റഷന്‍ വാതില്‍പ്പടി അട്ടിമറിച്ചു; കേരളത്തില്‍ ഭക്ഷ്യ ഭദ്രതാനിയമം കടലാസില്‍ മാത്രം

Wednesday 27 June 2018 9:02 pm IST

 

കണ്ണൂര്‍: റേഷന്‍ സാധനങ്ങള്‍ കൃത്യസമയത്ത് കടകളിലെത്തിക്കാതെ ഭക്ഷ്യഭദ്രതാ നിയമം കേരളത്തില്‍ അട്ടിമറിക്കുന്നു. 

കേന്ദ്രസര്‍ക്കാര്‍ ആവശ്യത്തിന് പണം നല്‍കിയിട്ടും ഇതുവരെയും റേഷന്‍ കടകള്‍ നവീകരിച്ചിട്ടില്ല. ഷട്ടറുകളില്‍ നിര്‍ദ്ദേശിക്കപ്പെട്ട കളറുകള്‍ അടിക്കുക, പുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കുക, അരിക്കും മണ്ണെണ്ണയ്ക്കും പ്രത്യേക മുറികള്‍ സ്ഥാപിക്കുക, സപ്ലൈകോ ഗോഡൗണില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക, റേഷന്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഏര്‍പെടുത്തുക തുടങ്ങിയവയൊന്നും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. 

റേഷന്‍ വിതരണത്തില്‍ നടക്കുന്ന ക്രമക്കേട് തടയുന്നതിനാണ് ഇ-പോസ് സംവിധാനം നടപ്പില്‍ വരുത്തിയത്. എന്നാല്‍ കേരളത്തിലെ 14374 റേഷന്‍ കടകളിലെ മെഷീന്‍ താങ്ങാനുള്ള ശേഷി നിലവിലെ സര്‍വ്വറിനില്ല. 7000 മെഷീന്‍ കഴിഞ്ഞാല്‍ സര്‍വ്വര്‍ ഹാങ്ങാകും. എന്നാല്‍ ഇത് പരിഹരിക്കാന്‍ കൂടുതല്‍ ശേഷിയുള്ള സര്‍വ്വര്‍ സ്ഥാപിക്കാത്തത് കൂടുതല്‍ തട്ടിപ്പിന് അവസരം നല്‍കുകയാണ്. ഇ-പോസ് യന്ത്രത്തെ ത്രാസുമായി ബന്ധിപ്പിച്ചിരുന്നെങ്കില്‍ കാര്‍ഡുടമകള്‍ക്ക് കൃത്യമായ അളവില്‍ സാധനം ലഭിക്കുമായിരുന്നു. എന്നാല്‍ കേരളത്തില്‍ ബില്‍ തയ്യാറാക്കിയ ശേഷം റേഷന്‍ ഷോപ്പിലെ സെയില്‍സ്മാന്‍ തൂക്കി നല്‍കുകയാണ് ചെയ്യുന്നത്. മിക്ക റേഷന്‍ കടകളും ബില്ല് പോലും നല്‍കുന്നില്ല. 

സര്‍വ്വര്‍ ഹാങ്ങ് ആക്കിയും ഇ-പോസ് മെഷിന്‍ പ്രവര്‍ത്തിപ്പിക്കാതെയും മാന്വല്‍ അടിസ്ഥാനത്തില്‍ തട്ടിപ്പ് നടത്തിയും ചില ഉദ്യോഗസ്ഥരും ഒരു വിഭാഗം റേഷന്‍ വ്യാപാരികളും ഭക്ഷ്യഭദ്രതാനയം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം കാര്‍ഡുടമകള്‍ക്ക് കേരളത്തിലെ ഏത് റേഷന്‍ കടയില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങാം.റേഷന്‍ കടകളുടെ പ്രവൃത്തി സമയം ക്രമപ്പെടുത്തി ഒരേ സമയം ഇ-പോസ് മെഷീന്‍ പ്രവര്‍ത്തിപ്പിച്ചാല്‍ അവധി ദിവസങ്ങളിലും രാത്രകാലങ്ങളിലും കടയുടമകള്‍ മെഷിന്‍ പ്രവര്‍ത്തിപ്പിച്ച് തട്ടിപ്പ് നടത്തുന്നത് തടയാനാകും. ആധാര്‍ ഇല്ലാത്തവര്‍ക്കും വിരലടയാളം കൃത്യമാകാത്തവര്‍ക്കും സര്‍ക്കാര്‍ നല്‍കിയ ഇളവും വ്യാപകമായി ദുരുപയോഗം ചെയ്തു. മാന്വല്‍ ഇടപാടിലൂടെ റേഷന്‍ വിതരണം നടത്തി തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ നിയോഗിച്ചിരുന്നുവെങ്കിലും ഇത് മാസപ്പടി വാങ്ങാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവസരമൊരുക്കിയെന്ന ആരോപണമാണുള്ളത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.