ഒരു കുടുംബത്തിന് വേണ്ടി കോണ്‍ഗ്രസ് രാജ്യത്തെ ജയിലാക്കി മാറ്റി: മോദി

Wednesday 27 June 2018 1:50 am IST

ന്യൂദല്‍ഹി: അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ വാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കുടുംബത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി രാജ്യത്തെയാകെ ജയിലാക്കി മാറ്റിയ കോണ്‍ഗ്രസ് അടിയന്തരാവസ്ഥക്കാലത്തെ അതേ മനോഭാവമാണ് ഇന്നും വച്ചുപുലര്‍ത്തുന്നതെന്ന് മോദി കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി മുംബൈയില്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയില്‍  സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോണ്‍ഗ്രസ്സില്‍ നെഹ്‌റു കുടുംബത്തിന് മുകളില്‍ ആര്‍ക്കും സ്ഥാനമില്ല. രാജ്യത്തിന്റെ ഭരണഘടന പോലും കുടുംബത്തിന് താഴെയാണെന്ന് കോണ്‍ഗ്രസ് തെളിയിച്ചു. കുടുംബത്തിലെ ഒരു വ്യക്തിയുടെ സ്വാര്‍ഥ താല്‍പര്യം സംരക്ഷിക്കുന്നതിന് ഭരണഘടനയെ ദുരുപയോഗം ചെയ്തു. ഈ കുടുംബത്തിന്റെ അധികാരത്തോടുള്ള ആര്‍ത്തി കാരണം ഇന്ത്യയൊന്നാകെ ഒരു ജയിലായി മാറുമെന്ന് രാജ്യം കരുതിയിരുന്നില്ല. കോണ്‍ഗ്രസ് ജനാധിപത്യത്തെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. അവരുടെ പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യം ഇല്ല. മോദി വിമര്‍ശിച്ചു. 

 രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ഏടായ അടിയന്തരാവസ്ഥക്കെതിരായ പ്രതിഷേധം മാത്രമല്ല പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ ജനങ്ങളെ ബോധവാന്മാരാക്കുകയും നമ്മുടെ ലക്ഷ്യമാണ്. ഭരണഘടന അപപകടത്തിലാണെന്ന് വ്യാജപ്രചാരണം നടത്തി കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തുകയാണ്. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും രാജ്യത്ത് അപകടം നേരിടുന്നുവെന്ന് അവര്‍ നുണ പറയുന്നു. പാര്‍ട്ടി പ്രതിസന്ധി നേരിടുമ്പോഴെല്ലാം രാജ്യം അപകടത്തിലാണെന്ന് പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തിട്ടുള്ളത്. 

 അഴിമതി കോടതിയിലെത്തുമെന്നും കേസ് നേരിടേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കരുതിയിരുന്നില്ല. ഇതിന് മുന്‍പ് അവര്‍ക്ക് ജാമ്യത്തിന് അപേക്ഷിക്കേണ്ട സാഹചര്യം പോലും ഇല്ലായിരുന്നു. ഇംപീച്ച്‌മെന്റ് കാട്ടി ഇപ്പോള്‍ അവര്‍ നീതിന്യായ സംവിധാനങ്ങളെയും ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അടിയന്തരാവസ്ഥയെ ചെറുത്തുതോല്‍പ്പിച്ചവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച പ്രധാനമന്ത്രി ഗായകന്‍ കിഷോര്‍ കുമാറിനെ കോണ്‍ഗ്രസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഓര്‍മിപ്പിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.