അന്തര്‍ ദേശീയ ചലച്ചിത്ര മേളയില്‍ നാല് അവാര്‍ഡുകളുമായി മലയാള ചിത്രം 'ഖരം'

Thursday 28 June 2018 9:22 pm IST

 

കണ്ണൂര്‍: ചിലിയിലെ റാന്‍കാഗ്വയില്‍ നടന്ന സൗത്ത് ഫിലിം ആന്‍ഡ് ആര്‍ട്‌സ് അക്കാഡമി ചലച്ചിത്ര മേളയില്‍ (എസ്എഫ്എഎഎഫ്) പങ്കെടുക്കാന്‍ അവസരം ലഭിച്ച മലയാള സിനിമ നാല് അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഡോ.പി.വി.ജോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഖരം' ആണ് ഈ അപൂര്‍വ്വനേട്ടം കൈവരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി സിനിമകള്‍ മത്സരത്തിനെത്തിയ മേളയില്‍ കഥാചിത്രവിഭാഗത്തിലാണ് 'ഖരം' ഒന്നാമതെത്തിയത്.മികച്ച തിരക്കഥ ഡോ. പി.വി.ജോസ്, മികച്ച ഛായാഗ്രഹണം ബി.രാജ്കുമാര്‍, മികച്ച ബാല നടന്‍ ശ്രീധില്‍ മാധവ് എന്നിവയ്ക്കുള്ള അവാര്‍ഡുകളും 'ഖരം' സ്വന്തമാക്കി. ഇത്തവണ എസ്എസ്എഎഎഫ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റ് വലില്‍ പുരസ്‌ക്കാരം ലഭിച്ച ഏക ഇന്ത്യന്‍ ചിത്രം കൂടിയാണിത്. 

കോമഡി, ത്രില്ലര്‍, ഡോക്യുമെന്ററി വിഭാഗങ്ങളിലെ മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌ക്കാരം കാനഡ, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കാണ് ലഭിച്ചത്. പൂയ ഇന്‍ദി സര്‍ക്കിള്‍ ഓഫ് ടൈം' എന്ന ജര്‍മ്മന്‍ ചിത്രം സംവിധാനം ചെയ്ത ഷഹ്ബാസ് നോഷിര്‍ ആണ് മികച്ച കഥാചിത്ര സംവിധായകന്‍.

1970 കളില്‍ കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹിക, രാഷ്ടീയ അടിയൊഴുക്കുകള്‍ അലക്കുകാരുടെ ജീവിത പശ്ചാത്തലത്തില്‍ ദാര്‍ശനിക വീക്ഷണത്തോടെ പ്രതിപാദിക്കുന്ന ചിത്രമാണ് 'ഖരം'. മാള്‍ട്ടയില്‍ നടക്കുന്ന റെഡ് കോര്‍ണര്‍ ഫിലിം ഫെസ്റ്റിവലിലേക്കും കൊല്‍ക്കത്തയിലെ ലേക്ക് വ്യൂ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും ഈ ചിത്രം ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും. കണ്ണൂര്‍ ചെമ്പേരിയിലെ പൂവേലില്‍ കുടുംബാംഗവും പരിയാരം മെഡിക്കല്‍ കോളേജില്‍ ഗൈനോക്കോളജി പ്രഫസറുമാണ് ഡോ.പി.വി.ജോസ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.