജ് സമ്പൂര്‍ണ്ണമായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി ഏറ്റെടുക്കണമെന്നും അതിനനുസൃതമായി നിയമസഭയ്ക്ക് അകത്തും പുറത്തും സമ്മര്‍ദ്ധം ചെലുത്തണമെന്നും അഭ്യര്‍ത്ഥിച്ച് പരിയാരം പ്രക്ഷോഭ സമിതി എല്ലാ എംഎല്‍എമാര്‍ക്കും കത്തയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 28 ന് വൈകുന്നേരം 3 മണിക്ക് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ഇതുസംബന്ധിച്ച് ബഹുജനക്കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.