മോസ്ക്കോ: റഷ്യയിലും ചരിത്രം ആവര്‍ത്തിച്ചു. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി ലോകപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. ഗ്രൂപ്പ് എഫിലെ നിര്‍ണ്ണായക മത്സരത്തില്‍ അവര്‍ ദക്ഷിണ കൊറിയയോട് മറുപടിയില്ലാത്ത രണ്ട് ഗോളിന് തോറ്റു. കിങ് യങ് വോണ്‍, സണ്‍ ഹീയുങ്ങ് മിന് എന്നിവരാണ് ഗോള്‍ നേടിയത്. പരിക്ക് സമയത്ത് മൂന്ന് മിനിറ്റിനിടെയാണ് കൊറിയ രണ്ട് ഗോളും നേടിയത്. കഴിഞ്ഞ രണ്ട് ലോകകപ്പുകൡലെ ചരിത്രം തിരുത്താന്‍ ഇത്തവണ ജര്മ്മനിക്കുമായില്ല. 2010-ല്‍ ഇറ്റലിയും 2014-ല്‍ സ്പെയിനും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.
മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും രണ്ട് തോല്‍വിയും ഏറ്റുവാങ്ങിയ ജര്‍മനിക്ക് മൂന്ന് പോയിന്റാണ് ലഭിച്ചത്. അവസാന മത്സരത്തില്‍ മെക്സിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഗ്രൂപ്പ് ജേതാക്കളായി സ്വീഡന് നോക്കൗട്ടില്‍ പ്രവേശിച്ചു. രണ്ടാം സ്ഥാനക്കാരായി മെക്സിക്കോയും പ്രീ ക്വാര്‍ട്ടറിലെത്തി.
തുടക്കത്തില്‍ കൊറിയക്കായിരുന്നു മുന്‍ തൂക്കം. നിരന്തരമായ നീക്കങ്ങളിലൂടെ അവര്‍ ജര്‍മനിയെ സമ്മര്‍ദത്തിലാക്കി. ജര്‍മനിയുടെ പ്രത്യാക്രമണങ്ങളെ കൊറിയന്‍ പ്രതിരോധനിര ഫലപ്രദമായി തടയുകയും ചെയ്തു. അതേസമയം ജര്‍മനി ആദ്യ പകുതിയില്‍ നിരാശപ്പെടുത്തി. തുടക്കം മുതല്‍ താളം കണ്ടെത്താനാകാതെ അവര്‍ തപ്പിതടഞ്ഞു. കൊറിയയുടെ ശക്തമായ പ്രതിരോധത്തിന് മുന്നില്‍ പതറിപ്പോയി.
പതിനൊന്നാം മിനിറ്റില്‍ ജര്‍മനിക്ക് ഫ്രീകിക്ക് ലഭിച്ചു. ക്രൂസ് എടുത്ത കിക്ക് കൊറിയന്‍ പ്രതിരോധ നിരക്കാരന് ഹെഡ് ചെയ്ത് അപകടം ഒഴിവാക്കി. ഏറെ താമസിയാതെ കൊറിയയ്ക്കും ഫ്രീകിക്ക് കിട്ടി. ജങ്ങിന്റെ ഷോട്ട് ജര്‍മന്‍ ഗോളിയുടെ കൈയില്‍ തട്ടി തെറിച്ചു. എന്നാല്‍ ഓടിയെത്തിയ സണ്‍ പന്ത് കാലില്കുരുക്കും മുമ്പേ ഗോളി പന്ത് തട്ടിയകറ്റി. പിന്നീട് റൂസിന് ഗോളടിക്കാന്‍ നല്ലൊരു അവസരം ലഭിച്ചു. പക്ഷെ കൊറിയന്‍ പ്രതിരോധത്തെ മറികടക്കാന്‍ റൂസിന് കഴിഞ്ഞില്ല. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി.
രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ജര്‍മനി ഉണര്‍ന്നു കളിച്ചു. ഓസിലും കിമ്മിച്ചുമൊക്ക കൊറിയന്‍ പ്രതിരോധത്തെ തകര്‍ത്ത് മുന്നേറിയെങ്കിലും ഗോള്‍ അടിക്കാനായില്ല. 87-ാം മിനിറ്റില്‍ ഓസില്‍ നീട്ടിക്കൊടുത്ത ക്രോസില്‍ ഹമ്മല്‍സ് തലവെച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി. തൊട്ടടുത്ത മിനിറ്റില്‍ ക്രൂസിന്റെ ഒന്നാന്തരം ഷോട്ട് കൊറിയന്‍ ഗോളി രക്ഷപ്പെടുത്തി.
സ്വീഡനെ തോല്‍പ്പിച്ച ടീമില്‍ അഞ്ചു മാറ്റങ്ങള്‍ വരുത്തിയാണ് ജര്‍മന്‍ കോച്ച് ടീമിനെ ഇറക്കിയത്. ദക്ഷിണ കൊറിയ മെക്സിക്കോയോട് തോറ്റ ടീമില്‍ നാലു മാറ്റങ്ങളും വരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: