റോഡ് ചെളിക്കുളമായി; യാത്ര ദുഷ്‌കരം

Thursday 28 June 2018 9:26 pm IST

 

ചെങ്ങളായി: കനത്ത മഴയില്‍ റോഡ് ചെളിക്കുളമായതോടെ യാത്ര ദുഷ്‌കരമായി. ചെങ്ങളായി പെരിങ്കോന്ന് റോഡാണ് ചെളിക്കുളമായത്. ഇതുമൂലം പെരിങ്കോന്ന്-തവറൂല്‍ മേഖലയിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെയും യാത്രക്കാരുടെയും യാത്ര ദുഷ്‌കരമായി. 1.85 കോടി രൂപ ചെലവഴിച്ച് റോഡ് ഉയര്‍ത്തിയുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. മാസങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തി തുടങ്ങിയെങ്കിലും പണി ഇഴഞ്ഞുനീങ്ങിയതാണ് ജനങ്ങള്‍ക്ക് ദുരിതമായത്. മണ്ണ് നിരത്തിയ റോഡ് മഴവന്നതോടെ ചെളിനിറഞ്ഞിരിക്കുകയാണ്. 

റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ ഇതുവഴിയുള്ള വാഹനങ്ങള്‍ ചേരംകുന്ന് വഴി ചുറ്റിവളഞ്ഞാണ് പോകുന്നത്. ജില്ലാ പഞ്ചായത്ത് മൂന്ന് തവണകളായി 1.23 കോടിയും കെ.സി.ജോസഫ് എംഎല്‍എയുടെ ഫണ്ടില്‍നിന്ന് 40ലക്ഷം രൂപയും ചെങ്ങളായി പഞ്ചായത്തിന്റെ 23ലക്ഷവും ഉപയോഗിച്ചാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ചെങ്ങളായി ടൗണ്‍ മുതല്‍ 9 മീറ്റര്‍ വീതിയില്‍ റോഡ് ഉയര്‍ത്തി ടാറിംഗ് നടത്താനായിരുന്നു പദ്ധതി. ജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ച് 540 മീറ്റര്‍ ദൂരം മണ്ണ് നിരത്തിയിട്ടുണ്ട്. 

എംഎല്‍എ ഫണ്ട് പ്രവര്‍ത്തിക്കായി ടെണ്ടര്‍ നല്‍കിയെങ്കിലും നേരത്തെയുണ്ടായിരുന്ന 7 മീറ്ററിന് പകരം 9 മീറ്റര്‍ വീതിയാക്കിയത് കരാറുകാരന് അതൃപ്തിക്ക് കാരണമായിട്ടുണ്ട്. 9 മീറ്റര്‍ വീതിയില്‍ പ്രവര്‍ത്തി നടത്തിയാല്‍ കരാറുകാരന് കൂടുതല്‍ തുകയും നല്‍കേണ്ടിവരും. റോഡ് വികസനത്തിനായി വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കാന്‍ 2.20ലക്ഷം രൂപ ചെങ്ങളായിപഞ്ചായത്ത് നല്‍കിയിട്ടുണ്ട്. മുങ്ങം പാലം കഴിഞ്ഞുള്ള ഭാഗങ്ങളില്‍ മറ്റ് പണികള്‍ നടത്താതെ ടാറിംഗ് നടത്തിയിട്ടുണ്ട്. 

മഴമാറാതെ പണിപൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കരാറുകാര്‍. മണ്ണിട്ട ഭാഗത്തെ ടാറിംഗ് നടത്താനായി വീണ്ടും ഫണ്ട് നീക്കിവെക്കണമെന്നാണ് പുതിയ പ്രശ്‌നം. മഴക്കാലത്തിന് ശേഷം ഫണ്ട് അനുവദിച്ചാലേ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുകയുള്ളൂ. അതുവരെ ജനങ്ങള്‍ ദുരിതയാത്ര നടത്തേണ്ടിവരും. റോഡിലെ ചെളി ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.