ദിലീപിനെ തിരിച്ചെടുത്തതിനെതിരെ വനിതാ കമ്മിഷന്‍ രംഗത്ത്

Thursday 28 June 2018 10:55 am IST

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവം വീണ്ടും ചര്‍ച്ച ചെയ്യപ്പെടണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍.  നടി അടക്കം നാലുപേര്‍ രാജി വച്ച സംഭവത്തില്‍ താരസംഘടനയായ അമ്മ നിലപാട് വ്യക്തമാക്കണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു.

ക്രിമിനല്‍ കേസില്‍ പ്രതിസ്ഥാനത്ത് നില്‍കുന്ന നടന്‍ ദിലീപിനെ "അമ്മ'യില്‍ തിരിച്ചെടുത്തത് ശരിയായില്ലെന്നും അവര്‍ പറഞ്ഞു. ലഫ്റ്റനന്‍റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ ലാലിന്റെ നിലപാട് ഉചിതമല്ല. മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കണമെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. അഭിനേതാക്കളുടെ സംഘടന അമ്മയെന്ന പേര് ഉപയോഗിക്കുന്നത് അനുചിതമാണെന്നും ആ പേര് ഇനിയവര്‍ക്ക് ചേരില്ലെന്നും വനിത കമ്മിഷന്‍ പറഞ്ഞു.

ഒരു ലെഫ്റ്റനന്റ് കേണല്‍ എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടയാളാണ് മോഹന്‍ലാല്‍. സാംസ്‌കാരികമായ ഉന്നത നിലവാരം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. അദ്ദേഹം അമ്മയുടെ പ്രസിഡന്റായ ശേഷം ആദ്യം എടുത്ത തീരുമാനം ഇതാണ്. അല്‍പം സാവകാശത്തോടെ ചിന്തിച്ച്‌ സ്വീകരിക്കേണ്ട നിലപാടായിരുന്നു ഇത്, ജോസഫൈന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നേതൃപരമായ പങ്ക് മോഹന്‍ലാല്‍ വഹിക്കരുതായിരുന്നു.

മഞ്ജു വാര്യര്‍ മൗനം വെടിഞ്ഞ് അഭിപ്രായം പറയാന്‍ തയ്യാറാകണം. ഈ വിഷയത്തില്‍ ഇടത് എംപി ഇന്നസെന്റ്, എംഎല്‍എ മുകേഷ് എന്നിവരുടെ നിലപാട് പാര്‍ട്ടി ഗൗരവത്തോടെ കാണുമെന്ന്, എംസി ജോസഫൈന്‍ വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.