ന്യൂദല്‍ഹി: പായ് വഞ്ചിയില്‍ വീണ്ടും ലോകം ചുറ്റാന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമി ഒരുങ്ങുന്നു. ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ ഭാഗമായാണ് നാവിക സേനയിലെ ലെഫ്റ്റനന്റ് കമാന്‍ഡറും മലയാളിയുമായ അഭിലാഷ് ടോമി രണ്ടാമത്തെ സമുദ്രപര്യടനത്തിന് തിരിക്കുന്നത്. ജൂലൈ ഒന്നിന് അഭിലാഷിന്റെ യാത്രയ്ക്ക് തുടക്കമാവും.
30,000 മൈല്‍ ദൂരമാണ് റേസില്‍ പിന്നിടേണ്ടത്. ഞായറാഴ്ച ഫ്രാന്‍സിലെ സാബള്സ് ലോണിലാണ് പര്യടനത്തിന് തുടക്കമാവുന്നത്. പതിനെട്ടു പേരാണ് വ്യത്യസ്ത വഞ്ചികളില്‍ റേസില്‍ പങ്കെടുക്കുന്നത്. പ്രത്യേക ക്ഷണിതാവാണ് ടോമി.
തീരത്തടുപ്പിക്കാതെ 312 ദിവസം കൊണ്ട് ഒറ്റയ്ക്ക് ലോകം സഞ്ചരിച്ചതിന്റെ നേട്ടം ആദ്യമായി സ്വന്തമാക്കിയ സര് റോബിന് നോക്സ് ജോണ്‍സ്റ്റണിന്റെ യാത്രയുടെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് സംഘടിപ്പിക്കുന്നത്. സര് റോബിന് നോക്സ് ജോണ്‍സ്റ്റണ്‍ ഉപയോഗിച്ചപോലുള്ള ഉപകരണങ്ങളും ബോട്ടും മാത്രമേ യാത്രയ്ക്ക് ഉപയോഗിക്കാവൂ എന്നതാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഭൂപടം ഉപയോഗിച്ച് വേണം ദിശ നിര്‍ണ്ണയിക്കാന്‍. അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. പുറത്തുനിന്നുള്ള ഒരു സഹായവും യാത്രയ്ക്ക് ലഭ്യമാവില്ല.
311 ദിവസം കൊണ്ട് യാത്ര പൂര്‍ത്തിയാക്കാനാണ് കമാന്‍ഡര്‍ അഭിലാഷ് ടോമി ലക്ഷ്യമിടുന്നത്. നാവികസേനയും അക്വാരിസ് ഷിപ്പ്യാര്‍ഡുമാണ് ടോമിയുടെ യാത്രയ്ക്കു പിന്തുണ നല്‍കുന്നത്. കമാന്‍ഡര്‍ ദിലീപ് ദോന്ഡ ബേസ് മാനേജരായി യാത്രയ്ക്ക് മേല്‍നോട്ടം വഹിക്കും. https://www.facebook.com/abhilashtomysailing/എന്ന ഫേസ്ബുക്ക് പേജ് വഴി അഭിലാഷ് ടോമിയുടെ യാത്രയുടെ വിവരങ്ങളറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: