വന-പരിസ്ഥിതി നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി അട്ടിമറിക്കപ്പെടുന്നു

Thursday 28 June 2018 3:18 am IST
ഉരുള്‍ പൊട്ടലില്‍ കട്ടിപ്പാറയില്‍ 14 പേര്‍ മരിച്ചിട്ടും സര്‍ക്കാര്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിനാശത്തിലേക്കു നയിക്കുന്ന തീരുമാനങ്ങളിലേക്കു പോകുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. തൊഴിലാളികളുടെ പേരുപറഞ്ഞ്, പരമ്പരാഗത വ്യവസായമേഖലയെ രക്ഷിക്കാനെന്ന വ്യാജേന വന്‍ അഴിമതിക്കുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷവും ഒത്തുകളിക്കയാണെന്നു സംശയിക്കുന്നു

പരിസ്ഥിതിയോടു മനുഷ്യന്‍ കാട്ടുന്ന അനീതികളുടെ പരിണതിയെന്ന പോലെ ഭീകരമായ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായിട്ടും പരിസ്ഥിതിക്ക് തീര്‍ത്തും ഹാനികരമാകുന്ന രീതിയില്‍ തോട്ടങ്ങളെയും തണ്ണീര്‍ത്തടങ്ങളെയും സംബന്ധിച്ച് സര്‍ക്കാര്‍ ചില ആശങ്കപ്പെടുത്തുന്ന തീരുമാനങ്ങളുമായി മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നതായി ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന സമിതി നിരീക്ഷിച്ചു.

കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് & മാനേജ്‌മെന്റ് ഓഫ് എക്കോളജിക്കലി ഫ്രജൈല്‍ ലാന്‍ഡ്) ആക്ടിന്റെ പരിധിയില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കിയത്, പരിസ്ഥിതിക്ക് സാരമായ പരുക്കേല്‍പ്പിക്കുന്നതാണെന്ന് ഭാരതീയ വിചാരകേന്ദ്രം അഭിപ്രായപ്പെട്ടു. ഈ നടപടി വ്യാപകമായ പരിസ്ഥിതി നശീകരണത്തിന് ഇടയാക്കുന്നതാണ്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. നിയമപരമായി പാറഖനനം സാധ്യമല്ലാത്തയിടത്തേക്ക് കോര്‍പ്പറേറ്റ് ലോബികള്‍ക്ക് പ്രവേശനം നല്‍കി പരിസ്ഥിതിയെ ആകെ നശിപ്പിക്കാനുള്ള ഗൂഢ തന്ത്രമാണ് ഇത്തരത്തിലൊരു തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നു.

സീനിയറേജ് അടച്ച് മുറിക്കേണ്ട റബര്‍ മുറിക്കാന്‍ തോട്ടങ്ങള്‍ തയ്യാറാണെന്നിരിക്കേ സൗജന്യമായി മുറിക്കാന്‍ അനുവാദം കൊടുക്കുന്നത് പൊതുഖജനാവിന് കോടിക്കണക്കിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതു കൂടാതെ തോട്ടഭൂമിക്കുമേല്‍ സര്‍ക്കാരിനുള്ള അധികാരം നഷ്ടപ്പെടുത്താന്‍ വഴിതെളിക്കുന്നതുമാണ്. ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നു സംശയിക്കുന്നു.

വന്‍ തോട്ടങ്ങളിലെ ലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തൊഴിലാളുകള്‍ക്കു വീടു വച്ചു നല്‍കുന്നതിന് തോട്ടം കൈവശം വച്ചിരിക്കുന്നവരുമായി കരാറുണ്ടാക്കാനുള്ള നീക്കം തര്‍ക്കഭൂമിയായ തോട്ടങ്ങളുടെ മേല്‍ സ്വകാര്യമുതലാളിമാരുടെ അവകാശവാദത്തെ അംഗീകരിച്ചു കൊടുക്കുന്നതിലേക്കാകും നയിക്കുക. ഇതുവഴി തൊഴിലാളികളെ സംരക്ഷിക്കാനുള്ള തോട്ടം കൈവശം വച്ചിരിക്കുന്നവരുടെ ഉത്തരവാദിത്വം ലഘൂകരിച്ചുകൊടുക്കാനുള്ള നീക്കമാണു സര്‍ക്കാര്‍ നടത്തുന്നത്.

പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ക്ക് പാട്ടം പുതുക്കി നല്‍കാനുള്ള നീക്കവും ലേലത്തിലൂടെ സര്‍ക്കാരിനു ലഭിക്കാവുന്ന വന്‍ തുക നഷ്ടപ്പെടുത്തുവാനിടയാക്കുമെന്നും വനനിയമത്തില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കുന്നത് ക്വാറി മുതലാളിമാരെയും വനവിഭവത്തില്‍ താത്പര്യമുള്ള മറ്റു തത്പരകക്ഷികളെയും സഹായിക്കാനാണെന്നും വിചാരകേന്ദ്രം നിരീക്ഷിച്ചു. 

പരിസ്ഥിതിയോടു കാട്ടുന്ന ക്രൂരതയുടെ പരിണതിയെന്നപോലെ ഉരുള്‍ പൊട്ടലില്‍ കട്ടിപ്പാറയില്‍ 14 പേര്‍ മരിച്ചിട്ടും സര്‍ക്കാര്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിനാശത്തിലേക്കു നയിക്കുന്ന തീരുമാനങ്ങളിലേക്കു പോകുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്.

തൊഴിലാളികളുടെ പേരുപറഞ്ഞ്, പരമ്പരാഗത വ്യവസായമേഖലയെ രക്ഷിക്കാനെന്ന വ്യാജേന വന്‍ അഴിമതിക്കുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷവും ഒത്തുകളിക്കയാണെന്നു സംശയിക്കുന്നു. പരിസ്ഥിതിയോടുള്ള ക്രൂരതയ്ക്കു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് കേരളജനതയോടു സര്‍ക്കാര്‍ കാട്ടുന്ന ക്രൂരതയാണെന്നും അതിനായി തൊഴിലാളിക്ഷേമത്തെയും തോട്ടങ്ങളുടെ പുനരുജ്ജീവനത്തെയും മറ്റും കൂട്ടുപിടിക്കുന്നത് വന്‍ അഴിമതിയുടെ മേല്‍ ആരുടെയും ദൃഷ്ടി പതിയാതിരിക്കാനാണെന്നും ഭാരതീയവിചാരകേന്ദ്രം ആശങ്ക രേഖപ്പെടുത്തി. പരിസ്ഥിതിനശീകരണത്തിനുള്ള ഈ ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും വിചാരകേന്ദ്രം ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.