വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

Wednesday 27 June 2018 8:57 pm IST

 

തലശ്ശേരി: വ്യാപാരിയെ തലശ്ശേരി കൊടുവള്ളിയില്‍ നിന്നും കാറില്‍ തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അഞ്ച് പേരെ ധര്‍മ്മടം പോലിസ് അറസ്റ്റ് ചെയ്തു. ധര്‍മ്മടം ബ്രണ്ണന്‍ കോളേജിനടുത്ത കൃഷ്ണരാധയില്‍ പി.കെ.സജീവന്‍ (42), ചാവശ്ശേരി ഉളിയിലെ പാറക്കാട്ടില്‍ സി.കെ.ജിതേഷ് (38), തലശ്ശേരി ചാലില്‍ റോഡിലെ സുധാനിവാസില്‍ കിരണ്‍ എന്ന ഉണ്ണി (25), തില്ലങ്കേരി രമാലയത്തില്‍ വി.രഞ്ജിത്ത് (32), തലശ്ശേരി സീതി സാഹിബ് റോഡിലെ മാസ്റ്റര്‍ മന്‍ഷനില്‍ അര്‍ഷാദ് (27) എന്നിവരാണ് അറസ്റ്റിലായത്. 

തലശ്ശേരി എഎസ്പി ചൈത്രാ തെരേസാ ജോണാണ് പ്രതികളെ കണ്ടെത്തിയത്. ദുരൂഹതകള്‍ നിറഞ്ഞ കേസില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നിരന്തര നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് തട്ടിക്കൊണ്ടുപോകല്‍ നടത്തിയവരെ തിരിച്ചറിഞ്ഞത്. ഇക്കഴിഞ്ഞ 11 നാണ് ചൊക്ലി കാട്ടില്‍ പിടികയിലെ അബ്ദുള്‍ മജിദിനെ (65) കൊടുവള്ളി ലക്ഷ്മി ടീമ്പര്‍ മരക്കമ്പനിക്കടുത്ത് വച്ച് വെള്ളക്കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയിരുന്നത്. 

പെരുന്നാളിന് പടക്കം വാങ്ങാന്‍ എത്തിയതാണെന്നായിരുന്നു വ്യാപാരിയുടെ വെളിപ്പെടുത്തല്‍. ആദ്യം പരാതിപ്പെട്ട വ്യാപാരി പിന്നിട് കേസൊന്നും വേണ്ടെന്ന് പറഞ്ഞ് തിരിച്ചു പോയി. എന്നാല്‍ തട്ടിക്കൊണ്ടു പോകല്‍ സംഭവം വിവാദ വാര്‍ത്തയായതിനെ തുടര്‍ന്ന് പ്രശ്‌നത്തില്‍ എഎസ്പി ഇടപെട്ടു. ഇതേത്തുടര്‍ന്ന് ധര്‍മ്മടം പോലീസ് മജിദിനെ വിളിച്ചുവരുത്തി കേസെടുക്കുകയായിരുന്നു. കുഴല്‍പ്പണ ഇടപാടും റിയല്‍ എസ്റ്റേറ്റ് വിഷയവുമാണ് സംഭവത്തിന് കാരണമെന്ന് സൂചനയുണ്ട്. ആള് മാറിയെന്ന് തിരിച്ചറിഞ്ഞതിനാലാണ് വഴിയില്‍ ചേറ്റംകുന്നിനടുത്ത് ഇറക്കിവിട്ടത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.