ജർമനിയുടെ അകാല ചരമം

Thursday 28 June 2018 8:30 am IST

ടോണി ക്രൂസിന്റെ സർജിക്കൽ ഫ്രീ കിക്കിലൂടെ ജീവിതം വീണ്ടെടുത്ത ജർമ്മൻ മോഹങ്ങൾക്ക് കാസൻ അരീനയിൽ അകാല ചരമം. ചരിത്രം ലോക ചാമ്പ്യന്മാരോട് എന്നും ഇങ്ങനെയായിരുന്നുവെന്ന സ്ഥിരം ന്യായവാദങ്ങൾ പരിഹാസ്യമാണ്. എന്നും തോൽക്കുന്ന ദക്ഷിണ കൊറിയയോടാണ് ജർമ്മനി തോറ്റത്. ആ സിംഹാസനത്തിന് മേൽ കളിയുടെ ഇൻജുറി ടൈമിൽ കൊറിയൻ ചുണ്ടെലികൾ സർവനാശം വിതച്ചു.

പതുപതുത്ത ആ ഇരിപ്പിടം അവർ അനായാസം തുരന്നു കയറി. ആരും മോഹിക്കുന്ന ആ തൊങ്ങലുകളത്രയും കരണ്ടെടുത്തു. പലപ്പോഴും അവർ ജർമ്മൻ മതിലുകളിൽ വിള്ളലുണ്ടാക്കി. തൊണ്ണൂറ്റി രണ്ടാം മിനിട്ടിൽ യോ കിം ജർമ്മൻ വല കുലുക്കിയപ്പോൾ തല കുനിച്ചത്  കിം ലോ മാത്രമായിരുന്നില്ല .. പ്രാർത്ഥനയുമായി കിനാക്കൾക്ക് കാവലിരുന്ന ആരാധക ലോകം കൂടിയായിരുന്നു. പൊറുതിമുട്ടിയ ഗോൾകീപ്പർ ന്യൂയർ പോലും കൊറിയൻ ഗോൾ മുഖത്തേക്ക് ഇരമ്പിക്കയറി. വിചിത്രമായിരുന്നു. സ്വന്തം ഗോൾ മുഖം ഉപേക്ഷിച്ച് ന്യൂയർ നടത്താനൊരുമ്പെട്ട മുന്നേറ്റം ... ആ വലിയ പിഴവിന് അടുത്ത നിമിഷം ജർമ്മനി പിഴയൊടുക്കേണ്ടി വന്നു.

ന്യൂയറുടെ കാലിൽ നിന്ന് റാഞ്ചിയ പന്തുമായാണ് കൊറിയൻ സ്ട്രൈക്കർ സൺ ഹ്യുങ് മിൻ നാഥനില്ലാതെ പോയ ജർമ്മൻ വലയിലേക്ക് നിറയൊഴിച്ചത്. കൊറിയയ്ക്ക് ഇരട്ട ഗോൾ വിജയം. ജർമ്മനി മടങ്ങുന്നു. പ്രതീക്ഷയുടെ ആരവങ്ങൾ നിലയ്ക്കുകയും പ്രാർത്ഥനകൾ ദീർഘനിശ്വാസത്തിലേക്ക് ഒതുങ്ങുകയും ചെയ്തിരിക്കുന്നു. കണ്ണീർപ്പെയ്ത്തിൽ ജർമ്മൻ കിനാവുകൾ ... ഗാലറിയിൽ സാക്ഷാൽ ലോതർ മത്തേവൂസ് സാക്ഷി നിന്നു. ലോകഫുട്ബോളിലെ എക്കാലത്തെയും കരുത്തനായ ബുള്ളറ്റ് ഷൂട്ടർ. ജർമ്മൻ ഫുട്ബോൾ ചരിത്രത്തിലെ അതികായനായ നായകൻ..... ആ മത്തേവൂസിനെ സാക്ഷി നിർത്തിയാണ് ഇന്നലെ ജർമ്മനി ഏറ്റവും ദുർബലമായ ഗെയിം കളിച്ചത്.

ആരാധകരുടെ ആഗ്രഹങ്ങൾക്ക് സ്വർണത്തൂക്കമുണ്ട്. പക്ഷേ റഷ്യയിലെ കാസൻ അരീനയിൽ കാഴ്ച കാണാനെത്തിയ ആ പതിനൊന്ന് പേർക്ക് അതിന്റെ മൂല്യം അറിയാതെ പോയി... അവർ പിൻതിരിയുന്നു. ജോക്കിം ലോ ഈ ലോകക്കപ്പിലെ നഷ്ടമാണ്. ശാന്തനായ പരിശീലകൻ.... ആ കൺ തിളക്കിന്റെ വെളിച്ചത്തിലാണ് ഓസിലും റിയൂസും ക്രൂസും മുള്ളറും വേണറുമൊക്കെ താരങ്ങളായത്. .. ഇനി യാത്രയാണ് . നാല് വർഷം .... കാത്തിരിപ്പിന്റെ നാല് വർഷം ... ഇപ്പോൾ ആശ്വസിക്കാൻ നമുക്ക് ചരിത്രത്തെ ചാരി നിൽക്കാം. ഫ്രാൻസിന് , ഇറ്റലിക്ക് , സ്പെയിന് ഒപ്പം ജർമ്മനിയും ... ചരിത്രത്തോട് നീതി കാട്ടിയില്ലെന്ന് കാലം പറയരുതല്ലോ.

എം. സതീശൻ

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.