വിജയം തുലച്ച് റോണോ

Wednesday 27 June 2018 2:09 am IST

മോസ്‌ക്കോ: സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാല്‍റ്റി നഷ്ടപ്പെടുത്തിയിട്ടും പോര്‍ച്ചുഗല്‍  ഇറാനെ സമനിലയില്‍ പിടിച്ചു നിര്‍ത്തി ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായി ലോകകപ്പിന്റെ നോക്കൗട്ടില്‍ പ്രവേശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. പോര്‍ച്ചുഗലിനായി റിക്കാര്‍ഡോ ക്വാറെസ്മയും ഇറാനുവേണ്ടി അന്‍സാരിഫാര്‍ഡുമാണ് ഗോളടിച്ചത്.

ഈ സമനിലയോടെ സ്‌പെയിനിനൊപ്പം മൂന്ന് മത്സരങ്ങളില്‍ അഞ്ചു പോയിന്റ് ലഭിച്ചെങ്കിലും ഗോള്‍ ശരാശരിയില്‍ രണ്ടാം സ്ഥാനക്കാരായി. ഇറാനാണ് മൂന്നാം സ്ഥാനം. ഗ്രൂപ്പ് എ യിലെ ചാമ്പ്യന്മാരായ ഉറുഗ്വെയാണ് നോട്ടൗട്ട് റൗണ്ടില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍. ശനിയാഴ്ച രാത്രി 11.30 നാണ് മത്സരം.

കളിയുടെ 53-ാം മിനിറ്റിലാണ് റൊണാള്‍ഡോ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്. റൊണാള്‍ഡോയെ ഇറാന്‍ പ്രതിരോധ നിരക്കാരന്‍ ഫൗള്‍ ചെയ്തതിനാണ് വാറിലുടെ (വിഎആര്‍) റഫറി പെനാല്‍റ്റി അനുവദിച്ചത്. പക്ഷെ റൊണാള്‍ഡോയുടെ സ്‌പോട്ട് കിക്ക് ഇറാന്‍ ഗോളി രക്ഷപ്പെടുത്തി. കളിയുടെ 45-ാം മിനിറ്റില്‍ റിക്കാര്‍ഡോ ക്വാറെസ്മയുടെ ഗോളില്‍ മുന്നിലെത്തിയ പോര്‍ച്ചുഗലിന് ലീഡ് ഉയര്‍ത്താനായില്ല. 

അതേസമയം തുടക്കത്തില്‍ ഗോള്‍ വഴങ്ങി പിന്നാക്കം പോയ ഇറാന്‍ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ  മൂന്നാം മിനിറ്റില്‍ സമനില നേടി. പെനാല്‍റ്റിയിലൂടെ അന്‍സാരിഫാര്‍ഡാണ് ഗോള്‍ നേടിയത്. റൊണാള്‍ഡോയെ പോലെ അന്‍സാരിഫാര്‍ഡിന് പിഴച്ചില്ല. ഷോട്ട് പോര്‍ച്ചുഗലിന്റെ ഗോളിയെ കീഴ്‌പ്പെടുത്തി വലയില്‍ കയറി.

പോര്‍ച്ചുഗല്‍ ഇത് നാലാം തവണയാണ് ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടക്കുന്നത്. നേരത്തെ 1966, 2006, 2010 ലോകകപ്പുകളില്‍ പോര്‍ച്ചുഗല്‍ നോക്കൗട്ടിലെത്തി. അതേസമയം ഇറാന് ഇതുവരെ കളിച്ച അഞ്ച് ലോകകപ്പിലും പ്രീ ക്വാര്‍ട്ടറിലെത്താനായില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.