ഇറാനില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങരുതെന്ന് അമേരിക്ക

Thursday 28 June 2018 2:52 am IST

വാഷിങ്ടണ്‍: ഇറാനെതിരായ ഉപരോധം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളും ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന് അമേരിക്ക. ഇറാന്റെ സാമ്പത്തിക സ്രോതസ് കണ്ടെത്തി ഇല്ലായ്മ ചെയ്യാനുള്ള അമേരിക്കയുടെ തന്ത്രപരമായ നീക്കമാണിത്. നവംബര്‍ നാലോടെ പൂര്‍ണമായും ഇന്ധന ഇറക്കുമതി നിര്‍ത്തണമെന്നാണ് ആവശ്യം. 

ചൈനയും ഇന്ത്യയുമാണ് ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്.  മുന്‍പ് ഉണ്ടായിരുന്നതു പോലെ യാതൊരു ഇളവും ഇത്തവണ ഇന്ത്യയ്ക്ക് നല്‍കില്ലെന്നും അമേരിക്ക നിലപാട് കടുപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ നിലപാട് ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ പ്രതിനിധി സംഘം വരുന്നയാഴ്ചകളില്‍ ഇന്ത്യയും ചൈനയും സന്ദര്‍ശിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 

ഇറാനില്‍ നിന്നുള്ള ഇറക്കുമതി കുറച്ചേ തീരൂ. എല്ലാ ഉഭയകക്ഷി യോഗങ്ങളിലും ഈ ആവശ്യം മുന്നോട്ടു വയ്ക്കാറുണ്ട്. നവംബര്‍ ആകുമ്പോഴേക്കും ഇറക്കുമതി തീര്‍ത്തും നിര്‍ത്താനാകണം.' സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പറയുന്നു. 

സ്റ്റേറ്റ് സെക്രട്ടറിയുമായും പ്രതിരോധ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്താനായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും അടുത്തയാഴ്ച അമേരിക്കയിലെത്തുന്നുണ്ട്. നയതന്ത്രചര്‍ച്ചയിലെ പ്രധാന വിഷയങ്ങളിലൊന്ന് ഇതാകാനും സാധ്യതയുണ്ട്.

എന്നാല്‍, ഐക്യരാഷ്ട്ര സഭ ഏര്‍പ്പെടുത്തുന്ന ഉപരോധത്തില്‍ മാത്രമേ ഇന്ത്യ പങ്കാളിയാകൂവെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാനുമായുള്ള ആണവക്കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയതിനു ശേഷമായിരുന്നു, രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങളില്‍ ഇന്ത്യ പങ്കാളികളാവില്ലെന്ന് കേന്ദ്രമന്ത്രി അറിയിച്ചത്.

180 ദിവസങ്ങള്‍ക്കിടെ നടക്കുന്ന അവലോകനത്തില്‍ ഇറക്കുമതിയില്‍ കാര്യമായ കുറവുവരുത്തിയിട്ടുണ്ടെന്നു കണ്ടാല്‍ ഉപഭോക്തൃരാജ്യങ്ങള്‍ക്ക് ഇളവു നല്‍കുന്ന രീതി ഒബാമയുടെ കാലത്ത് നിലവിലുണ്ടായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.