രാജിവച്ച നടിമാര്‍ക്കൊപ്പമെന്ന് നടന്‍ പൃഥ്വിരാജ്

Thursday 28 June 2018 4:15 pm IST

തിരുവനന്തപുരം: അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ക്കൊപ്പമാണ് താനെന്ന് നടന്‍ പൃഥ്വിരാജ്. അവരുടെ തീരുമാനത്തെയും ധൈര്യത്തെയും അംഗീകരിക്കുന്നു. തനിക്ക് പറയാനുള്ളത് പറയേണ്ടിടത്ത് പറയേണ്ട സമയത്ത് പറയുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇംഗ്ലീഷ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയത്. 

ദിലീപിനെ പുറത്താക്കാന്‍ ഞാന്‍ ഒരു തരത്തിലും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. അതിന്റെ ക്രെഡിറ്റ് എനിക്ക് വേണ്ട. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടത് എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ സംഭവമാണ്. ഇപ്പോഴും ആ വേദനയില്‍ നിന്ന് മുക്തനായിട്ടില്ല. എന്നിട്ടും പൊരുതി നിന്ന നടിയുടെ ധൈര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഷൂട്ടിംഗ് തിരക്കുകള്‍ മൂലമാണ് അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.

രമ്യയെയും ഗീതുവിനെയും ഭാവനയെയും റിമയെയും നന്നായി എനിക്കറിയാം. അവര്‍ എന്തുകൊണ്ടാണ് രാജിവച്ചതെന്നും അറിയാം. അവരുടെ ധൈര്യത്തെയും തീരുമാനത്തെയും അഭിനന്ദിക്കുന്നു.  അവരെ വിമര്‍ശിക്കുന്ന പലരും ഉണ്ടാകും. എന്നാല്‍ തെറ്റും ശരിയും എന്നത് വ്യക്തിപരമായ കാര്യമാണെന്നും പൃഥ്വി പറഞ്ഞു. 

നടന്‍ ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ ഒരുമിച്ചാണ്. തന്റെ സമ്മര്‍ദ്ദം മൂലമല്ല. ഇതുവരെ ദിലീപിനൊപ്പം അഭിനയിക്കാന്‍ എന്നെയാരും ക്ഷണിച്ചിട്ടില്ല, അതിനുള്ള സാഹചര്യം ഉണ്ടായാല്‍ അപ്പോള്‍ ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നും പൃഥ്വി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.