13,000 കോടി അടയ്ക്കാം; മല്ല്യ കീഴടങ്ങുന്നു

Wednesday 27 June 2018 2:55 am IST
മല്ല്യയുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും കണ്ടുകെട്ടിയിരുന്നു. വിദേശരാജ്യങ്ങളിലുള്ള സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ ഉൗര്‍ജിതമായി നടക്കുകയാണ്. ഇതിനു പുറമെ ഇയാളെ വിട്ടുകിട്ടാനുള്ള കേസില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ വിചാരണ അതിവേഗം പുരോഗമിക്കുകയുമാണ്.

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കടുത്ത നടപടികള്‍ക്കു മുന്നില്‍ മദ്യരാജാവ് വിജയ് മല്ല്യ മുട്ടുമടക്കുന്നു. ബാങ്കുകള്‍ക്ക് നല്‍കാനുള്ള 13,000 കോടി രൂപ അടയ്ക്കാന്‍ സന്നദ്ധനാണെന്ന് മല്ല്യ ബാങ്കുകളുടെ കൂട്ടായ്മയ്ക്കയച്ച കത്തിലും കര്‍ണാടക ഹൈക്കോടതിയിലും  അറിയിച്ചു. 

മല്ല്യയുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും കണ്ടുകെട്ടിയിരുന്നു. വിദേശരാജ്യങ്ങളിലുള്ള സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ ഉൗര്‍ജിതമായി നടക്കുകയാണ്. ഇതിനു പുറമെ ഇയാളെ വിട്ടുകിട്ടാനുള്ള കേസില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ വിചാരണ അതിവേഗം പുരോഗമിക്കുകയുമാണ്. ബ്രിട്ടീഷ് കോടതി മല്ല്യയെ  വിട്ടുനല്‍കാന്‍ ഉത്തരവിട്ടേക്കുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങിയവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അത്തരക്കാരെ പലായനം ചെയ്തവരായി പ്രഖ്യാപിക്കാനും സഹായിക്കുന്ന പുതിയ നിയമം അടുത്തിടെ കേന്ദ്രം പാസ്സാക്കിയിരുന്നു. ഇതും മദ്യരാജാവിന് വിനയായി. അതിശക്തമായ സമ്മര്‍ദമാണ് ഇപ്പോള്‍ മല്ല്യയ്ക്കു മേലുള്ളത്. താന്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെയാണ് മല്ല്യ ബാങ്കുകളുടെ കൂട്ടായ്മയ്ക്ക് 13,000 കോടി നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്നാണ് സൂചന. വായ്പ്പയെടുത്ത്  ലണ്ടനിലേക്ക് മുങ്ങിയ മല്ല്യ, കത്തിലാണ് കുടിശ്ശിക അടയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്.  

സ്വത്ത് വിറ്റ് പണം അടയ്ക്കാമെന്നു കാട്ടി ഈ മാസം 22ന് കര്‍ണാടക ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയതായും മല്ല്യ വെളിപ്പെടുത്തി. തനിക്ക് 13,960 കോടി രൂപയുടെ സ്വത്തുണ്ട്. ഇത് വില്‍ക്കാന്‍ കോടതിയില്‍ നിന്ന് അനുമതി തേടിയിട്ടുമുണ്ട്.

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിനെ രക്ഷിക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും കാര്യങ്ങള്‍ താന്‍ കരുതിയ പോലെ നീങ്ങിയില്ലെന്നും കത്തില്‍ മല്ല്യ പറയുന്നു. കേന്ദ്രത്തെയും പൊതുമേഖലാ ബാങ്കുകളെയും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. വിജയിച്ചില്ല. 2016ല്‍ താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ മറുപടി ലഭിച്ചില്ല.തന്നില്‍ നിന്ന് തുക ഇൗടാക്കാനുള്ള സര്‍ക്കാര്‍ ശ്രമം തന്നെ വലിയ ശ്രദ്ധാകേന്ദ്രമാക്കി. തന്നെ തട്ടിപ്പിന്റെ പ്രതീകമാക്കി.തനിക്കെതിരെ വലിയ ജനരോഷമാണ് ഉയര്‍ന്നത്, കത്തില്‍ മല്ല്യ പറയുന്നു.

ബാങ്കുകള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തീര്‍ക്കാം. എന്നാല്‍ ബാങ്കുകളുടെ കൂട്ടായ്മ പറയുന്ന ചില കണക്കുകള്‍ കളവാണ്. പൊതുമേഖലാ ബാങ്കുകളുടെ അവകാശവാദങ്ങള്‍ പലതും പലിശയുടെ കാര്യത്തിലാണ്. എന്‍ഫോഴ്‌സ്‌മെന്റ് അടക്കമുള്ളവര്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് തന്നെ കുരുക്കുകയാണ്. തന്റെ വസ്തുവകകള്‍ തെറ്റായി അവര്‍ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്റെ 13,900 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു. ബാങ്കുകളുടെ കടം വീട്ടാന്‍ തന്റെ ഗ്രൂപ്പിന്റെ സ്വത്ത് വില്‍ക്കാന്‍ ശ്രമിച്ചതിനെയും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ എതിര്‍ത്തു. തനിക്കു മേലുള്ള കടുത്ത സമ്മര്‍ദം സൂചിപ്പിച്ച് മല്ല്യ കത്തില്‍ കുറിച്ചു. വായ്പാ കുടിശ്ശിക തിരിച്ചുപിടിക്കുക സിവില്‍ കേസാണ്. പക്ഷെ അത് ക്രിമിനല്‍ കേസാക്കി മാറ്റി. മല്ല്യ പരിതപിക്കുന്നു.

കുടിശ്ശിക അടയ്ക്കാന്‍ മല്ല്യ സമ്മതിച്ചതിനെ കേന്ദ്രത്തിന്റെ വലിയ നേട്ടമായിട്ടാണ് വിലയിരുത്തുന്നത്. വിവിധ ബാങ്കുകളില്‍ നിന്ന് ആറായിരത്തിലേറെ കോടി രൂപയെടുത്താണ് ഇയാള്‍ മുങ്ങിയത്. ഇത് പലിശ സഹിതം ഇപ്പോള്‍ 13,000 കോടിയോളമായിട്ടുണ്ട്. മല്ല്യയുടെ കണ്ടുകെട്ടിയ സ്വത്ത് ഇതിനേക്കാള്‍ വരും. ഇന്ത്യയിലെയും വിദേശത്തെയും സ്വത്തും പോകും ജയിലിലുമാകും എന്ന് മല്ല്യയ്ക്ക് ഉറപ്പായിട്ടുണ്ട്. അതാണ് കത്തയയ്ക്കാന്‍ കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.