ഭൂമിയ്‌ക്കൊരു ചരമഗീതം

Friday 29 June 2018 1:14 am IST
2008 ല്‍ ഇടതുസര്‍ക്കാര്‍ തന്നെ തണ്ണീര്‍ത്തടങ്ങളുടെയും നെല്‍വയലിന്റെയും സംരക്ഷണത്തിനായി കൊണ്ടുവന്ന ബില്‍ 2018 അവര്‍ തന്നെ അട്ടിമറിച്ചു. അധികാരത്തില്‍ വന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നെല്‍വയല്‍ - നീര്‍ത്തട ഡേറ്റാബാങ്ക് തയ്യാറാക്കും എന്ന് പറഞ്ഞ എല്‍ഡിഎഫ് അതിന്റെ പ്രവര്‍ത്തനം പാതിവഴിയില്‍ ഉപേക്ഷിച്ചു. റവന്യൂ വകുപ്പും കൃഷിവകുപ്പും ഇതിന് യാതൊരു മുന്‍ഗണനയും നല്‍കുന്നുമില്ല

ഭൂമിയ്‌ക്കൊരു ചരമഗീതം രചിച്ചുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ നെല്‍-വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍ പാസ്സാക്കിയത്. ഈ ഭേദഗതി ദൂരവ്യാപകമായ പ്രത്യാഖ്യാതങ്ങള്‍ സൃഷ്ടിക്കും. നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നമ്മുടെ അമൂല്യസമ്പത്താണ്. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ അവയ്ക്കുള്ള പങ്ക് വലുതാണ്. ഭൂമിയുടെ ജലബാങ്കുകളാണവ.  

ബില്ലിന്റെ മറവില്‍ വന്‍തോതില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വീണ്ടും നമുക്ക് നഷ്ടമാകുമെന്നതിന് സംശയമില്ല. കഴിഞ്ഞ 7 വര്‍ഷം കൊണ്ട് കേരളത്തില്‍ ഏകദേശം 7 ലക്ഷം ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തിയതായാണ് കണക്ക്. 20 വര്‍ഷത്തിനിടെ നെല്‍പ്പാടങ്ങളുടെ വിസ്തൃതി എട്ട് ലക്ഷം ഹെക്ടറില്‍ നിന്നു 2 ലക്ഷം ഹെക്ടറായി ചുരുങ്ങി. ഒരു ഹെക്ടര്‍ നെല്‍പ്പാടത്തിന് 5 ലക്ഷം ലിറ്റര്‍ ജലസംരംക്ഷണ ശേഷി ഉണ്ടെന്നാണ് ഭൗമശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. അവശേഷിക്കുന്ന ഭൂവിസ്തൃതിയില്‍ 5% പോലും ബാക്കിയില്ലാത്ത നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ആര്‍ക്കും യഥേഷ്ടം നശിപ്പിക്കാനുള്ള മുന്നൊരുക്കമാണ് ഈ ബില്ലിലൂടെ നടപ്പിലാക്കുന്നത്. വരും കാലങ്ങളില്‍ ജനജീവിതത്തെ വന്‍ദുരന്തത്തിലാക്കുന്ന ഈ ബില്ലിനെതിരെ ഒരു ചാനല്‍ചര്‍ച്ചയും നടന്ന് കണ്ടില്ല. ദിലീപിന്റെ അമ്മ പ്രവേശനവും, നടിമാരുടെ രാജിയും, സഭാതലത്തിലെ  വാണിഭവും ആഘോഷ പൂര്‍വ്വം കൊണ്ടാടി ജനശ്രദ്ധ തിരിച്ച് സര്‍ക്കാരിന് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ് അവര്‍ ചെയ്തത് 

മാധ്യമങ്ങള്‍ മൗനം പാലിച്ച് സമ്മതം അറിയിച്ചു. കപട പരിസ്ഥിതി സ്‌നേഹികളും കവികളും കലാകാരന്മാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും നിശബ്ദരായി. പ്രതിപക്ഷം നഴ്‌സറി കുട്ടികളെപ്പോലെ കടലാസ്സ് കീറി കപ്പലുണ്ടാക്കി കളിച്ചു. കേരളജനതയുടെ വികാരങ്ങളെ മാനിക്കാതെയും എതിര്‍പ്പിനെ വകവെയ്ക്കാതെയും വരും തലമുറയുടെ സര്‍വ്വനാശത്തിന് അടിത്തറ പാകുന്ന മദ്യനയം കൊണ്ടുവന്നപ്പോഴും പ്രതിപക്ഷത്തിന്റെ നാടകം കേരളം കണ്ടതാണ്. ഇലക്ഷന് മുമ്പ് വന്‍ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് മദ്യമാഫിയകള്‍ക്ക് വേണ്ടി കരാര്‍ ഉറപ്പിച്ച മദ്യനയം ആദ്യം ഇവര്‍ പാസ്സാക്കി കൊടുത്തു. രണ്ടാമത് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് കേരളം തീറെഴുതി. 2008 ല്‍ ഇടതുസര്‍ക്കാര്‍ തന്നെ തണ്ണീര്‍ത്തടങ്ങളുടെയും നെല്‍വയലിന്റെയും സംരക്ഷണത്തിനായ് കൊണ്ടുവന്ന ബില്‍ 2018 അവര്‍ തന്നെ അട്ടിമറിച്ചു. അധികാരത്തില്‍ വന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നെല്‍വയല്‍ - നീര്‍ത്തട ഡേറ്റാബാങ്ക് തയ്യാറാക്കും എന്ന് പറഞ്ഞ എല്‍ഡിഎഫ് അതിന്റെ പ്രവര്‍ത്തനം പാതിവഴിയില്‍ ഉപേക്ഷിച്ചു. റവന്യൂ വകുപ്പും കൃഷിവകുപ്പും ഇതിന് യാതൊരു മുന്‍ഗണനയും നല്‍കുന്നുമില്ല. 

മുപ്പതോളം നിയമവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി 2008ല്‍ പാസ്സാക്കിയ ഈ ബില്ലിലെ കാതലായ ഭാഗങ്ങള്‍ എല്ലാംതന്നെ ഭേദഗതി ചെയ്തിട്ടുണ്ട്. ഇത് വന്‍കിട കയ്യേറ്റക്കാര്‍ക്ക് അനുകൂലമാകും. നെല്‍വയല്‍ നികത്തല്‍ തടയാനുള്ള പ്രാദേശിക സമിതിയുടെ അധികാരം എടുത്തു കളഞ്ഞു. അവസാനതീരുമാനം സംസ്ഥാന സമിതിക്ക് വിട്ടുകൊടുത്തത് അധികാരത്തില്‍ വരുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഗുണകരമാകും. തരിശിട്ട ഭൂമി ഉടമസ്ഥന്റെ അവകാശമില്ലാതെ കൈയ്യേറി കൃഷി ചെയ്യാമെന്നുള്ള വ്യവസ്ഥ പ്രാദേശിക അടിസ്ഥാനത്തില്‍ ഭൂമി പിടിച്ചെടുക്കലായി മാറാന്‍ സാധ്യതയുണ്ട്. പൊതു ആവശ്യങ്ങള്‍ക്ക് നിലം നികത്താന്‍ പാരിസ്ഥിതിക ആഘാതപഠനം നടത്തണമെന്ന 2008 ലെ തീരുമാനം അട്ടിമറിക്കപ്പെട്ടു. ആര്‍ക്കു വേണെമെങ്കിലും നിലവും കണ്ടവും നിയമ തടസ്സമില്ലാതെ ഇനിയും നികത്താം. ഈ നിയമത്തിന്റെ മറവില്‍, ബാക്കി നെല്‍വയലുകളും നീര്‍ത്തടങ്ങളും കൂടി നികത്തി കഴിയുമ്പോള്‍ അത് ഭൂമിക്കൊരു ചരമഗീതമായി തീരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.