കായല്‍ മത്സ്യങ്ങള്‍ക്ക് വന്‍ഡിമാന്റ്; വില ഉയരുന്നു

Thursday 28 June 2018 3:00 am IST

പള്ളുരുത്തി (കൊച്ചി): രാസവസ്തുക്കള്‍ ചേര്‍ത്ത കടല്‍ മത്സ്യങ്ങള്‍ വ്യാപകമായി സംസ്ഥാനത്തേക്ക് കടത്തുന്നതായി കണ്ടെത്തിയതോടെ കായല്‍ മത്സ്യങ്ങള്‍ക്ക് വന്‍ ഡിമാന്റ്.  കായലിലെ ചെറുമത്സ്യങ്ങള്‍ക്കടക്കം വിലയും വര്‍ധിച്ചു. തെള്ളി ചെമ്മീന് കിലോഗ്രാമിന് 160 രൂപയായി ഉയര്‍ന്നു. ഏതാനും ആഴ്ചകള്‍ക്കു മുന്‍പുവരെ 80 രൂപയായിരുന്നു വില. 260 രൂപയായിരുന്ന നാരന്‍ ചെമ്മീന് കിലോഗ്രാമിന് 360 ആയി. ചൂടന്‍ ചെമ്മീന്‍ 160 ല്‍ നിന്ന് 260 ആയി.

കായല്‍ കൊഞ്ചിന്റെ വില 500 രൂപയില്‍ നിന്ന് 700ലെത്തി. കിലോഗ്രാമിന് 400 രൂപയുണ്ടായിരുന്ന കരിമീനിന് 600 മുതല്‍ 700 വരെയായി. ചെറുപള്ളത്തി ഒരു പങ്കിന് (ഏകദേശം ഒരുകിലോ) 50 രൂപയ്ക്ക് വിറ്റിരുന്നത് 200 രൂപയായി. തിലോപ്പിക്ക് 150 ല്‍ നിന്ന് 350 രൂപവരെയായി. 

നങ്ക് ഒരു പങ്കിന് 50 മുതല്‍ 100 രൂപവരെയായിരുന്നത് 200 മുതല്‍ 250 വരെയായി. ഇടത്തരം കണമ്പ് വില 450 കടന്നു. 250 രൂപവരെയുണ്ടായിരുന്നതാണിത്.   കായലില്‍ നിന്നും നേരിട്ട് തൊഴിലാളികള്‍എത്തിച്ചു നല്‍കുന്ന മത്സ്യങ്ങള്‍ക്കാണ് വിലയുയര്‍ന്നിട്ടുള്ളത്. കായല്‍ മത്സ്യങ്ങള്‍ മത്സ്യതൊഴിലാളികള്‍ പറയുന്ന വിലയ്ക്ക് വരെ വാങ്ങിക്കാന്‍ ആളുണ്ട്. 

ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം വ്യാപകമായി പിടികൂടിയതോടെ സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലില്‍ നിന്ന് പിടിക്കുന്ന മീനിന് ആവശ്യക്കാരില്ലാതായി. കടല്‍ മത്സ്യങ്ങള്‍ മുഴവനും രാസവസ്തുക്കള്‍ ചേര്‍ത്തതാണെന്ന ധാരണ ജനത്തിനുണ്ടായതാണ് കാരണം. ഇതോടെ, കേരളതീരത്ത് നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ക്കും വിലയില്ലാതായി.

കെ.കെ. റോഷന്‍കുമാര്‍ 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.