വിഷം ചേര്‍ത്ത മീന്‍ വീണ്ടും
തിരുവനന്തപുരം: രാസവസ്തു ചേര്‍ത്ത മീന്‍ സംസ്ഥാനത്തേയ്ക്ക് കടത്തുന്നത് പിടിച്ചെടുക്കല്‍ തുടരുന്നു. ഫോര്‍മാലിന്‍ ചേര്‍ത്ത 9500 കിലോ മീന്‍ ഇന്നലെ ആര്യങ്കാവ് ചെക്്പോസ്റ്റില്‍ പിടികൂടി. ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഫോര്‍മാലിന്റെ സാന്നിദ്ധ്യം കൂടിയ അളവില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മീന്‍ പിടിച്ചെടുത്തത്.
രണ്ട് വാഹനങ്ങളിലായി വന്ന മത്സ്യങ്ങളാണിവ. 7,000 കിലോ ചെമ്മീനും 2,600 കിലോ മറ്റു മത്സ്യങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതുവരെ 27,600 കിലോ മത്സ്യമാണ് പിടികൂടിയത്. വാളയാര്‍ ചെക് പോസ്റ്റില്‍ നിന്നുള്ള 6,000 കിലോ ചെമ്മീനിലും അമരവിള ചെക്ക് പോസ്റ്റില്‍നിന്നുള്ള 6,000 കിലോ മത്സ്യത്തിലും ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. പരിശോധന വരുംദിവസങ്ങളിലും തുടരും.
സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം കണക്കിലെടുത്താണ് ഗുജറാത്ത്, കര്‍ണാടക, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യമെത്തുന്നത്. മൃതദേഹങ്ങള്‍ കേടാകാതെ സൂക്ഷിക്കുന്ന ഫോര്‍മാലിന്‍, അമോണിയം, ബെന്സിയം സോയേറ്റ് തുടങ്ങിയ രാസവസ്തുക്കള്‍ ചേര്‍ത്ത് മത്സ്യലോബി കോടികളാണ് കൊയ്യുന്നത്്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേര്‍ന്നു. ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ സംസ്ഥാനത്തേക്ക് കടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ കര്‍ക്കശമാക്കും. വിഷാംശം കണ്ടെത്തിയ മത്സ്യങ്ങള്‍ അതാത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചയച്ചെന്നും ശൈലജ അറിയിച്ചു.
രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം ചെക്ക് പോസ്റ്റുകളില്‍ പിടികൂടി നശിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു.
കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞെങ്കിലും ഫോര്‍മാലിന്‍ കലര്‍ന്ന മീനുകള്‍ സംസ്ഥാനത്തെത്തിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാകില്ല. ഫോര്‍മാലിന്‍ കലര്‍ത്തുന്നത് ആരാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന് സ്ഥിരീകരിക്കാനായിട്ടില്ല എന്നതാണ് കാരണം. മത്സ്യബന്ധന ബോട്ടിലോ, ഹാര്‍ബറിലോ, ലോഡ് എടുത്ത കമ്പനിക്കാരോ ആരാണ് മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ത്തതെന്ന് കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ വേണം. തിരിച്ചയയ്ക്കലിനപ്പുറം നടപടി സാധ്യമല്ല എന്നതാണ് യാഥാര്‍ഥ്യം.