നിരോധിത നോട്ടുകള്‍ മാറ്റിനല്‍കുന്ന സംഘം പിടിയില്‍

Thursday 28 June 2018 9:27 pm IST

 

തളിപ്പറമ്പ്: നിരോധിത നോട്ടുകള്‍ മാറ്റിനല്‍കുന്ന സംഘം തളിപ്പറമ്പില്‍ പിടിയിലായി. മലപ്പുറം സ്വദേശി ഇംത്യാസ് (28), എറണാകുളം പാലാരിവട്ടം സ്വദേശി പുത്തന്‍ വീട്ടില്‍ ഷിറാസ് (24), തൃശ്ശൂര്‍ പട്ടിക്കാട് ആറാംകല്ലില്‍ വലിയകണ്ടി ഹൗസില്‍ ഹമീദ് (65), തൃപ്രയാര്‍ പെരിങ്ങോട്ടുകര നൂഞ്ഞത്ത് പറമ്പില്‍ ഫൈസല്‍ (50), തൃശ്ശൂര്‍ വലപ്പാട്ട് പുതിയവീട്ടില്‍ മുഹമ്മദ് റഫീഖ് (46) എന്നിവരാണ് പിടിയിലായത്. നിരോധിത നോട്ടുകള്‍ മാറ്റിനല്‍കുന്ന സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തിലാണ് ഇവര്‍ പിടിയിലായത്. കാഞ്ഞങ്ങാട് നിന്നും അറുപത് കോടി രൂപയുടെ നിരോധിത നോട്ടുകള്‍ മാറ്റി നല്‍കി പുതിയ നോട്ടുകള്‍ നല്‍കുന്നതിനുവേണ്ടിയുള്ള ഇടപാടിനായി എത്തിയ സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായവര്‍.

പിടിയിലായ ഇംത്യാസ്, മുംതാസ് എന്ന യുവതി എന്നിവര്‍ നോട്ടുകള്‍ മാറ്റിനല്‍കുന്ന സംഘത്തിലെ പ്രമുഖരാണ്. മറ്റുരണ്ടുപേര്‍ ഇവരുടെ സഹായികളാണ്. നോട്ടുകള്‍ വാങ്ങിക്കാനെത്തിയവരാണ് ഷിറാസ്, ഹമീദ്, ഫൈസല്‍, മുഹമ്മദ് റഫീഖ് എന്നിവര്‍. അറുപത് കോടിക്ക് പകരം 35 ശതമാനം യഥാര്‍ത്ഥ നോട്ട് നല്‍കാമെന്നായിരുന്നു കരാര്‍. ഇതിനിടയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കയ്യാങ്കളിയാവുകയും ഇംത്യാസിനെയും മുംതാസിനെയും നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു.

തളിപ്പറമ്പ് കുറ്റിക്കോലില്‍ നിന്നാണ് പോലീസ് സംഘം ഇവരെ പിടികൂടിയത്. കണ്ണൂര്‍ തീരദേശ സിഐ സുഭാഷും സംഘവുമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കാഞ്ഞങ്ങാട് പോലീസിന് കൈമാറി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.