വെള്ളൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നതായി മന്ത്രി

Wednesday 27 June 2018 2:03 am IST

കോട്ടയം: വൈക്കം വെള്ളൂര്‍ സഹകരണ ബാങ്കില്‍ 39.47 കോടിരൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. വി.പി. സജീന്ദ്രന്‍ എംഎല്‍എയാണ് വെള്ളൂര്‍ ബാങ്കിലെ തട്ടിപ്പിനെക്കുറിച്ച് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചത്. ബാങ്കില്‍ വായ്പ അനുവദിക്കുന്നതിലും വിതരണത്തിലുമാണ് തട്ടിപ്പ് നടന്നതെന്നും തട്ടിപ്പിനെ സംബന്ധിച്ച് കേസ് എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തട്ടിപ്പിനെ തുടര്‍ന്ന് രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും അദ്ദേഹം സമ്മതിച്ചു. ബാങ്കിലെ കോടികളുടെ തട്ടിപ്പ് പുറത്തുകൊണ്ടു വന്നത് ജന്മഭൂമിയാണ്.  

 അതേസമയം ബാങ്കിലെ ഭരണസമിതി അംഗങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് മന്ത്രി സഭയെ തെറ്റിധരിപ്പിക്കാനും ശ്രമിച്ചു. കാല്‍ നൂറ്റാണ്ടായി ഇടതുപക്ഷം ഭരിക്കുന്ന ബാങ്കാണിത്. സിപിഎമ്മിന്റെ ജില്ലയിലെ അറിയപ്പെടുന്ന നേതാക്കളും എന്‍സിപിയുടെ ജില്ലാ പ്രസിഡന്റുമാണ്് കോടികളുടെ തട്ടിപ്പിന് നേതൃത്വം നല്‍കിയത്. സത്യം ഇതായിരിക്കെയാണ് ഇവര്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് മന്ത്രി നിയമസഭയില്‍ കളവു പറഞ്ഞത്. 

വൈക്കം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലെ മേവെള്ളൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് 39.47 കോടി രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും യാതൊരു ഈടും സ്വീകരിക്കാതെ വായ്പ അനുവദിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. സിപിഎം തലയോലപ്പറമ്പ് ഏരിയാ കമ്മറ്റി അംഗവും എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന യു. ചന്ദ്രശേഖരന്‍ നായര്‍, സിപിഎം ജില്ലാ കമ്മിറ്റിയംഗം ഇ.എം. കുഞ്ഞുമുഹമ്മദ്, സിപിഎം ഏരിയാ കമ്മിറ്റി അംഗം വി.എന്‍. മനോഹരന്‍, എന്‍സിപി ജില്ലാ പ്രസിഡന്റും ഖാദി ബോര്‍ഡ് അംഗവുമായ ടി.വി. ബേബി എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആരോപണമുള്ളത്.യാണ്. ക്രമക്കേടിനെ തുടര്‍ന്ന് വനിത ബാങ്ക് കാഷ്യറും സസ്‌പെന്‍ഷനിലാണ്. ബാങ്കിലെ തട്ടിപ്പിനെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമരം ശക്തമാക്കുമെന്ന് വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.