മനസ്സ്, ചിന്ത, കര്‍മം ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു

Thursday 28 June 2018 3:11 am IST

മനസ്സിലുണ്ടാകുന്ന സന്തോഷവും ദുഃഖവും ശരീരത്തെയും ശരീരത്തിനുണ്ടാകുന്ന സുഖവും വേദനയും മനസ്സിനെയും ബാധിക്കുന്നു. ഇവ രണ്ടും എല്ലായിപ്പോഴും സമഞ്ജസമായി നിലനിര്‍ത്തേïത് ആരോഗ്യത്തിന് അത്യാവശ്യമാണ്.

ചൂടുള്ള പാത്രത്തിലേക്ക് തണുത്ത എണ്ണ ഒഴിച്ചാല്‍, ചൂട് പാത്രത്തില്‍നിന്ന് എണ്ണയിലേക്കു പോകുന്നു. തണുത്ത പാത്രത്തിലേക്ക് ചൂടുള്ള എണ്ണയൊഴിച്ചാല്‍ ചൂട് മറിച്ചും പോകുന്നതുപോലെയാണിത്. മനസ്സിനെ സന്തോഷിപ്പിക്കാനും സമാധാനിപ്പിക്കാനും പഠിപ്പിക്കണം. മനസ്സിലേക്ക് പുറത്തുനിന്നും വരുന്ന സന്ദേശങ്ങളാണ് മനസ്സിനെ വികാരത്തിനടിമയാക്കുന്നത്. ചെവി, കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക് ഇവയാണ് മനസ്സിലേക്കുള്ള പ്രവേശന ദ്വാരങ്ങള്‍. അതിലൂടെ നല്ലതു കടത്തിവിട്ടാല്‍ മനസ്സില്‍നിന്ന് നല്ലത് പുറത്തുവരും.

അകത്തേക്കു പോകുന്നതിന്റെ അടിസ്ഥാനത്തിലാണ് മനസ്സില്‍നിന്ന് ചിന്തകള്‍ ഉണ്ടാകുന്നത്. ചിന്തകള്‍ നന്മ നിറഞ്ഞ വികാരങ്ങളുണ്ടാക്കണമെങ്കില്‍, നന്മ നിറഞ്ഞ ചിന്തകളുണ്ടാകുന്നത് അകത്തേക്ക് പ്രവേശിക്കണം. മനസ്സിനെ വികാരത്തിനടിമയാക്കാതെ വിചാരത്തിനടിമയാക്കുകയും വേണം. വികാരങ്ങളുടെ അടിസ്ഥാനത്തിലാകരുത്, വിചാരങ്ങളുടെ അടിസ്ഥാനത്തിലാകണം നമ്മുടെ ജീവിതചര്യകള്‍. മനസ്സില്‍നിന്ന് ചിന്തകളുയരുന്നു. ചിന്തകളില്‍നിന്ന് നാം കര്‍മ്മത്തിലേക്ക് പോകേണ്ടതുണ്ട്. മനസ്സ്-ചിന്ത-കര്‍മ്മം ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതു മൂന്നും നിരന്തര പരിശ്രമത്തിലൂടെ നന്മയിലേക്ക് നയിക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നത്.

ശരീരത്തിനു ഭക്ഷണം ആവശ്യമുള്ളതുപോലെ മനസ്സിന് ഭക്ഷണമാകുന്നത് കഥകളും മറ്റുള്ളവരുടെ അനുഭവങ്ങളും ഉപദേശങ്ങളും ജീവിത യഥാര്‍ത്ഥങ്ങളുമാണ്. നല്ല ഭക്ഷണം ശരീരത്തെ പുഷ്ടിപ്പെടുത്തുന്നതുപോലെ മേല്‍പറഞ്ഞ നാലും മനസ്സിനെ പുഷ്ടിപ്പെടുത്തുന്നു.

ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രമാണ് മനസ്സ് ചൈതന്യവത്താകുന്നത്. അപ്പോഴാണ് വ്യക്തി ജീവിതാനുഭവങ്ങളറിയുന്നത്. ആ സമയത്താണ് മനസ്സിനെ നിരന്തരം വൃത്തിയാക്കേïത്.

ധന്യമായ ജീവിത പ്രയാണത്തിന് മറ്റുള്ളവരുടെ അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പാഠമാക്കണം. നാം അനുഭവിച്ചറിയാനുള്ള പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുന്നതിനു പകരം ജീവിതാനുഭവങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തിയവരുടെ അനുഭവം പങ്കുവെക്കുകയാണല്ലോ ഉത്തമം.

നമ്മുടെ മനസ്സിനെ ഇടയ്ക്കിടക്ക് ഓര്‍മ്മിപ്പിക്കണം; നാമിവിടെ ശാശ്വതരല്ല. ജീവിതത്തില്‍ സുഖവും ദുഃഖവും, ഉയര്‍ച്ചയും താഴ്ചയും, ലാഭവും നഷ്ടവും, നല്ലതു പറയുന്നവരും ചീത്ത പറയുന്നവരും... ഉള്ളതുപോലെതന്നെ ജനനവും മരണവുമുണ്ട്. ഇത് മനസ്സില്‍ ഇടക്കെങ്കിലും ഓര്‍മ്മിക്കാനായി സ്ഥാപിക്കണം.

ചിന്താധാര

ഡോ.എന്‍.ഗോപാലകൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.