അടിയന്തരാവസ്ഥയെക്കുറിച്ച് പുതുതലമുറ പഠിക്കണം: പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

Wednesday 27 June 2018 2:00 am IST

കോഴിക്കോട്: പൗരാവകാശങ്ങളും, സ്വാതന്ത്ര്യവും ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ ചവിട്ടിമെതിച്ച അടിയന്തരാവസ്ഥയെക്കുറിച്ച് പുതുതലമുറ പഠിക്കണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. കൂടുതല്‍ തിരിച്ചറിവിനും അക്കാലത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകുന്നതിനും അക്കാദമികവിഷയം എന്നതിനപ്പുറമുള്ള പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 'അടിയന്തരാവസ്ഥ: ചരിത്രവും വര്‍ത്തമാനവും' എന്ന പേരില്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന അനുസ്മരണവും സിനിമാപ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കൃത്യമായ അറിവ് പകര്‍ന്നില്ലെങ്കില്‍ വികലവും വികൃതവുമായ രീതിയിലുള്ള അറിവുകളാണ് പുതുതലമുറയ്ക്ക് ലഭിക്കുക. മൗലികാവകാശങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടിയുള്ള സ്വാതന്ത്ര്യസമരം തന്നെയാണ് അടിയന്തരാവസ്ഥ കാലത്ത് നടന്നത്. അന്ന് സമരത്തിനിറങ്ങിയവരെ സ്വാതന്ത്ര്യസമരസേനാനികളായി പ്രഖ്യാപിക്കണം. ചരിത്രം വിസ്മരിക്കപ്പെടാന്‍ പാടില്ല. അടിയന്തരാവസ്ഥക്കെതിരെ പോരാടിയ സംഘപ്രവര്‍ത്തകര്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാതിരിക്കുമ്പോള്‍ സമരം ചെയ്യാത്തവര്‍ ഇന്ന് അവകാശവാദങ്ങളുമായി രംഗത്തു വരികയാണ്. സ്വജീവിതം പോലും ത്യജിക്കാന്‍ തയാറായാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ സമരം നയിച്ചത്. പോലീസില്‍ നിന്ന് ക്രൂരമര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയപ്പോഴും ജനാധിപത്യമാര്‍ഗത്തിലുള്ള സമരം തന്നെയാണ് നയിച്ചത്. അക്കാലത്ത് നടന്ന പോലീസ് പീഡനങ്ങളോ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളോ അധികം പുറത്തുവന്നിരുന്നില്ല. കുരുക്ഷേത്രം പോലുള്ള പ്രസിദ്ധീകരണങ്ങളാണ് മാധ്യമവിലക്കിനെ അതിജീവിച്ച് അക്കാലത്ത് യാഥാര്‍ഥ്യം ജനങ്ങളോട് വിളിച്ചുപറഞ്ഞതെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

 അടിയന്തരാവസ്ഥയെക്കുറിച്ച് സത്യസന്ധമായി എഴുതിയ എത്ര പുസ്തകങ്ങളുണ്ടെന്ന് പരിശോധിക്കണമെന്ന് പ്രഭാഷണം നടത്തിയ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. പലരും അവരവരുടെ താല്പര്യത്തിനനുസരിച്ചാണ് അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് എഴുതിയത്. സത്യസന്ധവും വസ്തുനിഷ്ഠവുമായ ചരിത്രം പുതുതലമുറയെ പഠിപ്പിക്കണം. അടിയന്തരാവസ്ഥയെക്കുറിച്ച് അറിവ് പകരാന്‍ മ്യൂസിയം സ്ഥാപിക്കണമെന്ന് എം. രാജശേഖരപണിക്കര്‍ അഭിപ്രായപ്പെട്ടു. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതാണെങ്കിലും ചിലത് ഓര്‍മിക്കപ്പെടേണ്ടതുണ്ടെന്ന് അധ്യക്ഷനായ സ്വാഗതസംഘം ചെയര്‍മാന്‍ അലി അക്ബര്‍ അഭിപ്രായപ്പെട്ടു. 

ചേറ്റൂര്‍ മാധവന്‍, ടി.പി. ജയചന്ദ്രന്‍, ഹരീഷ് പി. കടയപ്രത്ത്, ടി. സുധീഷ് എന്നിവര്‍ സംസാരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ലോകസംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കാളികളായവരും പരിപാടിയില്‍ പങ്കെടുത്തു. യദുവിജയകൃഷ്ണന്‍ സംവിധാനം ചെയ്ത 'നരകയാതനയുടെ 21 മാസങ്ങള്‍' എന്ന സിനിമയുടെ പ്രദര്‍ശനവും നടന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.