വാഹനാപകടം: കേസുകള്‍ ഇനി ലോക്കല്‍ പോലീസിന്

Thursday 28 June 2018 2:38 am IST

തിരുവനന്തപുരം: വാഹനാപകട കേസുകളുടെ  അന്വേഷണ ചുമതല ട്രാഫിക് പോലീസില്‍ നിന്ന് ലോക്കല്‍ പോലീസിലേയ്ക്ക് മാറ്റാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ട്രാഫിക് പോലീസ് വാഹനാപകട കേസ് കൈകാര്യം ചെയ്യുന്നതിനാല്‍ പലപ്പോഴും ട്രാഫിക് നിയന്ത്രണത്തിന് പോലീസിനെ കിട്ടാറില്ലായിരുന്നു.

ഇനിമുതല്‍ ട്രാഫിക് പോലീസിന്  ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാകും. ഇതോടെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.   ട്രാഫിക് പോലീസ് സ്റ്റേഷനുകള്‍  ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിയന്ത്രണത്തിലാകും.  സ്റ്റേഷനുകളുടെ പേര് 'ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്' എന്നാക്കി മാറ്റാനും തീരുമാനിച്ചു. 

പുതുതായി ആരംഭിക്കുന്ന പോലീസ് സ്റ്റേഷനുകളിലേക്ക് 186 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതിനു പുറമേ 30 പേരെ സമീപ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് പുനര്‍വിന്യസിക്കും. യോഗ ആന്‍ഡ് നാച്വറോപ്പതി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന്  കാസര്‍ഗോഡ് ജില്ലയിലെ കരിന്തളം വില്ലേജില്‍ പതിനഞ്ച് ഏക്കര്‍ ഭൂമി പാട്ടത്തിന് അനുവദിക്കാന്‍ തീരുമാനിച്ചു.

നൂറ് കിടക്കകളുള്ള ആശുപത്രി ഉള്‍പ്പെടുന്നതാണ് നിര്‍ദ്ദിഷ്ട ഇന്‍സ്റ്റിറ്റ്യൂട്ട്. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാച്വറോപ്പതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. കൊല്ലം ജില്ലയില്‍ പുനലൂര്‍ ആസ്ഥാനമായി പുതിയ റവന്യൂ ഡിവിഷന്‍ ആരംഭിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.