സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുന്നത് ഭൂമാഫിയകളുടെ താല്പര്യം സംരക്ഷിക്കാന്‍

Wednesday 27 June 2018 2:15 am IST
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കുറിഞ്ഞി മേഖലയ്ക്ക് പ്രത്യേക സംരക്ഷണ പദവി നല്‍കിയത്. ഇതനുസരിച്ച് കുറിഞ്ഞി മേഖലയിലെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങള്‍ക്കും തീര്‍പ്പ് കല്പിക്കാനുള്ള അധികാരം സെറ്റില്‍മെന്റ് ഓഫീസര്‍ക്കാണ്. ദേവികുളം സബ് കളക്ടറാണ് സെറ്റില്‍മെന്റ് ഓഫീസര്‍. ഇദ്ദേഹത്തിന്റെ തീരുമാനത്തെ ഹൈക്കോടതിയില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ കഴിയൂ.

കോട്ടയം: അതിര്‍ത്തി നിര്‍ണയം നടന്നിട്ടില്ലാത്ത കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറയ്ക്കാന്‍ അണിയറയില്‍ നീക്കം സജീവമായി. വിപുലമായ റവന്യു അധികാരങ്ങളുള്ള സെറ്റില്‍മെന്റ് ഓഫീസറെ നോക്കുകുത്തിയാക്കി സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ച് കൈയേറ്റക്കാരുടെ താല്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ വമ്പന്മാര്‍ക്ക് കുറിഞ്ഞിമല തീറെഴുതി കൊടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നീലക്കുറിഞ്ഞിക്കാലം തുടങ്ങാന്‍ ഒരു മാസം മാത്രം ശേഷിക്കെയാണ് പുതിയ നിയമന വിവാദം. 

1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കുറിഞ്ഞി മേഖലയ്ക്ക് പ്രത്യേക സംരക്ഷണ പദവി നല്‍കിയത്. ഇതനുസരിച്ച് കുറിഞ്ഞി മേഖലയിലെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങള്‍ക്കും തീര്‍പ്പ് കല്പിക്കാനുള്ള അധികാരം സെറ്റില്‍മെന്റ് ഓഫീസര്‍ക്കാണ്. ദേവികുളം സബ് കളക്ടറാണ് സെറ്റില്‍മെന്റ് ഓഫീസര്‍. ഇദ്ദേഹത്തിന്റെ തീരുമാനത്തെ ഹൈക്കോടതിയില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ കഴിയൂ. ഇത്രയും വിപുലമായ അധികാരങ്ങളാണ് ഭൂമാഫിയയ്ക്ക് കുറിഞ്ഞിമല സ്വന്തമാക്കുന്നതിനുള്ള തടസ്സങ്ങളിലൊന്ന്. സര്‍ക്കാര്‍  നിയോഗിക്കുന്ന സ്‌പെഷ്യല്‍ ഓഫീസറെ ഉപയോഗിച്ച് അതിര്‍ത്തി നിര്‍ണയം നടത്തുമ്പോള്‍ പട്ടയമേഖലയെയും കൈവശമേഖലയെയും ജനവാസമേഖലയെയും ഇഷ്ടാനുസരണം ഒഴിവാക്കാന്‍ സാധിക്കും. സങ്കേതത്തിന്റെ വിസ്തൃതി 3200 ഹെക്ടറായി നിലനിര്‍ത്തുമെന്ന് പറയുന്ന സര്‍ക്കാര്‍, ഈ മേഖലകളെ ഒഴിവാക്കുമ്പോള്‍ 2000 ഹെക്ടറില്‍ താഴെ സങ്കേതത്തിന്റെ വിസ്തൃതി കുറയുമോ എന്ന ആശങ്കയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നത്. 

എന്നാല്‍  കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച പ്രദേശത്തിന്റെ വിസ്തൃതി കുറയ്ക്കുക എളുപ്പമല്ല. കുറയ്ക്കണമെന്ന ശുപാര്‍ശ സംസ്ഥാന വന്യജീവി സംരക്ഷണ ബോര്‍ഡിന് മുമ്പിലാണ് ആദ്യം എത്തുന്നത്. 

ഈ ശുപാര്‍ശ കേന്ദ്ര വന്യജീവി സംരക്ഷണ ബോര്‍ഡിന്റെ മുന്നിലെത്തും. അവര്‍ക്ക് അത് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാം. ഇതിന് ശേഷം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയമാണ് കുറയ്ക്കണമെങ്കില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതെന്ന് വനംവകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ പറയുന്നു. 

ജനവാസമേഖലകളെയും കൈവശമേഖലകളെയും സങ്കേതത്തില്‍ നിന്ന് ഒഴിവാക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. മന്ത്രി എം.എം. മണി ഉള്‍പ്പെടെ മൂന്ന് മന്ത്രിമാര്‍ വട്ടവട മേഖല സന്ദര്‍ശിച്ച് കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച ജനങ്ങളുടെ ആശങ്ക തീര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ഇത് വ്യക്തമായിരുന്നു. ഇവിടുത്തെ പട്ടയസ്ഥലങ്ങളും അല്ലാത്തതും വേര്‍തിരിച്ച് യഥാര്‍ത്ഥ ഭൂവുടമകളുടെ ഭാഗം ഒഴിവാക്കി ബാക്കി കുറിഞ്ഞി സങ്കേതത്തോട്  കൂട്ടിച്ചേര്‍ക്കാനാണ് അതിര്‍ത്തി നിര്‍ണയം നടത്തുന്നത്. 

എന്നാല്‍ 2006ല്‍ ആരംഭിച്ച ഈ പ്രക്രിയ ഇതുവരെയും പൂര്‍ത്തിയായില്ല. ഇതിന് മുഖ്യകാരണം കൈയേറ്റക്കാരും രാഷ്ടീയ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. ഇവരെ എതിര്‍ത്ത സബ് കളക്ടര്‍മാര്‍ക്ക് അധികനാള്‍ മലമുകളില്‍ തുടരാനും കഴിഞ്ഞില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.