ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാമക്ഷേത്രം പണിയും: യോഗി ആദിത്യനാഥ്

Wednesday 27 June 2018 1:32 am IST

ലഖ്‌നൗ: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം യാഥാര്‍ഥ്യമാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കാനും ക്ഷമയോടെ കാത്തിരിക്കാനും ഹൈന്ദവ സന്ന്യാസിമാരോട് അയോധ്യയില്‍ നടന്ന 'സന്ത് സമ്മേളന'ത്തില്‍ ആദിത്യനാഥ് അഭ്യര്‍ഥിച്ചു. 

ഏതെങ്കിലും കോടതി ഉത്തരവുമായി വന്നല്ല മുഗള്‍ ഭരണാധികാരി ബാബര്‍ രാമക്ഷേത്രം തകര്‍ത്തത്. അതുപോലെ 1992ല്‍ ബാബറി മസ്ജിദ് പൊളിച്ചതും കോടതി നിര്‍ദേശപ്രകാരമല്ലെന്നുമുള്ള ബിജെപി എംപി രാം വിലാസ് വേദാന്തിയുടെ പ്രസ്താവനയ്ക്കു പിറകെയാണ് ആദിത്യനാഥിന്റെ വാഗ്ദാനം. 

ക്ഷേത്രം പണിയാന്‍ നിയോഗിക്കപ്പെട്ടിടത്ത് പെട്ടെന്നൊരുനാള്‍ ശ്രീരാമ വിഗ്രഹം പ്രത്യക്ഷപ്പെടുകയായിരുന്നു. അതുപോലെ പെട്ടെന്നാവും ക്ഷേത്ര നിര്‍മാണവുമെന്ന് രാം വിലാസ് വദാന്തി സൂചിപ്പിച്ചിരുന്നു. 

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലാണ് നമ്മള്‍ വസിക്കുന്നത്. ഇവിടെ നീതിന്യായ വകുപ്പിനും നിയമനിര്‍മാണത്തിനുമെല്ലാം അതിന്റേതായ റോളുകളുണ്ട്. ആ മാനദണ്ഡങ്ങളെല്ലാം നമ്മള്‍ മനസ്സില്‍ സൂക്ഷിക്കണമെന്ന് യോഗി ആദിത്യനാഥ് ഓര്‍മപ്പെടുത്തി. മര്യാദാപുരുഷോത്തമനായ രാമന്‍ പ്രപഞ്ചനായകനാണ്. ശ്രീരാമകാരുണ്യം അയോധ്യയില്‍ ഉണ്ടെങ്കില്‍ അവിടെ ക്ഷേത്രം പണിതിരിക്കും. അക്കാര്യത്തില്‍ സംശയമില്ല. പിന്നെന്തിനാണ് ആശങ്ക, ക്ഷമയോടെ കാത്തിരിക്കണമെന്നും ആദിത്യനാഥ് സന്ന്യാസി സമൂഹത്തോട് ആവശ്യപ്പെട്ടു. 

അതേസമയം അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനുള്ള നടപടികള്‍ പുനരാരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് സൂചിപ്പിച്ചു. വിഷയത്തില്‍ അടുത്ത മൂന്നു നാലുമാസത്തിനകം സുപ്രീംകോടതി ഉത്തരവുണ്ടായില്ലെങ്കില്‍ തുടര്‍ നടപടികളെക്കുറിച്ച് സന്ന്യാസിമാരുമായി ചര്‍ച്ച നടത്തുമെന്നും വിഎച്ച്പി അറിയിച്ചു. രാമജന്മഭൂമി കേസിലെ വാദം കേള്‍ക്കല്‍ സുപ്രീംകോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.