കുതിരാന്‍ തുരങ്കം പൂര്‍ത്തിയാവുന്നു; ഉടന്‍ സമര്‍പ്പിക്കും

Friday 29 June 2018 1:13 am IST
ദേശീയപാതാ അതോറിറ്റിയുടെ അംഗീകൃത നിര്‍മാണ കമ്പനിയായ കെഎംസിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രഗതി എഞ്ചിനീയറിങ്ങ് ആന്‍ഡ് റെയില്‍ കമ്പനിയാണ് മുഖ്യ കരാറുകാരായ കെഎംസിയില്‍ നിന്ന് തുരങ്കനിര്‍മാണം സബ് ഉപകരാറായി എടുത്തത്. 200 കോടി രൂപയാണ് തുരങ്കങ്ങളുടെ നിര്‍മാണച്ചെലവ്.
"കുതിരാനില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന തുരങ്കങ്ങള്‍"

: ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ റോഡ് തുരങ്ക പാതയായ കുതിരാന്‍ തുരങ്കങ്ങളിലെ ഇടത്തേ തുരങ്കത്തിന്റെ പണികള്‍ പൂര്‍ത്തിയാവുന്നു. അടുത്ത മാസം അവസാനത്തോടെ തുറന്നുകൊടുക്കാനാവുമെന്ന് അധികൃതര്‍. 

തൃശൂര്‍ - പാലക്കാട് റൂട്ടില്‍ മണ്ണുത്തി വഴുക്കപാറയ്ക്കടുത്ത് കുതിരാന്‍മല തുരന്നാണ് റോഡ് ഗതാഗതത്തിനായി തുരങ്കം ഒരുക്കുന്നത്. 3,156 അടി വീതം നീളമുള്ള രണ്ടു തുരങ്കങ്ങളാണ് പണിയുന്നത്. രണ്ടു തുരങ്കങ്ങളിലും കൂടി ആറു  വരി പാതകളാണ് ഉള്ളത്. ഇതില്‍ ഇടത്തേ തുരങ്കത്തിന്റെ പണികള്‍ 99 ശതമാനത്തിലധികം പൂര്‍ത്തിയായി. കൈവരികളും ഡ്രെയിനേജും പൂര്‍ത്തിയായി. ഇലക്ട്രിക്കല്‍ പണികളും ക്ലീനിങ്ങും മാത്രമാണ് ഇനി അവശേഷിക്കുന്നത്.

ദേശീയപാതാ അതോറിറ്റിയുടെ അംഗീകൃത നിര്‍മാണ കമ്പനിയായ കെഎംസിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രഗതി എഞ്ചിനീയറിങ്ങ് ആന്‍ഡ് റെയില്‍ കമ്പനിയാണ് മുഖ്യ കരാറുകാരായ കെഎംസിയില്‍ നിന്ന് തുരങ്കനിര്‍മാണം സബ് ഉപകരാറായി എടുത്തത്. 200 കോടി രൂപയാണ് തുരങ്കങ്ങളുടെ നിര്‍മാണച്ചെലവ്. 2015ല്‍ പദ്ധതി പ്രഖ്യാപനവും കരാര്‍ പൂര്‍ത്തീകരണവും നടന്നെങ്കിലും പ്രാദേശിക എതിര്‍പ്പുകളും, വനംവകുപ്പില്‍ നിന്നുള്ള അനുവാദത്തിന് നേരിട്ട കാലതാമസവും മൂലം  2016 ജൂണ്‍ മാസത്തിലാണ് പണികള്‍ ആരംഭിക്കാന്‍ സാധിച്ചത്. അടുത്ത മാസം പത്തിനുള്ളില്‍ പണി പൂര്‍ത്തീകരിച്ച തുരങ്കം കെഎംസിക്ക് കൈമാറാന്‍ കഴിയുമെന്ന് പ്രഗതി കമ്പനിയുടെ ഡയറക്ടര്‍ വിഷ്ണു, എഞ്ചിനീയര്‍ ശിവാനന്ദ് എന്നിവര്‍ പറഞ്ഞു. തുരങ്കങ്ങള്‍ക്കു വേണ്ടി ഒരു ഇലക്ട്രിക്കല്‍ സബ് സ്റ്റേഷന്‍ സ്ഥാപിക്കണം. ഇതിന്റെ പണികള്‍ കെഎംസിയുടെ ചുമതലയിലുള്ളതാണ്. ഇതും എളുപ്പത്തില്‍ തുടങ്ങാനാവുമെന്നാണ് വിശ്വാസം. 

തുരങ്ക പാതകള്‍ തുറക്കുന്നതോടെ കുതിരാനിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. കൊച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വെറും മൂന്നു മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാനാകും. വലത്തെ തുരങ്കത്തിന്റേയും അടിസ്ഥാന ജോലികള്‍ പൂര്‍ത്തീകരിച്ചു. രണ്ടു മാസത്തിനകം ഇതും കെഎംസിക്ക് കൈമാറാനാകുമെന്ന് പ്രഗതി ഭാരവാഹികള്‍ വിശ്വാസം പ്രകടിപ്പിച്ചു. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.