വിദൂര വിദ്യാഭ്യാസ വിഭാഗം; യുജിസി യോഗം 5 ന്

Thursday 28 June 2018 9:21 pm IST

 

കണ്ണൂര്‍: എ ഗ്രേഡ് ഇല്ലാത്ത സര്‍വ്വകലാശാലകള്‍ക്ക് വിദൂര വിദ്യാഭ്യാസ വിഭാഗം കോഴസുകള്‍ നടത്താന്‍ യുജിസി അനുമതി ലഭിക്കാത്തതുമായി ബന്ധപ്പെട്ട് രാജ്യത്തെ സര്‍വ്വകലാശാല അധികൃതരുടെ യോഗം ജൂലൈ 5 ന് ഡല്‍ഹിയില്‍ യുജിസി വിളിച്ചു ചേര്‍ത്തിട്ടുളളതായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ബാലചന്ദ്രന്‍ കീഴോത്ത് പറഞ്ഞു. 

പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിരിക്കെ റെഗുലര്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കാത്ത ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ആശ്രയകേന്ദ്രമാണ് സര്‍വ്വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ വിഭാഗം. യുജിസിയുടെ നിഷ്‌കര്‍ഷയെ തുടര്‍ന്ന് വിദൂര വിദ്യാഭ്യാസ കോഴസുകള്‍ നടത്താന്‍ കേരളത്തിലെ ഒരു സര്‍വ്വകലാശാലയ്ക്കും കഴിയാത്ത സ്ഥിതിയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യുജിസി മുന്‍കയ്യെടുത്ത് യോഗം ചേരുന്നത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം നല്‍കും.

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ മാത്രം നാല്‍പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഒരു വര്‍ഷം പഠനം നടത്തുന്നത്. സര്‍വ്വകലാശാലയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സു കൂടിയാണ് വിദൂര വിദ്യാഭ്യാസ വിഭാഗം. ഇതില്ലാതായാല്‍ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനത്തെ പോലും ബാധിക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍തന്നെ ചൂണ്ടിക്കാട്ടുന്നു. വിദൂര വിദ്യാഭ്യാസ വിഭാഗം നിര്‍ത്താലാക്കാനുളള യുജിസി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഓപ്പണ്‍ സര്‍വ്വകലാശാല ആരംഭിക്കുന്നതിനുളള ചര്‍ച്ചകള്‍ നടക്കുന്നതിനിടേയാണ് യുജിസി ഇതുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാല അധികൃതരുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.