പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച: പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഹരജി നല്‍കി

Tuesday 26 June 2018 10:47 pm IST

 

പഴയങ്ങാടി: പഴയങ്ങാടി ജ്വല്ലറി കവര്‍ച്ചാക്കേസില്‍ പിടിയിലായ പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി പഴയങ്ങാടി പോലീസ് പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ ഹരജി നല്‍കി. 

കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളായ പുതിയങ്ങാടിയിലെ എ.പി.റഫീഖിനെയും കെ.വി.നൗഷാദിനെയുമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി മറ്റുകവര്‍ച്ചകളിലെ തൊണ്ടിമുതലുകള്‍ കണ്ടെടുക്കുന്നതിനായി തെളിവെടുപ്പ് നടത്തുക. പഴയങ്ങാടിയിലെ കവര്‍ച്ചയുള്‍പ്പെടെ 2013 മുതല്‍ നടത്തിയ പത്ത് കവര്‍ച്ചകളെക്കുറിച്ചാണ് പ്രതികള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തിയിട്ടുള്ളത്. 

മൊട്ടാമ്പ്രത്തെ ജ്വല്ലറിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതുള്‍പ്പെടെ പതിനൊന്ന് കേസുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. മൊട്ടാമ്പ്രത്തെ കവര്‍ച്ചാശ്രമമാണ് വര്‍ഷങ്ങളായുള്ള കള്ളക്കൂട്ടുകെട്ടിന് അറുതിവരുത്താന്‍ പോലീസിനെ സഹായിച്ചത്. ഇത് വീണ്ടും അന്വേഷിച്ച അന്വേഷണസംഘത്തിന് ഇതിനടുത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യത്തില്‍ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. 

പഴയങ്ങാടിയിലും പരിസരപ്രദേശങ്ങളിലുമായി പ്രതികള്‍ നടത്തിയ ഒന്‍പത് കവര്‍ച്ചകളിലായി 163 പവന്‍ സ്വര്‍ണ്ണം 2013 മുതല്‍ കവര്‍ന്നെടുത്തിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ അറിയാനാണ് പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങുന്നത്. പ്രതികള്‍ സ്വര്‍ണ്ണം വിറ്റ ഇടങ്ങളിലും സ്വര്‍ണ്ണ ഇടപാട് നടത്തിയ സ്ഥാപനങ്ങളിലും പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോകും. പ്രതികളില്‍ നിന്ന് സ്ഥിരമായി ആരെങ്കിലും സ്വര്‍ണ്ണം വാങ്ങിയിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഒരുകേസുള്‍പ്പെടെയാണ് പഴയങ്ങാടി ജ്വല്ലറികവര്‍ച്ച അന്വേഷിക്കുന്ന സംഘത്തിന് തെളിയിക്കാനായത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.