ഇനിയും കരയിക്കരുത് ഈ അമ്മ മനസ്സിനെ

Friday 29 June 2018 1:11 am IST
പുതിയങ്ങാടി പള്ളിക്കണ്ടിയില്‍ പടിഞ്ഞാറെ വട്ടക്കണ്ടി വീട്ടില്‍ കെ.പി. ജയജീഷിന്റെ ഭാര്യ സന്ധ്യയും മക്കളായ ഏഴു വയസ്സുകാരന്‍ നിരഞ്ജനും നാലു വയസ്സുകാരി നേഹയുമാണ് കോഴിക്കോട് വെള്ളയില്‍ മത്സ്യഫെഡ് ഓഫീസിനു മുന്നില്‍ ഇന്നലെ കുത്തിയിരിപ്പ് സമരം നടത്തിയത്.
" അമ്മ മനസ്സേ കരയാതെ..... അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള ഭര്‍ത്താവ് ജയജീഷിന് ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് കോഴിക്കോട് വെള്ളയില്‍ മത്സ്യഫെഡ് ഓഫീസിന് മുമ്പില്‍ കുത്തിയിരിപ്പ് നടത്തിയ സന്ധ്യയുടെ കണ്ണീര്‍ തുടയ്ക്കുന്ന മകള്‍ നേഹ. ചിത്രം: ആര്‍.ആര്‍. ജയറാം"

കോഴിക്കോട്: ചുവപ്പുനാടകള്‍ക്കിടയില്‍ ജീവിതം കുരുങ്ങി പോകുന്ന ചിലരുണ്ട്. പ്രതിസന്ധികള്‍ക്കിടയില്‍ തളരാതെ മുന്നോട്ടു പോകുമ്പോഴും അര്‍ഹതപ്പെട്ട ആനുകൂല്യം പോലും നിഷേധിക്കപ്പെട്ട് മറ്റു പോംവഴികളില്ലാതാവുമ്പോള്‍ അവര്‍ പ്രതിഷേധവുമായെത്തും. പറക്കമുറ്റാത്ത രണ്ടു മക്കളെയും ചേര്‍ത്തു പിടിച്ച് കരഞ്ഞു തളര്‍ന്ന കണ്ണുകളോടെ ഒരു അമ്മ ഇന്നലെ കോഴിക്കോട് വെള്ളയില്‍ മത്സ്യഫെഡ് ജില്ലാ ഓഫീസിന് മുമ്പില്‍ കുത്തിയിരുന്നു.   

പുതിയങ്ങാടി പള്ളിക്കണ്ടിയില്‍ പടിഞ്ഞാറെ വട്ടക്കണ്ടി വീട്ടില്‍ കെ.പി. ജയജീഷിന്റെ ഭാര്യ സന്ധ്യയും മക്കളായ ഏഴു വയസ്സുകാരന്‍ നിരഞ്ജനും നാലു വയസ്സുകാരി നേഹയുമാണ് കോഴിക്കോട് വെള്ളയില്‍ മത്സ്യഫെഡ് ഓഫീസിനു മുന്നില്‍ ഇന്നലെ കുത്തിയിരിപ്പ് സമരം നടത്തിയത്. അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായ ജയജീഷിന് ലഭിക്കേണ്ട ഇന്‍ഷ്വറന്‍സ് തുക മൂന്നര വര്‍ഷം കഴിഞ്ഞിട്ടും ലഭിക്കാതായതോടെയാണ് ഇവര്‍ ഇത്തരത്തില്‍ ഒരു പ്രതിഷേധത്തിനിറങ്ങിയത്. 

2014ന് ഡിസംബര്‍ 24നാണ് ജയജീഷ് സുഹൃത്തിന്റെ വീടുപണിക്കിടെ വീണ് കിടപ്പിലായത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലാണ്. നിരവധി അപേക്ഷകളും നിവേദനങ്ങളും നല്‍കിയിട്ടും ഇതുവരെ മത്സ്യഫെഡില്‍ നിന്നുള്ള ഇന്‍ഷ്വറന്‍സ് തുക ലഭിച്ചിട്ടില്ല. ഇതോടെയാണ് സന്ധ്യയും മക്കളും സമരവുമായെത്തിയത്. അപകടത്തില്‍പ്പെട്ട വിവരം അറിയിക്കാന്‍ വൈകി എന്ന കാരണം പറഞ്ഞാണ് തുക അനുവദിക്കാത്തത്. 

സമരത്തിന് പിന്തുണയുമായി ബിജെപി പ്രവര്‍ത്തകരും ഓഫീസിലെത്തി. മത്സ്യഫെഡ് ജില്ലാ മാനേജര്‍ സ്ഥലത്തില്ലാത്തതിനാല്‍  അസിസ്റ്റന്റ് മാനേജര്‍ ശ്രീവത്സനുമായി ചര്‍ച്ച നടത്തി. രണ്ടാഴ്ചയ്ക്കകം പ്രശ്‌നം പരിഹരിച്ച് കുടുംബത്തിന് ഇന്‍ഷ്വറന്‍സ് തുക ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് അസിസ്റ്റന്റ് മാനേജര്‍ ഇക്കാര്യം അറിയിച്ചത്. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എം. മറിയം ഹസീനയ്ക്കും കത്ത് നല്‍കി. നേരത്തെ ജില്ലാ കളക്ടര്‍ യു.വി. ജോസിന് പരാതി നല്‍കിയിരുന്നു. 

ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ജില്ലാ കളക്ടറുടെ കുറിപ്പോടുകൂടിയ കത്തും സന്ധ്യ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. കുടുംബാംഗങ്ങളായ ആനന്ദന്‍, രാധിക, റീജ, പ്രേമി എന്നിവരും ബിജെപി കോഴിക്കോട് നോര്‍ത്ത് മണ്ഡലം സെക്രട്ടറി ടി. മണി, ഏരിയാ സെക്രട്ടറി ഷിജു, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരും സന്ധ്യക്കൊപ്പം എത്തിയിരുന്നു. ജയജീഷിന്റെയും കുടുംബത്തിന്റെയും അവസ്ഥയെക്കുറിച്ച് ജന്മഭൂമി നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.