ശക്തമായ മഴ: ജില്ലയില്‍ പലസ്ഥലങ്ങളിലും വെള്ളം കയറി

Thursday 28 June 2018 9:24 pm IST

 

കണ്ണൂര്‍: രണ്ട് ദിവസമായി ജില്ലയില്‍ മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ശക്തമായ മഴയില്‍ പല സ്ഥലങ്ങളിലും മരങ്ങല്‍ കടപുഴകി വീണ് ഗതാഗത തടസ്സത്തിനും കൃഷിനാശത്തിനും കാരണമായി. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ അണ്ടര്‍ബ്രിഡ്ജ് റോഡില്‍ വെള്ളം കയറി ഇതുവഴിയുള്ള ഗതാഗതത്തിന് തടസ്സം നേരിട്ടു. 

കാട്ടാമ്പള്ളി റോഡില്‍ ആശാരിക്കമ്പനി ബസ് സ്റ്റോപ്പിനടുത്ത് മരം കടപുഴകിവീണ് മണിക്കുറുകളോളം ഗതാഗതം സ്തംഭിച്ചു. ഭാഗ്യത്തിനാണ് യാത്രക്കാരും മറ്റും രക്ഷപ്പെട്ടത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് 11 മണിയോടെയാണ് മരം മുറിച്ചുമാറ്റി ഗതാഗത തടസ്സം ഒഴിവാക്കിയത്. പള്ളിക്കുന്ന് മൂകാംബികാ ക്ഷേത്രത്തിനടുത്തുള്ള പരിസരങ്ങളിലും വെള്ളപ്പൊക്കമുണ്ടായി.

പടന്നപ്പാലം തോട് കരകവിഞ്ഞ് പരിസരത്തെ വീടുകളിലേക്ക് വെള്ളം കയറി. കണ്ണൂര്‍ ഡിഎംഒ ഓഫീന് മുമ്പില്‍ മരം കടപുഴകിവീണു. തലശ്ശേരി മേഖലയില്‍ ശക്തമായ മഴയില്‍ കുയ്യാലി ബസ്സ്റ്റാന്റ്, മഞ്ഞോടി, ഇല്ലത്ത്താഴ, കൊളശ്ശേരി, എരഞ്ഞോളി തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറി.കൊളശ്ശേരി വടക്കുമ്പാട് റോഡില്‍ വെള്ളം കയറിയതിനാല്‍ ഗതാഗത തടസ്സമുണ്ടായി. 

മലയോര മേഖലയിലും ശക്തമായ മഴയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കനത്തമഴയില്‍ കടമ്പൂര്‍ കുന്നത്ത് റോഡും വീടുകളും വെള്ളത്തിലായി. കടമ്പൂര്‍ പഞ്ചായത്തിലെ എടക്കാട് കുന്നത്ത് റോഡില്‍ വെള്ളംകയറിയതിനാല്‍ ഏതാനു വീടുകള്‍ ഭീഷണിയിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.