തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രോഗികളും ബസ് സ്റ്റാന്റില്‍ യാത്രക്കാരും അപകട ഭീതിയില്‍

Thursday 28 June 2018 9:28 pm IST

 

തലശ്ശേരി: ജനറല്‍ ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയാ വാര്‍ഡിനടിയിലൂടെ പോവുന്നവരും പുതിയ ബസ്സ് സ്റ്റാന്റ് പാസഞ്ചര്‍ ലോബിയിലിരിക്കുന്നവരും തലക്കവചം ധരിക്കേണ്ട ഗതികേടില്‍. രണ്ടിടങ്ങളിലുമുള്ള സീലിംഗ് ഇടക്കിടെ അടര്‍ന്ന് വീഴുന്നതും ഏത് നിമിഷവും വീഴാന്‍ പാകത്തില്‍ അടര്‍ന്ന് നില്‍ക്കുന്നതും അപകട സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജനറല്‍ ആശുപത്രിയില്‍ യൂറോ, ഗൈനക്കോളജി ഓപ്പറേഷന്‍ തീയ്യറ്ററിലേക്ക് കടക്കുന്ന റാമ്പിലേക്കുള്ള പ്രവേശന കവാടത്തില്‍ ഇതിലെ യാത്ര നിരോധിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പ് ബാനര്‍ കെട്ടിയിട്ട് ദിവസങ്ങളായി. പകരം ഏത് വഴി പോകണമെന്ന് ബാനറില്‍ രേഖപ്പെടുത്തിയിട്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ സീലിംഗ് പൊട്ടിവീണതിനെ തുടര്‍ന്നാണ് ബാനര്‍ കെട്ടിയുള്ള യാത്രാ നിരോധനം. സമാന സ്ഥിതിയാണ് രാപ്പകല്‍ ഭേദമില്ലാതെ യാത്രക്കാര്‍ വന്നും പോയും ബസ്സിന് കാത്തിരിന്നും സമയം നീക്കുന്ന പുതിയ ബസ്സ് സ്റ്റാന്റ് പാസഞ്ചര്‍ ലോബിയിലും കാണാനാവുന്നത്.

 പാസഞ്ചര്‍ ലോബി സ്ഥിതിചെയ്യുന്ന ഷോപ്പിങ്ങ് കോംപ്ലക്‌സ് കെട്ടിടത്തിന്റെ പൊട്ടിവീണ കോണ്‍ക്രീറ്റ് പാളികളില്‍ അറ്റകുറ്റപ്പണികള്‍ ഇനിയും തുടങ്ങിയിട്ടില്ല. കഴിഞ്ഞ ശനിയാഴ് ച രാത്രി ഒമ്പതരക്ക് പാസഞ്ചര്‍ ലോബിയുടെ മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് പാളികള്‍ പൊട്ടിവീണ് രണ്ട് വ്യാപാരികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് പൊട്ടിയ ഭാഗത്ത് കൂടി ആളുകള്‍ കടക്കുന്നത് മുള വേലികെട്ടി തടഞ്ഞിരിക്കുകയാണ്. പാസഞ്ചര്‍ ലോബിയിലുളള ബ്യൂട്ടി ഫാന്‍സി കടയുടെയും ജ്യൂസ് സെന്ററിന്റേയും മധ്യത്തിലുളള ഭാഗത്തെ സീലിങ്ങ് പാളികളാണ് പൊട്ടിവീണത്. രണ്ട് കടകളോടും ചേര്‍ത്താണ് മുള കൊണ്ട് വേലി കെട്ടിയിട്ടുള്ളത്. ഇതു കാരണം കടയിലെ വ്യാപാരവും തടസ്സപ്പെട്ടിരിക്കുകയാണ്. പാസഞ്ചര്‍ ലോബിയില്‍ ഫാന്‍സിക്കട നടത്തുന്ന കൂത്തുപറമ്പ് കോട്ടയത്തങ്ങാടിയിലെ സഫിയാസില്‍ സനീര്‍ (25), ഫുട്പാത്തില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന കോടിയേരി പാറാല്‍ കല്ലില്‍ത്താഴയിലെ പൊന്നാടത്ത് ഹൗസില്‍ സാദിഖ് (40) എന്നിവര്‍ക്കാണ് സീലിങ് അടര്‍ന്ന് വീണ് പരിക്കേറ്റിരുന്നത്. കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോകാനൊരുങ്ങു മ്പോഴാണ് ഇവരുടെ ദേഹത്ത് സീലിങ്ങ് പാളി പൊട്ടിവീണത്. തലക്കും പുറത്തും പരിക്കേറ്റ ഇരുവരും തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

നേരത്തെ ഒരു കോളേജ് വിദ്യാര്‍ഥിനിയുള്‍പ്പെടെ നിരവധി പേര്‍ക്ക് ഇതിനു മുമ്പും സീലിങ് അടര്‍ന്ന് വീണ് പരിക്കേറ്റിരുന്നു. കാലവര്‍ഷമായതിനാല്‍ ബസ് കാത്തുനില്‍ക്കുന്നവരും വ്യാപാരികളും ഇപ്പോള്‍ ഭീതിയിലാണ്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.