മോദിക്ക് സുരക്ഷാ ഭീഷണി; ആസൂത്രണം കേരളത്തിലും

Thursday 28 June 2018 3:20 am IST

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള പദ്ധതിയില്‍ കേരളത്തിലെ ചില ഭീകരസംഘടനകള്‍ക്കും പങ്ക്. കേരളത്തില്‍ സജീവമാകുന്ന ഐഎസ് അടക്കമുള്ള സംഘടനകളും ചില മാവോയിസ്റ്റ് സംഘടനകളും ഒത്തു ചേര്‍ന്ന്  ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇവ ഐബിയുടെ നിരന്തരമായ നിരീക്ഷണത്തിലാണ്. 

ഒറ്റതിരിഞ്ഞുള്ള ആക്രമണത്തിന് പകരം സംയുക്ത നീക്കത്തിനാണ് പദ്ധതി. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പി (എസ്പിജി)ന്റെ സുരക്ഷാ വലയം ഭേദിക്കാന്‍ എളുപ്പമല്ലാത്തതിനാല്‍ മറ്റുവഴികളാണ് ഇവര്‍ തേടുന്നത്. മാവോയിസ്റ്റുകളും ഐഎസ് അടക്കമുള്ള വിവിധ ഇസ്ലാമിക ഭീകരസംഘടനകളും സംയുക്ത നീക്കത്തിന് പദ്ധതി തയ്യാറാക്കിയെന്നതാണ് ഐബി റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭീകരരുടെയും മാവോയിസ്റ്റ് സംഘടനകളുടെയും ലക്ഷ്യം മോദിയാണ്.

പ്രധാനമന്ത്രി കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് എത്തിയ സമയത്ത് മാവോയിസ്റ്റ്-ഇസ്ലാമിക ഭീകരസംഘടനകള്‍ ചേര്‍ന്ന് വധിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇത് അന്നത്തെ ഡിജിപി ടി.പി. സെന്‍കുമാറും മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു. 

മെട്രോ യാത്രക്കിടയില്‍ വധിക്കാനായിരുന്നു പദ്ധതി. ഇതിനായി അഞ്ചുപേര്‍ കൊച്ചിയില്‍ എത്തിയിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ പദ്ധതി തയ്യാറാക്കിയത് കേരളത്തിലാണെന്നും കണ്ടെത്തിയിരുന്നു. ഇതോടെ കേരളം കേന്ദ്ര ഇന്റലിജന്‍സിന്റെ പ്രത്യേക നിരീക്ഷണത്തിലാവുകയായിരുന്നു. 

ബീഹാറിലെ ഹുങ്കാര്‍ റാലിക്കിടെയുണ്ടായ ബോംബാക്രമണത്തിനു ശേഷം കേരളത്തിലെ മെട്രോ ഉദ്ഘാടനസമയത്ത് വധിക്കാന്‍ നീക്കം നടത്തിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഐഎസിന്റെ പ്രവര്‍ത്തനം നടക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേന്ദ്ര ഇന്റലിജന്‍സും റോയും കേരളത്തില്‍ നടക്കുന്ന ഓരോ പ്രവര്‍ത്തനവും പ്രത്യേകം നിരീക്ഷിച്ചു വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളും യോഗങ്ങളുമടക്കം ഇന്റലിജന്‍സ് പ്രത്യേകം നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയത്.

പദ്ധതി തയാറാക്കിയത് അഞ്ചുതവണ

കൊച്ചി: പ്രധാനമന്ത്രിയെ വധിക്കാന്‍ 2013-18 കാലയളവില്‍ അഞ്ചുപദ്ധതികളാണ് തയാറാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഇതില്‍ ഏറ്റവും ഗൗരവമേറിയതാണ് ഈ മാസം അഞ്ചിന് പുറത്തായ വിവരം. 2013 ഒക്‌ടോബര്‍ ഇരുപത്തിയേഴിന് പട്‌നയില്‍ മോദി പങ്കെടുത്ത ഹുങ്കാര്‍ റാലിക്കിടയില്‍ ഉണ്ടായ ബോംബ് സ്‌ഫോടനമായിരുന്നു ആദ്യത്തേത്. ഇതില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. 

2015 മെയില്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനിടയില്‍ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു. 2017 ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശിലെ മാവോ ജില്ലയില്‍ നടന്ന പൊതുപരിപാടിയിലും 2017ല്‍ കൊച്ചി മെട്രോ ഉദ്ഘാടന സമയത്തും വധിക്കാന്‍ ശ്രമം നടന്നു. ഒടുവില്‍ ഈ മാസം അഞ്ചിന് വീണ്ടും മോദിയെ വധിക്കാനുള്ള മാവോയിസ്റ്റ്-ഇസ്ലാമിക ഭീകരവാദികളുടെ നീക്കമാണ് പുറത്തുവന്നത്.

സാനു കെ. സജീവ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.