റേഷന്‍കാര്‍ഡ് അപേക്ഷ മുന്നൊരുക്കമില്ല; ജനങ്ങളെ വലയ്ക്കുന്നു

Thursday 28 June 2018 3:02 am IST

കൊച്ചി: ഓണ്‍ലൈന്‍ സംവിധാനം അട്ടിമറിച്ച് റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ജനങ്ങളെ വലയ്ക്കുന്നു. വയോധികരുള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകളോളം കാത്ത് നിന്ന് അപേക്ഷ നല്‍കേണ്ട ഗതികേടിലാണ്. ഇന്നലെ ചിലയിടങ്ങളില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടായി. കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ ജനങ്ങളെ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂനിര്‍ത്തി ബുദ്ധിമുട്ടിച്ചെന്നാരോപിച്ച രംഗത്ത് വന്ന സംസ്ഥാന സര്‍ക്കാര്‍ തന്നെ റേഷന്‍ കാര്‍ഡ് അപേക്ഷയിലൂടെ ജനങ്ങളുടെ ബുദ്ധിമുട്ട് ഇരട്ടിയിലധികമാക്കി. വേണ്ടത്ര മുന്നൊരുക്കമില്ലാതെ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയതാണ് ആളുകളുടെ ദുരിതത്തിന് കാരണം.

റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പേരില്‍  അപേക്ഷ സ്വീകരിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനമുണ്ടായിട്ടും ആളുകളെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ മാത്രമായിരുന്നു അപേക്ഷ സ്വീകരിക്കാനുള്ള നടപടികള്‍. പിന്നീട് പ്രതിഷേധം വ്യാപകമായതോടെയാണ് പഞ്ചായത്ത് തലങ്ങളില്‍ അപേക്ഷ സ്വീകരിക്കാന്‍ തയാറായിട്ടുള്ളത്. 

ഇപ്പോള്‍ ജൂലായ് 16 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കാന്‍ അവസരമൊരുക്കുമെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ ഭവനപദ്ധതികളുടെ സഹായമടക്കം ദരിദ്രകുടുംബങ്ങള്‍ക്ക് നഷ്ടമാകുന്നുണ്ട്. നേരിട്ട് അപേക്ഷ സ്വീകരിച്ചാല്‍, റേഷന്‍ കാര്‍ഡിന് ഏറെ കാലതാസം നേരിടും. ഓണ്‍ലൈനായിരുന്നെങ്കില്‍ നടപടികള്‍ വേഗത്തില്‍  പൂര്‍ത്തിയാക്കാമായിരുന്നു. ഇനി ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ചുതുടങ്ങിയാലും നലിവില്‍ നേരിട്ട് നല്‍കിയ അപേക്ഷകളില്‍ തീര്‍പ്പാകാന്‍ സമയം ഏറെ എടുക്കും. അങ്ങനെയെങ്കില്‍ വീണ്ടും ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ട അവസ്ഥയുണ്ടാകുമോയെന്നും ആശങ്കയുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.