സഭയുടെ ഭൂമിയിടപാട്: ഇടനിലക്കാരന്റെ വീട്ടില്‍ റെയ്ഡ്

Thursday 28 June 2018 11:24 am IST

കൊച്ചി: സീറോ മലബാര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഭൂമിയിടപാടിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്റെ വീട്ടിലും കാക്കനാട് ആസ്ഥാനമാ‍യ വി.കെ. ഗ്രൂപ്പ് സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. 13 സ്ഥലങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.

ഭൂമി ഇടപാടില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സാജു വര്‍ഗീസ് മൂന്നുവര്‍ഷത്തെ ആദായനികുതി ഒരുമിച്ച് അടയ്ക്കാന്‍ ശ്രമിച്ചിരുന്നു. ഇതും റെയ്ഡിന് കാരണമായി. ഇടപാടില്‍ സഭക്ക് പകരം ഭൂമി നല്‍കിയ കോതമംഗലത്തിനടുത്ത് കോട്ടപ്പടിയിലെ ഇലഞ്ഞിക്കല്‍ ജോസ്, കാക്കനാട് വി.കെ. ഗ്രൂപ്പ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളാണ് റെയ്ഡ് നടക്കുന്നത്. ഭൂമിയിപാടിന്റെ കൃത്യമായ കണക്കുകളും ഇടപാട് വഴി ലഭിച്ച പണം എവിടെ പോയെന്ന വിവരവും തേടിയാണ് ആദായ നികുതിയുടെ റെയ്ഡ്.

അങ്കമാലി-എറണാകുളം അതിരൂപതയുടെ ഭൂമി 13 കോടി രൂപക്ക് വില്‍ക്കാനാണ് സാജു വര്‍ഗീസിനെ ഏല്‍പിക്കുന്നത്. എന്നാല്‍, 27 കോടി രൂപക്ക് ഭൂമി വില്‍പന നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, 67 കോടി രൂപക്ക് ഭൂമിയിടപാട് നടന്നുവെന്നാണ് ആരോപണം. അതിനാല്‍, ഇടപാടിലെ പണം എവിടെ എന്ന ചോദ്യമാണ് സീറോ മലബാര്‍ സഭയെയും മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും പ്രതി സ്ഥാനത്ത് നിര്‍ത്താന്‍ വഴിവച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.