മുംബൈയില്‍ വിമാനം തകര്‍ന്ന് വീണ് 5 മരണം

Thursday 28 June 2018 2:31 pm IST

മുംബൈ: മുംബൈയില്‍ ജനവാസ മേഖലയില്‍ വിമാനം തകര്‍ന്ന് വീണ് അഞ്ചു പേര്‍ മരിച്ചു. മുംബൈയിലെ ഘാട്കോപ്പറില്‍ ചാര്‍ട്ടേഡ് വിമാനമാണ് തകര്‍ന്നു വീണത്. യുവൈ ഏവിയേഷന്‍ കമ്പനിയുടെ വിമാനമാണ് തകര്‍ന്നത്. പൈലറ്റുള്‍പ്പെടെ നാലു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഈ നാലുപേരും കാല്‍നട യാത്രക്കാരനുമാണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15നാണ് ദുരന്തമുണ്ടായത്. 15 മിനിറ്റിനകം അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി.  രണ്ട് മൃതദേഹങ്ങള്‍ ആദ്യം തന്നെ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തു. വിമാനം വീണതിന് പിന്നാലെ വന്‍ തീഗോളം പ്രത്യക്ഷപ്പെട്ടു. അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുംബൈയിലെ യുവൈ ഏവിയേഷന് വില്‍പ്പന നടത്തിയ വിമാനമാണിത്. നേരത്തെ അലഹാബാദില്‍ ഒരു അപകടത്തില്‍പ്പെട്ട പശ്ചാത്തലത്തിലാണ് വിമാനം വിറ്റത്. 

2014ലാണ് വിമാനം കൈമാറിയതെന്നും ഉത്തര്‍പ്രദേശ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അവിനാഷ് അശ്വതി അറിയിച്ചു. ലാന്റ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് വിമാനം തകര്‍ന്ന് വീണതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അഖിലേഷ് സിങ് പറഞ്ഞു. തീ പടര്‍ന്നതോടെ സമീപവാസികളെ പോലീസ് ഒഴിപ്പിച്ചു. 

സംഭവത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചുവെന്ന് വ്യോമയാന വകുപ്പ് ഉദ്യോഗസ്ഥന്‍ ബിഎസ് ഭുള്ളര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.