മലബാര്‍ മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനം നാളെ

Thursday 28 June 2018 9:28 pm IST

 

കണ്ണൂര്‍: ഉത്തരമലബാറിലെ നദികളുടെയും നദീ തീരങ്ങളിലെ സംസ്‌കാരങ്ങളുടെയും സാധ്യതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നടപ്പിലാക്കുന്ന മലബാര്‍ മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനം നാളെ രാവിലെ 9.30-ന് പറശ്ശിനിക്കടവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ.ശൈലജ, പി.കെ.ശ്രീമതി എംപി തുടങ്ങിയവര്‍ സംബന്ധിക്കും.

നദികള്‍, തീരപ്രദേശങ്ങള്‍, കലാരൂപങ്ങള്‍ തുടങ്ങിയ മലബാറിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി തയ്യാറാക്കിയതാണ് മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി എന്നീ നദികളും കാസര്‍കോഡ് ജില്ലയിലെ തേജസ്വിനി, ചന്ദ്രഗിരി നദികളും വലിയപറമ്പ കായലും ഇവയുടെ തീരപ്രദേശങ്ങളും ആണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടു ജില്ലകളിലുമായി 17 ബോട്ട് ടെര്‍മിനലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 53.07 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും ഈ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ മൂന്ന് ക്രൂയിസുകളുടെ നടത്തിപ്പിനായി സ്വദേശി ദര്‍ശന്‍ സ്‌കീമിലുള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ 83.34 കോടിയുടെ അംഗീകാരം നല്‍കിയിട്ടുണ്ട്. മുത്തപ്പന്‍ മലബാറി ക്യൂസീന്‍ ക്രൂയിസ് (വളപട്ടണം നദിയില്‍ ആരംഭിച്ച് പറശിനിക്കടവിലൂടെ മലപ്പട്ടം മുനമ്പ് വരെ), തെയ്യം ക്രൂയിസ് (വളപട്ടണത്ത് തുടങ്ങി തെക്കുമ്പാട് വഴി പഴയങ്ങാടി വരെ), കണ്ടല്‍ ക്രൂയിസ് (പഴയങ്ങാടി മുതല്‍ കുപ്പം വരെ) എന്നിവയാണ് അംഗീകാരം ലഭിച്ച ക്രൂയിസുകള്‍.

അതോടൊപ്പം പദ്ധതിയെക്കുറിച്ചും ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ചും തദ്ദേശീയര്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനും കുടുംബശ്രീ-പുരുഷ സ്വയംസഹായ സംഘങ്ങള്‍, വ്യവസായ ഗ്രൂപ്പുകള്‍, കര്‍ഷകര്‍, സഹകരണ സംഘം തുടങ്ങിയവര്‍ക്ക് പദ്ധതിയുടെ ഭാഗമാവാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി പദ്ധതി പ്രദേശങ്ങളില്‍ സെമിനാറുകള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.