മികച്ച ഡോക്ടര്‍മാര്‍ക്ക് 62 വയസ്സിന് ശേഷവും കേന്ദ്ര സര്‍വീസില്‍ തുടരാം

Thursday 28 June 2018 3:25 am IST

ന്യൂദല്‍ഹി: ചികിത്സാ വൈദഗ്ധ്യമുള്ള ഡോക്ടര്‍മാര്‍ക്ക് 62 വയസ്സിന് ശേഷവും സര്‍വീസില്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര സ്ഥാപനങ്ങളിലെ മെഡിക്കല്‍ വിദ്യാഭ്യാസം, ചികിത്സ, പൊതുജനാരോഗ്യ പരിപാടിയുടെ നടപ്പാക്കല്‍ എന്നിവ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. കേന്ദ്ര സര്‍വീസില്‍ നിന്നും നിന്നും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും കൂടുതല്‍ അനുഭവ പരിചയമുള്ള ഡോക്ടര്‍മാരെ അധ്യാപനത്തിനു വേണ്ടി മാറ്റി നിയമിക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. 

സ്വന്തം മേഖലയില്‍ ചികില്‍സാ വൈദഗ്ധ്യമുള്ള, 62 വയസിനു മുകളിലുള്ള ഡോക്ടര്‍മാരെ കേന്ദ്ര ആരോഗ്യ സര്‍വീസില്‍ (സിഎച്ച്എസ്) നിന്നും മറ്റ് മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു നിയമിക്കും എന്ന ഉറപ്പോടെയാണ് അനുമതി. 2016 ജൂണ്‍ ഒന്നിന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിനു വേണ്ടി ഭേദഗതി ചെയ്താണ് പുതിയ തീരുമാനമെടുത്തത്. 

കേന്ദ്ര ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായപരിധി 65 വയസാക്കി ഉയര്‍ത്താന്‍ 2016 ജൂണ്‍ 15നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിനു പുറമേ, മറ്റു മന്ത്രാലയങ്ങളിലും റെയില്‍വെ ഉള്‍പ്പെടെയുള്ള വകുപ്പുകളിലും ആയുഷ്, കേന്ദ്ര സര്‍വകലാശാലകള്‍ മുതലായവയിലെയും ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായവും 2017 സപ്തംബര്‍ 27നു ചേര്‍ന്ന മന്ത്രിസഭാ യോഗം 65 വയസ്സായി ഉയര്‍ത്തിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.