സോളാര്‍ സിഗ്നല്‍ ലൈറ്റിന് പുറമെ തെരുവു വിളക്കുകളും സ്ഥാപിച്ചു തുടങ്ങി

Thursday 28 June 2018 9:29 pm IST

 

ചാവശ്ശേരി: തലശ്ശേരി വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി പുനരുദ്ധാരണം പൂര്‍ത്തീകരിച്ച ഇരിട്ടി-മട്ടന്നൂര്‍ റോഡില്‍ സോളാര്‍ സിഗ്നല്‍ ലൈറ്റുകള്‍ക്കുപുറമെ തെരുവുവിളക്കുകളും സ്ഥാപിച്ചു തുടങ്ങി. കെഎസ്ടിപിയുടെ നേതൃത്വത്തിലാണ് തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നത്.

കളറോട് മുതല്‍ വളവുപാറ വരെ 25 കിലോമീറ്റര്‍ ദൂരത്തില്‍ നൂറിലേറെ സോളാര്‍ വിളക്കുകളാണ് കെഎസ്ടിപി സ്ഥാപിക്കുന്നത്. ഈ പാതയിലെ ടൗണുകളിലും ബസ് സ്റ്റോപ്പുകളിലുമാണ് കൂറ്റന്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുന്നത്. രണ്ട് ബാറ്ററികളോടെ സ്ഥാപിക്കുന്ന തെരുവു വിളക്കുകള്‍ ചാവശ്ശേരി വളോറ, ഉളിയില്‍, പുന്നാട്, ഇരിട്ടി, മാടത്തില്‍, ആനപ്പന്തിക്കവല തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുക.

തെരുവു വിളക്കിന് പുറമെ സോളാര്‍ സിഗ്നല്‍ ലൈറ്റുകളും അന്തര്‍സംസ്ഥാന പാതയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ചിലത് മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. കെഎസ്ഇബി തെരുവു വിളക്കുകള്‍ ഭൂരിഭാഗവും കേടായതിനെ തുടര്‍ന്നാണ് കെഎസ്ടിപി കോടികള്‍ ചെലവഴിച്ച് സോളാര്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നത്. റോഡിന്റെ പണി 80ശതമാനത്തോളം പൂര്‍ത്തീകരിച്ചതോടെ വാഹനങ്ങളുടെ അമിതവേഗത അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പുന്നാട്, ഉളിയില്‍, ചാവശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വേഗത നിയന്ത്രിക്കാന്‍ അടിയന്തിര സംവിധാനങ്ങളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.