ഇന്ത്യ മികച്ച നിക്ഷേപ സൗഹൃദ രാഷ്ട്രം: മോദി

Wednesday 27 June 2018 1:28 am IST
ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ധനം 400 ദശലക്ഷം ഡോളറിലേറെയാണ്. ആഗോളതലത്തില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയെക്കുറിച്ചുള്ള വിശ്വാസം വര്‍ധിച്ചു വരികയാണ്. എഐഐബിയുടെ പലിശ നിരക്കുകള്‍ സ്ഥിരതയുള്ളതും താങ്ങാവുന്നതുമാണെന്ന് ഉറപ്പുവരുത്തണമെന്നും മോദി ആവശ്യപ്പെട്ടു.

മുംബൈ: വിഭവശേഷി വര്‍ധിപ്പിക്കുന്നതില്‍ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന് (എഐഐബി) നിര്‍ണായക പങ്കു വഹിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമ്പത്തിക അടിത്തറ ശക്തമാക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുംബൈയില്‍ നടന്ന എഐഐബി ഗവര്‍ണര്‍മാരുടെ മൂന്നാം വാര്‍ഷികത്തില്‍ മോദി വ്യക്തമാക്കി. 

ക്രൂഡ് ഓയിലിന്റെ വില ഉയരുന്നത് മൊത്തത്തിലുള്ള വിലക്കയറ്റത്തിന് കാരണമാകില്ല. രാജ്യത്തിന്റെ ബൃഹത്തായ സാമ്പത്തികമൂല്യങ്ങള്‍ ദൃഢമായി തുടരും. സര്‍ക്കാരിന്റെ കടം കുറഞ്ഞുവരികയാണെന്നും മോദി പറഞ്ഞു. ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യക്കിപ്പോള്‍ തിളക്കമാര്‍ന്ന സ്ഥാനമാണുള്ളത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണെങ്കിലും ഇന്ത്യ സാമ്പത്തികമായി ഉയര്‍ച്ചയിലെത്തിക്കഴിഞ്ഞു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 2.6 ലക്ഷം കോടിയിലെത്തി നില്‍ക്കുകയാണ്. വളര്‍ച്ചാ നിരക്ക് ഈ വര്‍ഷം 7.4  ശതമാനം ആകുമെന്ന് പ്രതീക്ഷിക്കുന്നു.  

ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ധനം 400 ദശലക്ഷം ഡോളറിലേറെയാണ്. ആഗോളതലത്തില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയെക്കുറിച്ചുള്ള വിശ്വാസം വര്‍ധിച്ചു വരികയാണ്. എഐഐബിയുടെ പലിശ നിരക്കുകള്‍ സ്ഥിരതയുള്ളതും താങ്ങാവുന്നതുമാണെന്ന് ഉറപ്പുവരുത്തണമെന്നും മോദി ആവശ്യപ്പെട്ടു.

ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. സാമ്പത്തിക സ്ഥിരതയും വളര്‍ച്ചയുമാണ് നിക്ഷേപകര്‍ നിരീക്ഷിക്കുന്നത്. രാഷ്ട്രീയ സ്ഥിരതയും അതോടൊപ്പം അവരുടെ നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ നിയമപരിരക്ഷയുമാണ് നിക്ഷേപകര്‍ക്കാവശ്യം. നിക്ഷേപകര്‍ക്ക് സുതാര്യവും കാര്യക്ഷമവും വിശ്വസനീയവുമായ സാമ്പത്തിക അന്തരീക്ഷം ഇന്ത്യ നല്‍കുന്നുണ്ട്, മോദി വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.