മീഡിയാ ഫയലുകള്‍ ഒളിപ്പിച്ചു വെയ്ക്കാന്‍ പുതിയ ഫീച്ചറൊരുക്കി വാട്സ്ആപ്പ്

Wednesday 27 June 2018 3:58 pm IST
നിലവില്‍ ആന്‍ഡ്രോയിഡിന്റെ 2.18.194 പതിപ്പില്‍ മാത്രം ലഭ്യമാകുന്ന ഈ ഫീച്ചര്‍ മറ്റ് പതിപ്പുകളിലും ഉടന്‍ തന്നെ കൊണ്ടു വരാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.

 

 

മീഡിയാ ഫയലുകള്‍ ഗാലറിയില്‍ നിന്നും ഒളിപ്പിച്ചുവെയ്ക്കുന്നതിനായി വാട്സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. വാട്സ്ആപ്പിന്റെ 2.18.194 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഫയലുകള്‍ ഒളിപ്പിച്ചുവെയ്ക്കുന്ന മീഡിയാ വിസിബിലിറ്റി ഫീച്ചര്‍ ചേര്‍ത്തിരിക്കുന്നത്. മുന്‍പും വാട്സ്ആപ്പ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നെങ്കിലും പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു.

എന്നാല്‍, പുതിയ ബീറ്റാ അപ്ഡേറ്റില്‍ വാട്സ്ആപ്പിലെ ഗ്രൂപ്പ് ഇന്‍ഫോയിലും കോണ്‍ടാക്റ്റ് ഇന്‍ഫോയിലുമാണ് മീഡിയാ വിസിബിലിറ്റി ഓപ്ഷന്‍ ലഭ്യമാകുക. ഡിഫോള്‍ട്ട്, യെസ്, നോ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഈ ഇന്‍ഫോയിലുണ്ടാകുക.

ഇതില്‍ കോണ്‍ടാക്റ്റ് ഇന്‍ഫോയിലെ മീഡിയാ വിസിബിലിറ്റി ഫീച്ചറില്‍  'No' എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ ഒരു കോണ്‍ടാക്റ്റില്‍ നിന്നും വരുന്ന ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന മീഡിയാ ഫയലുകള്‍ ഗാലറിയില്‍ നിന്നും മറച്ചുവെയ്ക്കാന്‍ സാധിക്കും. 

ഗ്രൂപ്പില്‍ വരുന്ന മീഡിയാ ഫയലുകള്‍ മറച്ചു വയ്ക്കാന്‍ ഗ്രൂപ്പ് ഇന്‍ഫോ മെനുവില്‍ ഇതേ രീതി പിന്തുടര്‍ന്നാല്‍ മതി. ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാം വഴി ഈ പുതിയ ഫീച്ചര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം ലഭിക്കുന്ന മീഡിയ ഫയലുകള്‍ മാത്രമേ ഈ ഫീച്ചര്‍ ഉപയോഗപെടുത്തി ഒളിപ്പിക്കാന്‍ സാധിക്കൂ. ഡൗണ്‍ലോഡ് ചെയുന്നതിന് മുന്‍പ് ഗാലറിയിലുള്ള ഫയലുകളൊന്നും ഒളിപ്പിക്കാന്‍ സാധിക്കില്ല.

നിലവില്‍ ആന്‍ഡ്രോയിഡിന്റെ  2.18.194 പതിപ്പില്‍ മാത്രം ലഭ്യമാകുന്ന ഈ ഫീച്ചര്‍ മറ്റ് പതിപ്പുകളിലും ഉടന്‍ തന്നെ കൊണ്ടു വരാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.