പോലീസ് ഡ്രൈവറെ കുടുക്കാന്‍ പുതിയ നീക്കം; ജാതിപ്പേര് വിളിച്ചെന്ന് എഡിജിപിയുടെ മകള്‍

Wednesday 27 June 2018 2:20 am IST

തിരുവനന്തപുരം: പോലീസിലെ  അടിമപ്പണിക്ക് ഇരയായ ഗവാസ്‌ക്കറെ കുടുക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന. ഗവാസ്‌ക്കര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് എഡിജിപി സുദേഷ്‌കുമാറിന്റെ മകള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.  മുമ്പ് ഇത്തരമൊരു മൊഴി നല്‍കാത്തതെന്തെന്ന ചോദ്യത്തിന്, ഭാഷ വശമല്ലാത്തതിനാല്‍ ഗവാസ്‌ക്കര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചത് മനസ്സിലായില്ല എന്നായിരുന്നു മറുപടി.

 ഉത്തരേന്ത്യയിലെ പിന്നാക്ക ജാതിയില്‍പ്പെട്ടയാളാണ് സുദേഷ്‌കുമാര്‍. പോലീസ് ഡ്രൈവര്‍ ഗവാസ്‌ക്കര്‍ തന്നെ വാഹനം കയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് കാട്ടി എഡിജിപിയുടെ മകള്‍ നല്‍കിയ പരാതി നിലനില്‍ക്കില്ലെന്ന് മനസ്സിലായതോടെയാണ് ഉന്നത പോലീസ് അധികാരികളുടെ നിര്‍ദേശപ്രകാരം പുതിയ മൊഴിയുമായി മകള്‍ രംഗത്ത് വന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഗവാസ്‌ക്കറിനെതിരെ പട്ടികജാതി നിയമ പ്രകാരം കേസെടുക്കേണ്ടതായി വരും.  സുദേഷ്‌കുമാര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു നേരിട്ടു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം വീണ്ടും മൊഴി രേഖപ്പെടുത്തിയത്. 

ഗവാസ്‌ക്കറെ മര്‍ദിച്ചതിന് എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പോലീസിന് വിമര്‍ശനം നേരിടേണ്ടി വന്നു.  കേസ് ഒതുക്കി തീര്‍ക്കാനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് പുതിയ പരാതി. 

പട്ടികജാതി നിയമ പ്രകാരം കേസെടുക്കേണ്ടി വരുമെന്നതിനാല്‍ ഗവാസ്‌ക്കറെ സമ്മര്‍ദ്ദത്തിലാക്കി കേസ് ഒത്തു തീര്‍പ്പിലെത്തിക്കാം. 

സമ്മര്‍ദ തന്ത്രങ്ങള്‍ക്കൊടുവില്‍  ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വിവാദ മര്‍ദ്ദനക്കേസ് ഒതുക്കി തീര്‍ത്തതും ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.