സിപിഎം കൊടിമരത്തില്‍ ബിജെപി പതാക; പോപ്പുലര്‍ ഫ്രണ്ടുകാരന്‍ പിടിയില്‍

Thursday 28 June 2018 2:32 am IST

കൊല്ലം: സിപിഎമ്മിനെയും ബിജെപിയെയും തമ്മില്‍ത്തല്ലിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് നീക്കം പൊളിഞ്ഞു. ബിജെപി പതാക സിപിഎമ്മിന്റെ കൊടിമരത്തില്‍ കെട്ടി രാഷ്ട്രീയസംഘര്‍ഷം ഉണ്ടാക്കാനുള്ള നീക്കമാണ് തകര്‍ന്നത്.ഇതുമായി ബന്ധപ്പെട്ട്  പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയിലായി.

 ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കൊടി കെട്ടിയത്. പുലര്‍ച്ചെ നാട്ടുകാരാണ് ബിജെപിയുടെ കൊടി സിപിഎമ്മിന്റെ ചവറ മാവിളമുക്കിലെ കൊടിമരത്തില്‍ കണ്ടത്. സംഭവമറിഞ്ഞ് തടിച്ചുകൂടിയ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ ജാഥ നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ സമയത്താണ്  സമീപത്തെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യം പുറത്തുവന്നത്. ഇതില്‍ പ്രദേശത്തെ പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഷംനാദ് കൊടി കെട്ടുന്നത് വ്യക്തമായി. 

പോലീസ് പിടിയിലായ ഷംനാദ്, രാഷ്ട്രീയസംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു തന്റെയും സംഘടനയുടെയും ലക്ഷ്യമെന്ന് സമ്മതിച്ചു. തേവലക്കര ആലുംമൂട്ടിലെ ബിജെപി കൊടിമരത്തില്‍ നിന്നും കവര്‍ന്ന കൊടിയാണ് സിപിഎമ്മിന്റെ കൊടിമരത്തില്‍ ഇയാള്‍ ഉയര്‍ത്തിയത്. 

 സംസ്ഥാനത്തൊട്ടാകെ,  സിപിഎം-ബിജെപി അസ്വാരസ്യങ്ങള്‍ ഉള്ള മേഖലകളില്‍ തമ്മിലടിപ്പിക്കാനുള്ള തീവ്രശ്രമം നടത്താനാണ് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള രഹസ്യനിര്‍ദേശമെന്ന് പോലീസ്  പറഞ്ഞു.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വര്‍ഗീയ ധ്രുവീകരണത്തിനുംും സംഘര്‍ഷത്തിനും പോപ്പുലര്‍ഫ്രണ്ട് പദ്ധതിയിട്ടിരുന്നു. ചവറയിലെ സ്‌കൂളില്‍ ഏകകണ്ഠമായി നടപ്പാക്കിയ യൂണിഫോം കോഡ് മാറ്റാണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളിലെ ഫര്‍ണിച്ചര്‍ അടിച്ചുതകര്‍ത്തു. മറ്റൊരു സിബിഎസ്ഇ സ്‌കൂളിലാകട്ടെ യൂണിഫോമിന്റെ പേരില്‍ വര്‍ഗീയ പ്രചാരണത്തിനായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി രക്ഷിതാക്കളില്‍ ആശങ്കയും സൃഷ്ടിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.