ഭാഗ്യം, ചെമ്പട രക്ഷപ്പെട്ടു

Wednesday 27 June 2018 2:08 am IST

മോസ്‌ക്കോ: ഇഞ്ചുറി ടൈമില്‍ ഇയാഗോ അസ്പാസ് നേടിയ ഗോളില്‍ മൊറോക്കൊയെ സമനിലയില്‍ പിടിച്ചുകെട്ടി മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ഗ്രൂപ്പ് ബി ജേതാക്കളായി ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലെത്തി. രണ്ട് തവണ പിന്നോക്കം പോയ സ്‌പെയിന്‍ ശക്തമായ പോരാട്ടത്തിലാണ് തോല്‍വിയില്‍ നിന്ന് കരകയറിയത്. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.

പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ആതിഥേയരുമായ റഷ്യയെ നേരിടം. ഞായറാഴ്ച രാത്രി 7.30 നാണ് മത്സരം.

കളിയുടെ പതിനാലാം മിനിറ്റില്‍ സ്‌പെയിനിനെ ഞെട്ടിച്ച് മൊറോക്കോയുടെ ബൗടൈയ്ബ് ഗോള്‍ നേടി . അഞ്ചു മിനിറ്റുകള്‍ക്ക് ശേഷം ഇസ്‌ക്കോ ഗോള്‍ മടക്കി. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ നെസരി മെറോക്കോയെ വീണ്ടും മുന്നിലാക്കി. തുടര്‍ന്ന് തോല്‍വിയിലേക്ക് നീങ്ങിയ സ്‌പെയിന്‍ അസ്പാസിന്റെ ഗോളില്‍ കരകയറി.

സ്‌പെയിന്‍ ക്യാപ്റ്റന്‍ സെര്‍ജി റാമോസിന്റെയും ആന്ദ്രെ ഇനിയേസ്റ്റയുടെയും പിഴവില്‍ നിന്നാണ് മൊറോക്കോയുടെ ആദ്യ ഗോള്‍ പിറന്നത്. വീണു കിട്ടിയ പന്തുമായി കുതിച്ച ബൗടൈയ്ബ് സ്പാനിഷ് ഗോളിയെ കീഴടക്കി. 1998 നു ശേഷം ലോകകപ്പില്‍ മൊറോക്കോയുടെ ആദ്യ ഗോളാണിത്.

ഇനിയേസ്റ്റ ഉടന്‍ തന്നെ തന്റെ പിഴവിന് പരിഹാരം കണ്ടെത്തി. അഞ്ചു മിനിറ്റിനുള്ളില്‍  ഗോള്‍ മടക്കി. മെറോക്കോയുടെ പ്രതിരോധം തകര്‍ത്ത് മുന്നേറിയ ഇനിയേസ്റ്റ  ഇസ്‌ക്കോയ്ക്ക് പാസ് നല്‍കി. ഒന്നാന്തരം ഷോട്ടിലുടെ ഇസ്‌ക്കോ പന്ത് വലയിലാക്കി.

തുടര്‍ന്ന് സ്‌പെയിന്‍ ആധിപത്യം സ്ഥാപിച്ചെങ്കിലും ഗോള്‍ നേടായില്ല. എന്നാല്‍ 81-ാം മിനിറ്റില്‍ മൊറോക്കോ രണ്ടാം ഗോള്‍ നേടി വീണ്ടും മുന്നിലെത്തി. ഹെഡറിലൂടെ നെസറിയാണ് സ്‌കോര്‍ ചെയ്തത്. അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാന്‍ ഉശിരന്‍ പോരാട്ടം പുറത്തെടുത്ത സ്‌പെയിന്‍ ഇഞ്ചുറി ടൈമിന്റെ ആദ്യ നിമിഷത്തില്‍ ലക്ഷ്യം കണ്ടു. പകരക്കാരനായി ഇറങ്ങിയ അസ്പാസാണ് ഗോളടിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.