ഐസ്‌ലൻഡിന് തോൽവി

Thursday 28 June 2018 3:34 am IST

മോസ്‌ക്കോ: ക്രൊയേഷ്യയുടെ പോരാട്ടച്ചൂടില്‍ ഐസ്‌ലന്‍ഡ് ഉരുകിയലിഞ്ഞു. ലോകകപ്പ് ഗ്രൂപ്പ് ഡിയലെ അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഐസ്‌ലന്‍ഡിനെ തകര്‍ത്ത് ക്രൊയേഷ്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ- ക്വാര്‍ട്ടറിലെത്തി. അവസാന നിമിഷങ്ങളില്‍ ഇവാന്‍ പെരിസിക്കിന്റെ ഗോളിലാണ് ക്രൊയേഷ്യ വിജയം പിടിച്ചെടുത്തത്.

ക്രൊയേഷ്യയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഇതോടെ അവര്‍ ഒമ്പതുപോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി. ഐസ്‌ലന്‍ഡ് തോറ്റതോടെ മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന നാലു പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീന നൈജീരിയയെ പരാജയപ്പെടുത്തി.

ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ ഡെന്‍മാര്‍ക്കാണ് പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ എതിരാകളികള്‍. ഞായറാഴ്ചയാണ് ഈ മത്സരം . അര്‍ജന്റീന പ്രീ - ക്വാര്‍ട്ടറില്‍ ഫ്രാന്‍സുമായി മാറ്റുരയ്ക്കും. ഇതാദ്യമായി ലോകകപ്പിനെത്തിയ ഐസ്‌ലന്‍ഡ് മികച്ച പോരാട്ടം കാഴ്ചവെച്ചാണ് മടങ്ങുന്നത്. ആദ്യ മത്സരത്തില്‍ അവര്‍ അര്‍ജന്റീനയെ സമനിലയില്‍ പിടിച്ചുനിര്‍ത്തി.

അര്‍ജന്റീനയ്ക്ക് എതിരെ തകര്‍ത്തുകളിച്ച ഐസ് ലന്‍ഡിന് ക്രൊയേഷ്യയെ പിടിച്ചുകെട്ടാനായില്ല. ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെ അവര്‍ പിടിച്ചുനിന്നു. പക്ഷെ രണ്ടാം പകുതിയുടെ എട്ടാം മിനിറ്റില്‍ ഐസ് ലന്‍ഡിന്റെ പ്രതിരോധം തകര്‍ത്ത് ക്രൊയേഷ്യ ലീഡ് നേടി. ബാദേലാണ് ഗോളടിച്ചത്.

ഇരുപത് മിനിറ്റുകള്‍ക്കു  ശേഷം ഐസ്‌ലന്‍ഡിന് ഗോള്‍ തിരിച്ചടിക്കാന്‍ അവസരം കൈവന്നതാണ് . പക്ഷെ ഫിന്‍ബോഗാസണിന്റെ ക്രോസ് ഗോളിലേക്ക് തിരിച്ചുവിടാന്‍ ബാര്‍നാസണ് കഴിഞ്ഞില്ല.

മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഐസ്‌ലന്‍ഡ് ക്രൊയേഷ്യക്കൊപ്പം എത്തി. പെനാല്‍റ്റി മുതലാക്കി സിഗര്‍ഡ്‌സണാണ് ഐസ്‌ലന്‍ഡിന് സമനില നേടിക്കൊടുത്തത്. നൈജീരിയക്കെതിരായ മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ സിഗര്‍ഡ്‌സണ് ഇത്തവണ പിഴച്ചില്ല. ഷോട്ട് വലയില്‍ കയറി. 

പിന്നീട് വിജയത്തിനായി കളം നിറഞ്ഞുകളിച്ച ക്രൊയേഷ്യ 90-ാം മിനിറ്റില്‍ വിജയം പിടിച്ചെടുത്തു. ഇവന്‍ പെരിസിക്കാണ് ടീമിന് വിജയം സമ്മാനിച്ച ഗോര്‍ നേടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.