കാവാലം സ്മരണയില്‍ 'തിരുമുടിയേറ്റ്'

Wednesday 27 June 2018 2:17 am IST
കവിതയും നാടകവും പാട്ടരങ്ങുമായാണ് സോപാനം പ്രവര്‍ത്തകര്‍ കൊല്ലം സോപാനത്തില്‍ ഒത്തുചേര്‍ന്നത്. കാവാലത്തിന്റെ പ്രിയശിഷ്യര്‍ നെടുമുടി വേണു, കെ. കലാധരന്‍, കാവാലത്തിന്റെ കൊച്ചുമകളും സോപാനം സെക്രട്ടറിയുമായ കല്യാണി കൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കാവാലം മഹോത്സവത്തിന് തിരി തെളിഞ്ഞത്. തനതുകലാ ചിത്രപ്രദര്‍ശനത്തോടെയായിരുന്നു തുടക്കം.

കൊല്ലം: മഴക്കാല വ്യാധികളകറ്റാന്‍ മാരിത്തെയ്യത്തിന്റെ വരവ്. വടക്കിന്റെ അനുഷ്ഠാനപ്പെരുമയില്‍ ചിമ്മാനംകളി. തന്‍ കയ്യിലെ കല്ല് ഉരുട്ടി പ്രകൃതിയുടെ കാമിനിയായി മാറിയ കല്ലുരുട്ടിയുടെ കഥ പറഞ്ഞ് സോപാനത്തിന്റെ അരങ്ങ്..... നാട്ടുമണ്ണിന്റെ പാട്ടുപാരമ്പര്യവുമായി മലയാളസാഹിത്യത്തില്‍ നിറഞ്ഞ കാവാലം നാരായണപ്പണിക്കര്‍ക്ക് സ്മരണാഞ്ജലിയായി തിരുമുടിയേറ്റ്. 

കവിതയും നാടകവും പാട്ടരങ്ങുമായാണ് സോപാനം പ്രവര്‍ത്തകര്‍ കൊല്ലം സോപാനത്തില്‍ ഒത്തുചേര്‍ന്നത്. കാവാലത്തിന്റെ പ്രിയശിഷ്യര്‍ നെടുമുടി വേണു, കെ. കലാധരന്‍,  കാവാലത്തിന്റെ കൊച്ചുമകളും സോപാനം സെക്രട്ടറിയുമായ കല്യാണി കൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കാവാലം മഹോത്സവത്തിന് തിരി തെളിഞ്ഞത്. തനതുകലാ ചിത്രപ്രദര്‍ശനത്തോടെയായിരുന്നു തുടക്കം. 

നെടുമുടി വേണു ഉടുക്കുകൊട്ടി 'കറുകറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറി എഴുന്നെള്ളും മൂര്‍ത്തി'യെ വാഴ്ത്തിപ്പാടിയതിന് പിന്നാലെയായിരുന്നു മാരിത്തെയ്യത്തിന്റെ വരവ്. രാവിലെ 9ന് ആരംഭിച്ച് രാത്രി 9ന് അവസാനിച്ച മഹോത്സവത്തില്‍ തനതു കഥാ ചിത്രപ്രദര്‍ശനം സംവിധായകന്‍ ജയരാജ്, കാവാലത്തിന്റെ ഭാര്യ ശാരദാപണിക്കരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു. 

 കുട്ടനാടന്‍ മണ്ണിന്റെ പശിമയാര്‍ന്ന പദസമ്പത്ത് മലയാളത്തിന് പകര്‍ന്ന മഹാരഥനാണ് കാവാലമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

പേരുകൊണ്ടും പൊരുളുകൊണ്ടും നാട്ടുവഴക്കത്തിന്റെ ഗന്ധമാപിനികളായ കവിതകളെന്ന് ജോണ്‍പോള്‍. നഗരത്തിലേക്ക് പറിച്ചുനടപ്പെട്ടിട്ടും വിട്ടുമാറാത്ത ഗ്രാമീണമനസ്സിന്റെ പ്രതിഫലനമെന്ന് നെടുമുടി വേണു. 

ഓര്‍മ്മകളുടെ ചെപ്പ് തുറന്ന് കാവാലം കഥകളുമായി പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍, ഡോ. വി. ജയരാജ്, കെ.കെ. മാരാര്‍, ഇ. രാജേശ്വരി, ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍, ഡോ. സജ്ജീവന്‍ അഴീക്കോട് തുടങ്ങിയവരുമുണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.